ഫ്ലോറന്റീനോ അരിസയുടെ ചിത്രം
എന്റെ മുറിയില്‍ തൂക്കിയ ദിവസം
എനിക്കോര്‍മ്മയുണ്ട്.
ഗാബോയുടെ അരിസ
അങ്ങനെയല്ലായിരുന്നു..
ഇരുണ്ട നിറത്തില്‍
അല്പം വയറുന്തി
നിരതെറ്റിയ ചിരിയുമായ് അരിസ.
ഭാവന പുകയാണെന്ന്
ഒരുത്തിയെന്നോട് പറഞ്ഞിട്ടുണ്ട്..
അരിസയുടെ കണ്ണിനു ചുറ്റും
ആ പുകയുണ്ടായിരുന്നു.
അരിസയെ ഇഷ്ടപ്പെടാതിരിക്കാന്‍
നൂറ് കാരണങ്ങളുണ്ട്..
അയാള്‍ ഒന്നില്‍ മാത്രം വിശ്വസിച്ചു.
അയാള്‍ക്ക് തന്റേടം തീരെയില്ല..
ഇടയ്ക്കയാളെ മഞ്ഞ് മണക്കും.
അരിസയുടെ ചിത്രം മങ്ങിത്തുടങ്ങിയ
ദിവസം എനിക്കോര്‍മ്മയുണ്ട്.
ഒരു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്.
എന്റെ എഴുത്തുകാരന് മരിച്ചു..
അയാള്‍ക്ക് വിഷം തീണ്ടി നീലിച്ചെന്ന് പറഞ്ഞു.
ഞാന്‍ അരിസയുടെ
കണ്ണുകളിലേക്ക് നോക്കും..
അയാളില്‍ ഒരാണ് ജീവിതം
ഒടിഞ്ഞു കിടക്കുന്നതു കാണാം.
കാമനകള്‍ വിഴുങ്ങിയ
ചതുപ്പില്‍ താന്ന ഒരാള്‍.
അയാള്‍ സ്ത്രീകളെ എണ്ണി..
കാലത്തെയും വര്ഷത്തെയുമെണ്ണി..
അരിസ നിങ്ങളെന്നോട് ക്ഷമിക്കു..
എനിക്ക് അര നൂറ്റാണ്ട് ശേഷിക്കുന്നില്ല..
ചൂട് വിട്ടകന്ന് പൊടിഞ്ഞു പോകുന്നത്
ഒരു ദുസ്വപ്നം പോലെ കാണുന്നുണ്ട്..
ചിത്രത്തിലെ അരിസയുടെ രോമങ്ങള്‍
കൊഴിഞ്ഞു തുടങ്ങിയ ദിവസം എനിക്കോര്‍മ്മയുണ്ട്..
ഒരു കെട്ട വ്യാഴാഴ്ച.
അവള് ചുവന്ന നിറമുള്ള
തുരുത്തിലാണെന്ന് കമ്പി വന്നു..
അത് കൊണ്ടുവന്ന മനുഷ്യനെ
ഞാന്‍ നോക്കി..
ഇല്ല അയാളെ എനിക്കറിയില്ല..
ഞായറാഴ്ചയാകാന്‍ കാക്കാതെ ഞാന്‍
അരിസയെ കീറിക്കളഞ്ഞു..
ഒരു വേശ്യയുടെ ചൂടില്‍ തീരാന്‍ ഞാന്‍ കൊതിച്ചു..
അരിസയുടെ കണ്ണുകള്‍ പുക കൊണ്ട് മൂടി..
ഒടുവിലൊരു ശ്വാസമെഴുതാന് കവി പാടുപെട്ടു..
ഗാബോ തെരുവിന്റെ തണുപ്പില്‍ വീട് വിക്കാന്‍ അലഞ്ഞു..
ഇനിയില്ല..
നീ മടങ്ങിപ്പോകണമെന്ന് വീണ്ടുമൊരു കമ്പി വന്നു..
അത് തന്നയാളെ എനിക്കറിയാം.
ആ ഇരുണ്ട നിറവും ഉന്തിയ വയറും പുകയും..
മേല്വിലാസക്കാരന് മരിച്ചു എന്ന് ഞാന്‍ എഴുതിക്കൊടുത്തു..
അയാളുടെ ചിരി മങ്ങി..
ഞാന്‍ ചിരിച്ചു..
അയാളെന്നെ ഒരു കാപ്പിക്ക് ക്ഷണിച്ചു..
ഇനിയില്ല..എന്ന് പറയാനോങ്ങി ഞാന്‍ മരിച്ചു..

