“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.
അവിടേക്ക് അടുക്കും തോറും പിന്നിലെ ലോകവും ഇല്ലാതാകുന്നു.
കടല്‍ മണ്ണിനു മുകളില്‍ ഒരു കവിത പിറക്കുകയാണ്..
എനിക്ക് പേറ്റുനോവ് വരുന്നു ദത്താ..
ഉടലില്‍ മണ്ണു പറ്റുന്നതല്ല..
ഞാന്‍ മണ്ണിലേക്ക് അലിയുന്നതാണ്..
തീവൃമായ് എന്തെങ്കിലും സംഭവിക്കട്ടെ ദത്താ.
അടുത്തൊരു ശ്മശാനമുള്ളത് നീയറിയുന്നുണ്ടോ..?
ഞാന്‍ അവിടുന്ന് നിലവിളികള്‍ കേള്‍ക്കുന്നുണ്ട്.
നീയെന്‍റെ മനസ്സ് പഠിക്കു ദത്താ..
അതാ അതിര്‍ത്തിയില്‍ ആകാശം ഇല്ലാതാകുന്നു.
പണി തീരും മുന്‍പേ അത് അടര്‍ന്നു പോകുന്നു.
വൈകുന്നു.
മിച്ചമിത്തിരി ശ്വാസം മാത്രം തരു.
ജീവനറ്റു പോകാതിരിക്കാന്‍ മാത്രം..’’

1
തിമിത്തിയെപ്പറ്റി ഞാനറിയുന്നത് അലീന വഴിയാണ്.കെട്ടണഞ്ഞുപോയ ഒരു സങ്കല്‍പ്പ ലോകം അയാള്‍ക്കുണ്ട്.അഴിഞ്ഞു പൊയ ഒരു ഭൂതകാലത്തിന്‍റെ ചവര്‍പ്പ്.
നേരമിരുട്ടിയാണ് ഞങ്ങള്‍ തിമിത്തിയെ കണ്ടത്.വാചാലനായ ഒരാള്‍.
ഒരു നൂറ്റാണ്ടു മുന്‍പ് തിമിത്തിയുടെ പൂര്‍വ്വികര്‍ ഇവിടെ മന്ത്രം ചെയ്തിരുന്നു.തിമിത്തിക്കും അവയൊക്കെ വശമുണ്ടെന്ന് അലീന പറഞ്ഞു.
വിവിധയിനം ചാവുകളെ അവയുടെ വിപരീതങ്ങളെ ഒക്കെ കണ്ടെത്താന്‍ തിമിത്തിക്ക് കഴിയുമത്രേ.
പക്ഷെ അലീനയില്‍ ഇനിയത്തരം പൊടിക്കൈകള്‍ക്ക് സാധ്യതയില്ല.
പക്ഷെ ഞാനോര്‍ക്കുന്നത് മറ്റൊന്നാണ്.അലീന എങ്ങനെ ഇത്തരം സൗഹൃദങ്ങള്‍ സമ്പാദിച്ചു.ഒരു വേലിപ്പടര്‍പ്പു പോലെ അവളുടെ ബന്ധങ്ങള്‍ വളരുന്നു.
“നമ്മള്‍ പ്രണയം പറഞ്ഞത് എന്നാണെന്ന് ഓര്‍ക്കുന്നോ ദത്താ..?’’
അവള്‍ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
ഞാനാ ഇരവിനെക്കുറിച്ചും പകലിനെക്കുറിച്ചും സൂക്ഷ്മമായി പറഞ്ഞു.അന്നു കണ്ട മനുഷ്യരെക്കുറിച്ച്, കേട്ട വാര്‍ത്തകളെക്കുറിച്ച്,മൂളിയ പാട്ടുകളെക്കുറിച്ച്.
“പക്ഷെ തിമിത്തി പറയുന്നത് അതൊരു കെട്ടനേരമായിരുന്നു എന്നാണ്.ചുരുട്ടിന്‍റെ പുക പോലെ അത് അന്തരീക്ഷത്തില്‍ വിഷം വമിപ്പിച്ചു.പക്ഷെ തീവ്രാനുരാഗമല്ലേ ദത്താ..
നമ്മുടെ ചിരി കെട്ടു പോകുമെന്ന് തിമോത്തി പറയുന്നു…’’
അലീനയുടെ സംഭാഷണങ്ങള്‍ക്ക് ഇടര്‍ച്ചകളൊന്നുമില്ലായിരുന്നു..
“ഹേതുവായ വിഷമത്തെ കണ്ടെത്തു ദത്താ..ഞാനും നിന്നെപ്പോലെ ഭ്രാന്തുള്ള ആളാവുകയാണ്..കാലം നമ്മോട് ക്ഷമിക്കട്ടെ ദത്താ..നിനക്ക് എന്നോട് അമര്‍ഷം തോന്നാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ…’’
അവള്‍ പറഞ്ഞവസാനിപ്പിച്ച് എന്‍റെ തോളിലേക്ക് ചാഞ്ഞു..
അലീനയെ ഞാന്‍ കാണുന്നത് അഞ്ച് കൊല്ലങ്ങള്‍ക്കു മുമ്പേയാണ്.മനോരോഗികളുടെ ദീനതയില്‍ കുടുങ്ങിയ ഒരു മോശം ദിവസം.മഴ കനത്ത വൈകുന്നേരത്ത് കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ അലീന.
അത്യാഹിത വിഭാഗത്തിന്‍റെ ഭാഗം അവര്‍ നന്നായി കൈകാര്യം ചെയ്തു.
പിന്നീട് എന്‍റെ ഊഴമായിരുന്നു..
ഒരു മനോരോഗിയുടെ ആത്മഹത്യാ വാഞ്ജനയെ വഴിമാറ്റുക എന്നാല്‍ ഒരു പുഴ വഴിമാറ്റി ഒഴുക്കുന്ന ജോലിയാണ്.ശ്രമകരവും ക്ഷമ ആവശ്യവുമാണ്.
ഞാന്‍ അന്നു മടുത്തിരുന്നു.
അലീനയ്ക്ക് മരിക്കാന്‍ കാരണങ്ങളൊന്നുമില്ലായിരുന്നു.മരിക്കുക.അത്രമാത്രം.
അവളുടെ ചിരി എന്നെ മോഹിപ്പിച്ചു.
ഇതുവരെ ഒരു പുരുഷനാലും അവള്‍ ചുംബിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞു.
മരണം വരെ അവള്‍ അറിഞ്ഞ ഏക പുരുഷന്‍ ഞാനാണ്.അത് എന്നോടെന്തോ പ്രത്യേകമായ മമത ഉള്ളതുകൊണ്ടു മാത്രമാണ്.
പ്രശ്നം ഗുരുതരമാണെന്ന് തിമിത്തി എന്നോട് പറയുന്നു.ശാപം വീണിരിക്കുന്നു.ഇന്നോ ഇന്നലെയോ അല്ല.പതിറ്റാണ്ടുകള്‍ക്കു മുമ്പ്..
“ചത്ത് കണ്ണ് മേല്‍പ്പോട്ടു പോകും..ശ്വാസം നിലച്ച് കണ്ണു തള്ളും..നിന്‍റെ കിതപ്പിന്‍റെ മൂര്‍ച്ഛയില്‍ ചോര നിന്നെ പൊതിയും..ദാ ഇത്രയടുത്ത് നീ മരണം കാണും..ആ ദേഹം നിന്നെ തിന്നും..’’
തിമിത്തി പ്രസ്താവിച്ചു.
ഞങ്ങള്‍ തിരിച്ചു നടന്നു.
തിമിത്തി ഒരു സ്വവര്‍ഗ്ഗ ഭോഗിയാണ്.അയാള്‍ പുരുഷ ലിംഗത്തില്‍ രതിമൂര്‍ച്ഛ കണ്ടെത്തുന്നു..
“സമയം അടുക്കുന്നതായി തോന്നുന്നു ദത്താ..നീയൊരു കാട്ടാറുപോലെ കലുഷമാകുന്നത് ഞാനറിയുന്നു…’’
അലീന തിരിഞ്ഞു നോക്കാതെ നടന്നു..
2
ആര്‍ട്ട് ഗ്യാലറിയില്‍ നവനീതും മേഘവും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.മേഘത്തിന്‍റെ ചിത്ര പ്രദര്‍ശനം അവസാന ദിവസത്തേക്ക് കടന്നു.ചിത്രങ്ങള്‍ മെച്ചപ്പെട്ട വിലക്ക് തന്നെ പോയി.എനിക്കു തരാനായി മേഘം ഒരു ചിത്രം മാറ്റിവെച്ചിരുന്നു..ചിത്ര പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനം മുതല്‍ sold എന്ന ടാഗിനു താഴെ അത് തൂങ്ങിക്കിടന്നു.
അത് മഞ്ഞയുടേയും കടുംപച്ചയുടേയും ഒരു സംയോഗമായിരുന്നു.
കെട്ടിപ്പിണഞ്ഞ എന്‍റെ ദിനചര്യകള്‍ പോലെ അവ തോന്നിപ്പിച്ചു.
മഞ്ഞയുടെ സൂക്ഷം ആറ് വരകള്‍.പച്ച ക്രമമില്ലാതെ പറ്റിപ്പടര്‍ന്നിരിക്കുന്നു.
“ചെകുത്താന്‍റെ സ്വപ്നം.’’
അലീന ആത്മഗതം പറഞ്ഞു..
Devils dream എന്നാണ് മേഘം അതിനു പേരിട്ടിരുന്നത്.
നവനീതിന്‍റെ ഭാര്യയാകുന്നതിനു മുന്നേ മേഘം എന്‍റെ കാമുകി ആയിരുന്നു..ഒരു ഹ്രസ്വ കാലത്തേക്ക് മാത്രം.മേഘത്തിന്‍റെ കാഴ്ചപ്പാടില്‍ ചെകുത്താന്‍ മരണത്തിന്‍റെ ദൂതനാണ്.മരണം പോലെ അവള്‍ ഭയക്കുന്ന മറ്റൊന്നില്ല.ചെകുത്താന്‍ മരണമായതുകൊണ്ടു തന്നെ അതിന്‍റെ കാമനകളും മരണത്താല്‍ ചുറ്റപ്പെടും.ഏറ്റവും പ്രിയങ്കരമായ ഒന്നിന്‍റെ മരണം പോലെ ചെകുത്താനെ ആനന്ദിപ്പിക്കുന്ന മറ്റെന്തുണ്ടാവും.
ഞാന്‍ ആ ചിത്രത്തിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു.പച്ചയില്‍ ഒരു ചുവപ്പ് തെളിയുന്നതായി ഞാന്‍ കണ്ടു.അത് എനിക്കു മാത്രം കാണാന്‍ കഴിയുന്ന ഒന്നായ് മേഘം ക്രമീകരിച്ചതാകണം..
“നിന്‍റെ നഗ്നമായ മുലകളിലേക്ക് എനിക്ക് തളര്‍ന്നു വീഴണം..ആപ്പോള്‍ എന്നില്‍ ശ്വാസം അവശേഷിക്കാത്ത വിധത്തില്‍ നീ എന്നെ ഇറുകി പുണരണം..എന്‍റെ ഉള്ളിലേക്ക് നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധം മാത്രം.’’
ഞാന്‍ അലീനയുടെ ചെവിയില്‍ പറഞ്ഞു.
ചിത്രം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ മഴ കനത്തിരുന്നു.
വെള്ളത്തുള്ളികള്‍ വീണ് ആ ചിത്രത്തിലെ ആറ് മഞ്ഞ രേഖകള്‍ വികൃതമായി.
3
ആണി കഴുത്തിലേക്ക് ആഴ്ന്നപ്പോള്‍ അവള്‍ ഒന്ന് പിടഞ്ഞു.ഞാന്‍ മെല്ലെ വായ പൊത്തിപ്പിടിച്ചു.തുരുമ്പിച്ച ആണിയുടെ ക്രൂര മുനയാല്‍ നീറുമ്പോഴും അവളുടെ ഇടുപ്പ് പൊങ്ങിത്താന്നുകൊണ്ടേയിരുന്നു.
ഒരു നിമിഷത്തേക്ക് ആ ആണി അവിടെ തന്നെ വെച്ചു.പിന്നീട് ഞാനത് വലിച്ചൂരി.അവള്‍ ചിരിച്ചു.
ക്രൂരമായ ചിരി.
കാമം ഞങ്ങളെ മനുഷ്യരല്ലാതാക്കി.പ്രേമം ഞങ്ങളെ വെറും മനുഷ്യരുമാക്കി.
കഴുത്തിലെ മുറിവില്‍ നിന്ന് ചോര ചീറ്റി.അത് ഞങ്ങളുടെ വെള്ളക്കമ്പിളിയെ പൊതിയുന്നു.അവളുടെ വെളുത്ത ശരീരം ചുവപ്പായ് പരിണമിക്കുന്നു.
“അന്ന് കൈ മുറിച്ചപ്പോള്‍ ഞാന്‍ എത്ര ചോര കണ്ടു ദത്താ…ഞാന്‍ നിന്‍റെ രോഗിയല്ലേ…
പക്ഷേ ഞാന്‍ വെറും രോഗിയാണോ ദത്താ..ആ രോഗിയുടെ എവിടെല്ലാം നീ തൊട്ടു..
നീ എത്ര ഭാഗ്യവാനാണ്..എന്നെ ഇത്രയധികം നീ എന്തിനാണ് ആനന്ദിപ്പിക്കുന്നത്..
കടും ചുവപ്പാണ് ദത്താ എല്ലാം നീ കാണുന്നുണ്ടോ..?
എനിക്ക് വേദനയില്ലെന്ന് മാത്രം നീ വിചാരിക്കരുതേ….’’
അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു.അവള്‍ രതിയുടെ വേഗം കൂട്ടി.എനിക്ക് വേദനിച്ചു തുടങ്ങി.
അലീനയ്ക്ക് ഒരു പോപ് ഗായികയുടെ സ്വരം വരുന്നു.
പതിഞ്ഞ താളത്തില്‍ അവള്‍ devils dream എന്ന് കാതില്‍ പാടിക്കൊണ്ടിരുന്നു.ക്രമേണ അതിന്‍റെ വേഗം കുറഞ്ഞു..താളം നിലച്ചു..
ഞാനവളെ മലര്‍ത്തിക്കിടത്തി.വിയര്‍ത്തു കുളിച്ച അവളുടെ മുലകളിലേക്ക് മുഖമാഴ്ത്തി.അവള്‍ എന്നെ ചേര്‍ത്തിറുക്കി.പക്ഷെ ക്രമേണ ശേഷി കുറയുന്നത് ഞാന്‍ അറിഞ്ഞു.എന്നെ കൊല്ലാന്‍ മാത്രമുള്ള ശക്തി ആ കൈകള്‍ക്ക് അവശേഷിക്കുന്നില്ലായിരുന്നു.
അതാ അലീന മരിക്കുന്നു.അവളുടെ പ്രിയപ്പെട്ട ഡോക്ടറുടെ ഒപ്പം കിടന്ന്.അവളെ ഭ്രമിപ്പിച്ച കാമുകന്‍റെ ചൂടിനോട് ചേര്‍ന്ന്.
4
തിമിത്തി എന്നെ വന്നു കണ്ടു.അലീന എവിടെയെന്നു തിരക്കി.ഞാന്‍ മേഘം വരച്ച ചിത്രം കാണിച്ചു കൊടുത്തു.ഇനി തമ്മില്‍ കാണേണ്ടതില്ലെന്ന് പറഞ്ഞ് തിമിത്തി എനിക്ക് കൈ തന്നു.അയാളുടെ കൈ തണുത്തു.അലീനയുടെ തണുപ്പ്.എനിക്ക് ചിരി വന്നു..
5
പുറം കാഴ്ച
അലീനയ്ക്ക് അടങ്ങാത്ത മരണാസക്തി ഉണ്ടായിരുന്നു.അവിടെയാണ് ദത്തന്‍ പ്രത്യക്ഷപ്പെട്ടത്.അലീന ജീവിത കാലത്ത് കറുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ചു.ദത്തനാകട്ടെ വര്‍ണ്ണങ്ങളോടു കൂടിയ വസ്ത്രം ധരിച്ചു..
ഒറ്റപ്പെട്ട ഒരു ദ്വീപു പോലെ അലീനയുടെ കഴുത്തിലെ മറുക് അവിടെ നിന്നു.
അതില്‍ ആണിയിറക്കുക എന്നത് ദത്തന്‍റെ നിയോഗമായിരുന്നു.
അയാള്‍ എല്ലാത്തിനുമൊടുവില്‍ തിരിഞ്ഞു നടന്നു..
6
രാത്രി
മദ്യത്തിന്‍റെ കെട്ടില്‍ ദത്തനുറങ്ങി.
ആകാശത്തില്‍ നിന്ന് ഒരു മറവി അയാളിലേക്ക് ഇറങ്ങി വന്നു.അതിന് അയാള്‍ തിമിത്തിയുടെ മുഖം നല്‍കി.
“അലീനയ്ക്ക് നീ മാത്രമേയുള്ളു ദത്താ..നീ ഉറങ്ങാതിരിക്കു…’’തിമിത്തി പറഞ്ഞു.
പൊടുന്നനെ മുറിയില്‍ മേഘത്തിന്‍റെ മണം പരക്കാന്‍ തുടങ്ങി.
ചെകുത്താന്‍റെ സ്വപ്നത്തിലെ മഞ്ഞ നിറം ബലമില്ലാത്ത ഒരു തരം നീലയായി പരിണമിച്ചു.
നവനീതിന്‍റെ കിടപ്പറയിലായിരുന്ന മേഘം അവനില്‍ ദത്തനെ കണ്ടു.അവള്‍ ഒരു സീല്‍ക്കാരത്തോടെ അവനെ ചുംബിച്ചു.
മേഘം ആ ചിത്രത്തിനെക്കുറിച്ചു മറന്നു.
തിമിത്തി മറവിയുടെ തൊപ്പി വെച്ച് തിരിച്ചു പോയി.ചെകുത്താന്‍റെ സ്വപ്നം പൂര്‍ണ്ണമായും നീല നിറമായി മാറി.
“അലീന…’’
ദത്തന്‍ നിലവിളിച്ചു…
അലീന അടുത്ത് വന്ന് അവനെ മടിയില്‍ കിടത്തി.കഴുത്തില്‍ വലിയ ഒരു ദ്വാരം പ്രത്യക്ഷപ്പെട്ടു.
“നീ എല്ലാം മറക്കുന്നു ദത്താ…’’
അവള്‍ ചിരിച്ചു.
ദത്തന്‍ കണ്ണു തുറന്നപ്പോള്‍ പുലര്‍ച്ചയാണ്..
ദത്തന്‍റെ ഏഴ് കൊല്ലം മുമ്പുള്ള ഡയറി അവിടെ തുറന്നിരിക്കുന്നു.
അതില്‍ അലീനയുടെ വടിവൊത്ത കൈപ്പട..
“ശാപമാണ് ദത്താ…
ചത്ത് കണ്ണ് മേല്‍പ്പോട്ടു പോകും..ശ്വാസം നിലച്ച് കണ്ണു തള്ളും..നിന്‍റെ കിതപ്പിന്‍റെ മൂര്‍ച്ഛയില്‍ ചോര നിന്നെ പൊതിയും..ദാ ഇത്രയടുത്ത് നീ മരണം കാണും..ആ ദേഹം നിന്നെ തിന്നും…’’
ദത്തന്‍ പിന്നിലേക്ക് നോക്കി.മേഘത്തിന്‍റെ ചിത്രം പഴയ പടി തന്നെ ചുവരില്‍ തൂങ്ങിക്കിടക്കുന്നു..

