ഒരു കവിത എഴുതണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്.
കവിത വഴങ്ങില്ലെന്നൊരു കള്ളം എനിക്കു പറയേണ്ടി വന്നു.
നോവുകളില്‍ നിന്നാണ് കവിതയുണ്ടാകുന്നതെന്ന് വീണ്ടും നുണ പറഞ്ഞു..
ഞാന്‍ പറഞ്ഞത് അവര്‍ ഗൗനിച്ചതേയില്ല.
ഒരു നോവെടുത്തുവെക്കു കവേ..
എനിക്ക് ഉപദേശങ്ങള്‍ അപ്പോള്‍ കേള്‍ക്കേണ്ടിയിരുന്നില്ല..
വയറ് പിളര്‍ന്ന് മരിച്ചു പോയ ഒരു സ്ത്രീയെ എനിക്കു പരിചയമുണ്ട്.
അവര്‍ ദുര്‍ബലയും നിഷ്കളങ്കയുമായിരുന്നു.
മഴ പെയ്യുന്ന ഒരു ചെരുവില്‍ അവരെനിക്ക് കൂട്ടു നിന്നിട്ടുണ്ട്.
ഞാന്‍ പറഞ്ഞ കഥകള്‍ അവരുടെ കണ്ണുകളില്‍ കണ്ടു.
ശൈത്യം പൊതിഞ്ഞ ഒരു തെരുവിലേക്ക് അവര്‍ നാടുകടത്തപ്പെട്ടു.
മഞ്ഞ് അവരുടെ കൂടാരമായിരുന്നു..
എങ്കിലും എനിക്കു വിയര്‍ത്തു.
ഞാന്‍ പരിചയം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു.
മരണ ശേഷം ഞാന്‍ അവരുടെ അടുത്തേക്ക് പോയില്ല.
പക്ഷെ അവര്‍ എന്നെ കാണാന്‍ വന്നു….
വിശന്നു മരിച്ച റെഹാന്‍ എന്നൊരു പയ്യനെ എനിക്കു പരിചയമുണ്ട്.
അവന്‍റെ അച്ഛന്‍ ഒരു പത്രലേഖകനായിരുന്നു.
അയാള്‍ പൊടിയുടെ മധ്യത്തിലായിരിക്കുമ്പോഴും കോളങ്ങള്‍ എഴുതി..
റെഹാന്‍ ഒരു കളിപ്പാവയുടെ ഓര്‍മ്മയാണ്.
അവന്‍റെ ചുണ്ടുകള്‍ വിടര്‍ന്നു നിന്നു..
ചെവികള്‍ ആനയുടേത് കണക്കെ വലുതായിരുന്നു.
അവനെന്നില്‍ കവിത നിറയ്ക്കുമെന്ന് ഞാന്‍ കരുതി…
മരണശേഷം ഞാനവനെ കാണാന്‍ പോയില്ല.
അവന്‍ എന്നെ കാണാന്‍ വന്നു.
പക്ഷെ അവന് സമയം പിഴച്ചു.
ഞാന്‍ അപ്പോഴേക്കും മരിച്ചിരുന്നു..
ചുവന്ന വസ്ത്രം ധരിക്കുന്ന ഒരു വേശ്യയെ എനിക്കു പരിചയമുണ്ട്.
അവര്‍ എനിക്കു ചുണ്ണാമ്പു പുരട്ടിത്തരും..
അവര്‍ എനിക്ക് അരി വാങ്ങി തന്നിട്ടുണ്ട്.
എന്‍റെ വണ്ടിയില്‍ അവര്‍ കയറാറില്ല..
ഇസ്താംബൂളില്‍ ചൂടാണെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ തണുപ്പിനെക്കുറിച്ചു തര്‍ക്കിച്ചു…
അവരെ അവസാനമായ് കണ്ടത് ബോധമറ്റ നിലയിലാണ്..
ഞാന്‍ അവരിലേക്ക് ഓടിയെത്തി..
പക്ഷെ അവര്‍ക്കും സമയം പിഴച്ചിരുന്നു..
മരണം രംഗ ബോധമുള്ള മികച്ച നടനാണ്..
അവര്‍ എന്നോട് വീണ്ടും നൊമ്പരപ്പെടാന്‍ പറഞ്ഞു..
എനിക്ക് കുടുംബം നഷ്ടപ്പെട്ട ഒരു കവിയെ പരിചരമുണ്ട്..
അവര്‍ക്ക് ഒരു രാജ്യമില്ലായിരുന്നു..
അവരുടെ അതിര്‍ത്തി ക്ഷയിച്ചുകൊണ്ടിരുന്നു.
ആ അതിര്‍ത്തിയില്‍ എനിക്കൊരു വീടുണ്ട്.
ദീര്‍ഘനാള്‍ ആ കവി അവിടെ വാടക തരാതെ പാര്‍ത്തിരുന്നു..
എനിക്ക് വിഷം തീണ്ടിയപ്പോള്‍ ഓടിക്കൂടിയവരില്‍ അവരുമുണ്ടായിരുന്നു.
അറിയാമല്ല, കവികള്‍ക്ക് സമയം പിഴക്കാറില്ല..
ഇനിയും നൊമ്പരപ്പെടു കവേ..
അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
എനിക്ക് പ്രണയമുണ്ടെന്ന് ഞാന്‍ അവരോട് കള്ളം പറഞ്ഞു…
കവിത അവസാനിച്ചു.
കവിത എഴുതുന്നതിനു മുമ്പേ ഞാന്‍ മരിച്ചിരുന്നു..
എനിക്കു സമയം പിഴച്ചു..
ഞാന്‍ കവിയല്ലേ എന്നവര്‍ ചോദിച്ചു.
അല്ല എന്ന് മറുപടി പറഞ്ഞ് ഞാന്‍ ഒരു സിഗരറ്റ് കൂടി കത്തിച്ചു.

