Monday, August 18, 2025

കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

വിഷാദഗണിതം

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു…

ദര്‍ശനും ഇവാനയും ലാപ്ടോപ്പില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. ശിവാനി അകത്ത് കുളിക്കുന്നു…

ഞാന്‍ ഒരു സിഗരറ്റു കൂടി കത്തിച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു.

………………….

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാന്‍ ഇവാനയ്ക്ക് ഒപ്പമിരുന്ന് അവളുടെ അടുത്തിടെ നടക്കാനുള്ള ഒരു സെമിനാറിന്‍റെ വിവരങ്ങള്‍ തയ്യാറാക്കുകയായിരുന്നു. ആയിരത്തി തൊള്ളായിരത്തി അന്‍പതിനു ശേഷമുള്ള യൂറോപ്യന്‍ സാഹിത്യത്തെക്കുറിച്ചാണ് അവള്‍ തയ്യാറാകുന്നത്. സ്പെയിനിലും ഇറ്റലിയിലും ഉണ്ടായ ചില സാഹിത്യ തരംഗങ്ങളെക്കുറിച്ച് അവള്‍ ഇടയ്ക്കിടെ ചില വാചകങ്ങള്‍ പറയുന്നുണ്ട്.

ശിവാനി അകത്ത് കുളിക്കുകയാണ്. ഗംഗ ബസലേലിനെ കാത്തിരുന്നു മുഷിഞ്ഞിട്ടാകണം വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു.

………………….

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലു പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു… ബസലേല്‍ ഇനിയും എത്തിയിരുന്നില്ല. ഞാന്‍ ദര്‍ശനെയും കൂട്ടി എന്‍റെ സെമിനാര്‍ പ്രസന്‍റേഷന്‍ തയ്യാറാക്കുകയാണ്. ദര്‍ശന് ലോക സാഹിത്യത്തെക്കുറിച്ച് നല്ല ധാരണകളുണ്ട്… എന്‍റെ ഈ കരിയര്‍ പടുത്തുയര്‍ത്തുന്നതില്‍ ഇവര്‍ വഹിച്ച് പങ്ക് വളരെ വലുതാണ്. ഗംഗ കൂടി ഇതിന്‍റെയൊപ്പം കൂടണമെന്ന് എനിക്കുണ്ട്.

പക്ഷെ അവന്‍ എപ്പോഴത്തേയും പോലെ മറ്റെന്തിലോ ശ്രദ്ധിക്കുന്നു.

സിഗരറ്റ് വലിക്കുന്നു.

ശിവാനി കുളിക്കുകയാണ്.

………………….

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു… ബസലേല്‍ വന്നോ എന്ന് എനിക്കറിയില്ല. ശബ്ദമൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ കുളിമുറിയിലാണ്. പുറത്ത് ഗംഗയും ഇവാനയും ദര്‍ശനും തമ്മില്‍ ഒന്നും സംസാരിക്കുന്നതായും കേള്‍ക്കുന്നില്ല. ഉറപ്പായും അവിടെ കേള്‍ക്കുന്നത് ഞാന്‍ കുളിക്കുന്നതിന്‍റെ ശബ്ദമാകും. ബക്കറ്റില്‍ നിന്ന് വെള്ളം കോരിയൊഴിക്കുന്നതും സോപ്പ് പതപ്പിക്കുന്നതുമൊക്കെ അവര്‍ കേള്‍ക്കുന്നുണ്ടാവും… ഗംഗ ചെറുതായെങ്കിലും അത് ശ്രദ്ധിക്കാതിരിക്കില്ല. അവനില്‍ ഓര്‍മ്മകള്‍ തിളയ്‌ക്കാന്‍ തുടങ്ങിയേക്കും. അവന്‍ എന്‍റെ നഗ്നത ഓര്‍മ്മിച്ചെടുക്കും… ഞാന്‍ കുളിക്കുന്നത് ഭാവന ചെയ്യും. അവന്‍ മാത്രമാണ് എന്‍റെ നഗ്നത കണ്ടിട്ടുള്ളത്… അത് വളരെ കാലങ്ങള്‍ക്കു മുമ്പാണ്.

അന്ന് ദര്‍ശനും ഇവാനയും ഞങ്ങളുടെയൊപ്പം ഇല്ല. ബസലേലും ഗംഗയും അന്നും സുഹൃത്തുക്കളാണ്.

ഞാനും അവരിലൊരാളായിരുന്നു… ഞാന്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവിടാന്‍ വന്നതാണ് ഗംഗ… അന്ന് എന്‍റെ ശരീരം പൂര്‍ണ്ണമായി ഞാന്‍ ഗംഗയ്ക്ക് കൊടുത്തു. അവനതില്‍ സംതൃപ്തനായിരുന്നു.

ഞാന്‍ ഇവിടെ അകത്ത് എന്‍റെ മേലു കഴുകുമ്പോള്‍ അവന്‍ പുറത്തിരുന്ന് സിഗരററ് വലിച്ച് ആ ദിനം ഓര്‍മ്മിച്ചെടുക്കുന്നുണ്ടാകാം…

………………….

ബസലേല്‍ വന്നു… ചെറിതെങ്കിലും തണുപ്പു തരുന്ന ഒരു മഴയുമായാണ് അവന്‍ വന്നത്… ആ വീടിന് ഈ മുറി കൂടാതെ രണ്ട് മുറികള്‍ കൂടിയുണ്ട്. മൂന്നും ഒരേ പോലെയുള്ള ഒരേ നിര്‍മ്മിതിയാല്‍ നിര്‍ഭാഗ്യം ചെയ്തവ. ഈ മൂന്നു മുറികളിലായി ഇവര്‍ അഞ്ചുപേര്‍ താമസിക്കുന്നു…

‘‘വിശ്രമം ചെയ്യുന്ന യുവാക്കളുടെ തൂക്കുപാലം എന്ന് ഞാന്‍ ആ സ്ഥലത്തെ വിശേഷിപ്പിക്കും. പ്രധാനപ്പെട്ട ഒന്നും അവിടെ സംഭവിക്കുന്നില്ല. വിശേഷിക്കപ്പെട്ടതൊന്നും അവിടുള്ളവരുടെ ആഗ്രഹത്തെ ആശ്ലേഷിക്കുന്നില്ല. പക്ഷെ അവിടെ എന്തൊക്കെയോ സംഭവിക്കുന്നു. അവ നാളെയുടെ നൈതികതകളോട് എന്തെങ്കിലും ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന് പറയാന്‍ കഴിയില്ല. ചരിത്ര നിര്‍മ്മിതിയില്‍ താല്‍പര്യമില്ലാത്ത,ഉന്മാദങ്ങള്‍ കേവലമായ് മാത്രം ഗ്രസിച്ച ഒരിടം. അതുകൊണ്ടാണ് ഞാന്‍ അവയെ തൂക്കുപാലം എന്നു പറഞ്ഞത്.

തൂക്കു പാലങ്ങള്‍ ഒരു അപകട മുന്നറിയിപ്പു നല്‍കുന്നുണ്ട്. പക്ഷെ അത് കേവലം തോന്നല്‍ മാത്രമാണ്. അവിടെ അങ്ങനെയൊരു അപകടമില്ല… എന്തോ അപകട വസ്തു എന്ന തോന്നലുണ്ടാക്കുന്നതില്‍ അത് വിജയിക്കുന്നു.

എനിക്ക് ആ സ്ഥലത്തെക്കുറിച്ച് അങ്ങനെ തോന്നുന്നു… ’’

ബസലേല്‍ ഒരു കോളജ് അധ്യാപകനാണ്. ആ കോളജിനെക്കുറിച്ചുള്ള ധാരണ വളരെ കൃത്യമാണ്… ഗംഗ ജനവാതിലിലൂടെ പുറത്തേക്കു നോക്കി. മഴതീര്‍ന്ന നഗരത്തിന്‍റെ ഉയരത്തില്‍ നിന്നുള്ള ദൃശ്യം അവന് കാണായി. റോഡിന്‍റെ വശങ്ങളില്‍ വെള്ളം… അത് ശ്രദ്ധിച്ച് കടന്നു പോകുന്ന കാല്‍നടക്കാര്‍… ഇഴഞ്ഞു നീങ്ങുന്ന കാറുകള്‍,നൂണ്ട് കയറുന്ന ഇരുചക്ര വാഹനങ്ങള്‍. തനിക്ക് ജനാലയില്‍ നിന്ന് നോക്കിയാല്‍ കാണാന്‍ ഒരു കളിമൈതാനമില്ലല്ലോ എന്നോര്‍ത്ത് ഗംഗയ്ക്ക് ഖേദം തോന്നി… വൈകുന്നേരമാകുമ്പോള്‍ കുട്ടികള്‍ വരുന്നത് കാണുവാന്‍, അവരുടെ കളികളും തര്‍ക്കങ്ങളും കാണുവാന്‍ ഗംഗ ആഗ്രഹിച്ചു.

ഒന്നും സാധ്യമായില്ല. ചെറുപ്പത്തില്‍ ഗംഗ എന്നും കളിക്കാന്‍ പോകുമായിരുന്നു… അയലത്തെ കുട്ടികളുമായി ക്രിക്കറ്റ് കളിച്ച് മടക്കും. അന്നൊക്കെ ഒരു കളിക്കാരനാകുന്നതിനെക്കുറിച്ച് ഗംഗ ചിന്തിക്കുമായിരുന്നു… തന്‍റെ ബാറ്റിംഗ് മികവില്‍ ടീം വിജയിക്കുന്നത് ഭാവന ചെയ്യുമായിരുന്നു…

‘‘അത് അല്ലെങ്കിലും അങ്ങനെയാണ്. ഇപ്പോഴത്തെ തൊഴില്‍ രഹിതരിലെല്ലാം നേരത്തേയൊരു ക്രിക്കറ്റ് ഭ്രമം ഉണ്ടായിരുന്നു… ’’

ഗംഗ എല്ലാവരോടുമായി പറഞ്ഞു…

‘‘നിന്‍റെ സിഗരറ്റ് തീര്‍ന്നോ… ?’’

ഇവാന ചോദിച്ചു.

‘‘ഇല്ല… ഇനിയും ഉണ്ട്…’’ ഗംഗ ഒരു സിഗരറ്റ് എടുത്ത് അവള്‍ക്കു കൊടുത്തു.

അവള്‍ അത് കത്തിച്ചു വലിക്കാന്‍ തുടങ്ങി…

‘‘ഇന്ന് വൈകിട്ട് ബസ് സ്റ്റോപ്പില്‍ വെച്ച് ഒരു കുടിയനെ കണ്ടു. കയ്യില്‍ ഒരു സഞ്ചിയുണ്ട്. മദ്യപിച്ച് ലക്കുകെട്ട് അയാള്‍ വഴിയേ പോകുന്നവരോട് എന്തൊക്കെയോ പുലമ്പുന്നു. മുഖ്യമായും തമിഴാണ് സംസാരിക്കുന്നത്. ഇടയ്ക്കിടെ ഇംഗ്ലീഷില്‍ ‘ഐ ആം ദി ഹീറോ’ എന്ന് പറയുന്നുണ്ട്. അയാള്‍ ഏതോ കഥയിലെ നായകനാവുകയാണ്. തന്‍റെ ചുറ്റുമുള്ള ലോകത്തോട് താന്‍ നായകനാണെന്ന് വിളിച്ചു പറയുകയാണ്. അത് പറയുന്നതിന് അയാള്‍ക്ക് മദ്യത്തിന്‍റെ പിന്‍ബലം വേണ്ടി വന്നു. ആ ശക്തിയില്ലാതെ താനൊരു നായകനാണെന്ന് പറയാന്‍ അയാള്‍ക്കു കഴിയില്ല.

മദ്യപിച്ചാല്‍ പലരും അങ്ങനെയാണ്. ചിലര്‍ ഒച്ചയെടുക്കും,ചിലര്‍ ശാന്തരാകും,ചിലര്‍ക്ക് പാട്ടു വരും,ചിലര്‍ ചിരിക്കും,ചിലരാകട്ടെ കരയും.

ആ മനുഷ്യന് ഇപ്പോള്‍ ഭൂമിയിലെ ബന്ധനങ്ങളൊന്നുമില്ല. മര്യാദകളോ നാട്യങ്ങളോ മറയ്ക്കലുകളോ അയാളെ ബാധിക്കുന്നില്ല.

മദ്യമില്ലാതെ അങ്ങനെ ആയിരിക്കാന്‍ മനുഷ്യനു സാധിക്കുക വളരെ വിരളമായിട്ടാണ്‌. എനിക്കയാളോട് ഒന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ അടുത്തില്ല. മുന്തിയ എന്തോ തരം ഭാവനയില്‍ അയാള്‍ യാഥാര്‍ത്ഥ്യത്തെ കൊളുത്തിയിടുന്നു…

നീ മദ്യപിച്ചാല്‍ അങ്ങനെയാണ് ഗംഗേ… ഞങ്ങളുമായുള്ള നിന്‍റെ സമ്പര്‍ക്കം കുറയും… നീ വേറെ എന്തൊക്കെയോ പറയും… ’’

ഇവാന ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്…

ബസലേല്‍ അതിനെ ശരിവെച്ചു… ശിവാനി അതിന്‍റെ ഉത്തരം ഗംഗയോട് തന്നെ ആരാഞ്ഞു.

‘‘എന്‍റെ ഭാവനകള്‍ മെഴുക്കിയിട്ടിരിക്കുന്നത് ലഹരിയില്‍ അല്ല… അത് സ്വസ്ഥതയോ സമാധാനമോ ഒന്നും ആഗ്രഹിക്കുന്നില്ല. ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്ന എന്‍റെ കഥ ഞാന്‍ എഴുതുന്നത് കോട്ടയത്തെ പഴയ ബസ്റ്റാന്‍റില്‍ ഇരുന്നാണ്‌. ആ സ്ഥലം ഇന്ന് അവശേഷിക്കുന്നില്ല… ആ ബസ്റ്റാന്‍റ് പൊളിച്ചു നീക്കി. ഒരു തരത്തില്‍ ചിന്തിച്ചാല്‍ എന്‍റെ ഭാവനയുടെ ഇടം അതു കൂടിയല്ലേ…

പിന്നീട് ഞാന്‍ എഴുതിയതിന്‍റെ ഗൃഹാതുരതയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ മാഞ്ഞുപോയ ആ എടുപ്പുകള്‍ മാത്രമാണെന്‍റെ മനസ്സില്‍ വരുക.

കഥയെഴുത്തും ഒരോര്‍മ്മയാണ്. അത് എഴുതാനെടുക്കുന്ന സമയവും കാലവും ഇടവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം അതിനെ സ്വാധീനിക്കുന്നുണ്ട്.

ആ സ്വാധീനത്തെ വീണ്ടും കണ്ടെത്തുക എന്നതും ഓര്‍ത്തെടുക്കുക എന്നതും ഒരു കര്‍ത്തവ്യം അല്ലെങ്കില്‍ കൂടി ഒരു അനിവാര്യതയാണ്. പക്ഷെ കാലം ആ കണക്കിനെ തെറ്റിക്കുന്നു…

എന്‍റെ എഴുത്തിന്‍റെ ഓര്‍മ്മയെ ഭൗതികലോകം മുറിച്ചു മാറ്റുന്നു. അതില്‍ എനിക്കു മുറിവുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ഈ ഭൗതിക ലോകത്തിനില്ലെ… അങ്ങനെ എല്ലാം അന്യോന്യം നിരാകരിക്കപ്പെടുന്നുണ്ട്.

പക്ഷെ മദ്യപിച്ചാല്‍ എന്‍റെ ഭാവന മറ്റൊന്നാണ്. അത് എഴുത്തിന്‍റെ രീതികളോടോ അത്തരം അലങ്കാരങ്ങളോടോ ചേര്‍ന്നു പോകുന്നതല്ല. അത് കുറേക്കൂടി യാഥാര്‍ത്ഥ്യവുമായ് ചേര്‍ന്നു നില്‍ക്കുന്നു… ഇവാന, നീ അതിനെ കുറച്ചു കാണേണ്ടതില്ല… ’’

അവര്‍ എല്ലാവരും ചിരിച്ചു… ഗംഗ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ഇവാനയ്ക്ക് കൈമാറി…

‘‘പദങ്ങളുടെ ഉപയോഗത്തിനും ഈ ഗൃഹാതുരതയില്ലേ… ’’ശിവാനി സംസാരിച്ചു തുടങ്ങി… ’’ഒരെഴുത്താള്‍ മുമ്പെങ്ങോ ഉപയോഗിച്ച ഒരു പദത്തെ,വാക്യത്തെ എല്ലാം പിന്നീടിരുന്ന് ആലോചിക്കുന്നത് രസമുള്ള ഒരു കാര്യമല്ലേ. പന്നീടാ ഉപമകളിലേക്ക്, അലങ്കാരങ്ങളിലേക്ക് , പദസംയോഗങ്ങളിലേക്ക് തിരിച്ചു നടക്കാന്‍ ശ്രമിക്കുന്നതോര്‍ത്തു നോക്കു. അതൊരു പക്ഷെ അയാള്‍ക്ക് സാധ്യമായ ഒരു തിരിച്ചു നടപ്പാകില്ല… ആ വാക്കുകള്‍ പോയ്മറഞ്ഞു കാണും. ആ കാലം കടന്നു പോവുകയും മുമ്പെങ്ങുമില്ലാത്ത വിധം കലങ്ങിമറിയുകയും ചെയ്തിരിക്കാം… ’’

ഇവാന അപ്പോഴേക്കും സിഗരറ്റ് ശിവാനിക്ക് കൈമാറിയിരുന്നു…

ഗംഗ ചിരിച്ചു.

പുറത്ത് ആകാശം വീണ്ടും പെയ്യാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു…

ഇവരുടെ സംഭാഷണം എല്ലാ വൈകുന്നേരവും ഇങ്ങനെ നീണ്ടു പോവുക പതിവാണ്… നൈസര്‍ഗികമായ ഭാവനകള്‍ മുതല്‍ കിരാതമായ ചിന്തകള്‍ വരെ അവിടെ വന്നടിയും.

‘‘കലാസൃഷ്ടികള്‍ നടത്തുന്നവര്‍ വികാരങ്ങള്‍ ഒളിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ്…

തന്നില്‍ നിന്നു നിറഞ്ഞു കവിയാന്‍ തുടങ്ങുന്നതിനെ പിടിച്ചു നിര്‍ത്തുക എന്നത് ഒരു കഴിവാണ്… ആ കഴിവ് ഇല്ലാത്തവരും നഷ്ടപ്പെട്ടവരും എഴുതുന്നു, ചിത്രം വരയ്ക്കുന്നു, സംഗീതം അവതരിപ്പിക്കുന്നു,നൃത്തം ചെയ്യുന്നു.

എന്‍റെ പരിചയത്തില്‍ രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. രാഘവ് ആചാര്യ എന്നും പീറ്റര്‍ എന്നും അവരെ വിളിക്കാം. അവര്‍ എണ്‍പതുകളുടെ മധ്യത്തില്‍ ബംഗാളില്‍ തങ്ങളുടെ അവധിക്കാലം ചെലവഴിച്ചു. ഒരാള്‍ നന്നായി സംഗീതം കൈകാര്യം ചെയ്യുകയും മറ്റെയാള്‍ എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു.

അവര്‍ വിഷാദഗണിതം എന്നൊരു സംഗീതം ഉണ്ടാക്കി… ഒരാള്‍ വരികള്‍ എഴുതി, മറ്റെയാള്‍ അത് ചിട്ടപ്പെടുത്തി. അവര്‍ അതിനിട്ട പേര് ഒന്ന് ഓര്‍ത്തു നോക്കു. വിഷാദഗണിതം.

അതിന്‍റെ സംയോഗം തികച്ചും യുക്തി രഹിതമാണ്. ഈ യുക്തിരാഹാത്യം സാധ്യമാകുന്നത് കലയില്‍ മാത്രമാണ്. ഗണിതം എന്നാല്‍ കാര്‍ക്കശ്യ സ്വഭാവമുള്ള ഒന്നാണ്. അതിന് കൃത്യവും വ്യക്തവുമായ ഉത്തരങ്ങളുണ്ട്. പക്ഷെ വിഷാദം ഇതിന് വിപരീതമായ ഒന്നാണ്… അത് അവ്യക്തമായ ഒരു അവസ്ഥയും സങ്കല്‍പ്പവുമാണ്. അതിന് ഉത്തരങ്ങള്‍ വഴങ്ങുകയോ സമവാക്യങ്ങള്‍ ഉണ്ടാവുകയോ ഇല്ല.

പക്ഷെ അവര്‍, രാഘവ് ആചാര്യയും പീറ്ററും അതിനെ യുക്തിരാഹിത്യങ്ങള്‍ നിലനിര്‍ത്തിത്തന്നെ സംയോജിപ്പിച്ചു. ഇതാണ് ഞാന്‍ പറഞ്ഞ സാധ്യത… അവര്‍ക്കിത് പ്രകടിപ്പിക്കാന്‍ പറ്റുന്നതിന്‍റെ കാരണമാണ് മനുഷ്യന്‍റെ ദുര്‍ബലത… അതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്… ’’

ദര്‍ശന്‍ പറഞ്ഞവസാനിപ്പിച്ചു.

മുരളിയുടെ ഈ വീട്ടില്‍ ഈ അഞ്ചംഗ സംഘം താമസമാക്കിയിട്ട് രണ്ട് കൊല്ലത്തിനു മുകളിലായി…

എല്ലാവരും നഗരത്തില്‍ തന്നെ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരാണ്… ഗംഗ തന്നെ തൊഴില്‍ രഹിതന്‍ എന്നാണ് വിളിക്കുന്നതെങ്കിലും ഗോസ്റ്റ് റൈറ്ററായും പരിഭാഷകനായുമൊക്കെ അവനും പണം സമ്പാദിക്കുന്നുണ്ട്.

എല്ലാ ദിവസവും അവര്‍ ഇങ്ങനെ ഒന്നിച്ചിരിക്കും… സംസാരിക്കും സിഗരറ്റുകള്‍ വലിക്കും മദ്യപിക്കും.

…………………………..

മദ്യശാലയുടെ മണം രാഘവ് ആചാര്യയെ പൊതിഞ്ഞു.

‘‘നമുക്ക് ഇറങ്ങിയാലോ… ?’’

രാഘവ് ചോദിച്ചു

‘‘പോകാം… ’’

പീറ്റര്‍ മറുപടി പറഞ്ഞു…

അവര്‍ നിരത്തിലേക്കിറങ്ങി.

സന്ധ്യയുടെ ബഹളം.

തെരുവു വാണിഭക്കാര്‍, കവികള്‍, ചിത്രകാരന്മാര്‍.

രാഘവും പീറ്ററും അവരെ വകഞ്ഞു മാറ്റി നടന്നു.

കാലിനിടയിലൂടെ വസ്ത്രം പകുത്ത് ഉടുത്തവര്‍, തൊപ്പി വെച്ചവര്‍,താടി നീട്ടിയവര്‍, പുറം കോട്ട് ധരിച്ചവര്‍, അയഞ്ഞ കുപ്പായം ഇട്ടവര്‍.

അന്നിറങ്ങിയ സാഹിത്യ വാരിക ചിലരുടെയെങ്കിലും കൈകളില്‍.

‘‘വിഷാദത്തിന് ഒരുത്തരം കണ്ടെത്താന്‍ കഴിയുമോ ആചാര്യ… ’’

‘‘ഇല്ല… ഒരിക്കലുമില്ല… ’’

‘‘പക്ഷെ എന്‍റെ മനസ്സില്‍ അതിനുതകുന്ന വാക്കുകള്‍ ജനിക്കുന്നു… ’’

‘‘ക്ഷമിക്കണം പീറ്റര്‍… നീ അനുഭവിക്കുന്ന വിധത്തില്‍ വിഷാദം എന്നെ അലട്ടുന്നില്ല… ’’

പീറ്റര്‍ ചിരിക്കുക മാത്രം ചെയ്തു…

രാത്രികള്‍ കടന്നു പോയി… നഗരത്തിലും മദ്യശാലയിലും പുസ്തകക്കടയിലുമായി അവര്‍ നടന്നു…

ഏഴാം നാള്‍ പീറ്റര്‍ രാഘവിനോട് ഒരു കഥ പറഞ്ഞു…

‘‘ഒരു നഗരം… ചിട്ടയോ ക്രമങ്ങളോ ഇല്ലാത്ത, തുലനമില്ലാത്ത ഒരു നഗരം… അവിടെ പാര്‍ക്കുന്ന അഞ്ച് ആത്മാക്കള്‍…

വിഷാദത്തിന്‍റെ കെണിയില്‍പ്പെട്ട് ഉഴലുന്ന അവര്‍ക്ക് ആകെ കിട്ടുന്ന വൈകുന്നേര സംഭാഷണങ്ങള്‍… അവര്‍ ഒന്നിച്ച് മദ്യപിച്ചു ഭക്ഷണം കഴിച്ചു പുകവലിച്ചു.

നഗര നേരങ്ങളെ ചുറ്റിപ്പറ്റി അവര്‍ ദാര്‍ശനികത പറഞ്ഞു… നൈതികത തെരഞ്ഞു…

എഴുതിയും പാടിയും വരച്ചും അവര്‍ ഉന്മാദം പടര്‍ത്തി… ഇടയ്ക്കെങ്കിലും പരസ്പരം രതിയിലേര്‍പ്പെട്ടു…

അവര്‍ വിഷാദികളായിരുന്നിട്ടു കൂടി അവരുടെ ചിന്തകള്‍ക്ക് തെളിമ വന്നു… അവര്‍ കഴിഞ്ഞ കാലത്തിന്‍റെ കഥകളെ, പാട്ടിനെ അതിന്‍റെ പരപ്പുകളെ ചികഞ്ഞുകൊണ്ടിരുന്നു…

അതെ ആചാര്യ, അവര്‍ക്കു വിഷാദവും ഗണിതവും ഒരുപോലെ വഴങ്ങി…

അവര്‍ നിശബ്ദരായി ശബ്ദിച്ചു കൊണ്ടിരുന്നു… ’’

രാഘവ് ആചാര്യ ചിരിച്ചു…

‘‘നമുക്കിതിനൊരു പേരുവേണ്ടേ… ?’ആചാര്യ ചോദിച്ചു…

‘‘വിഷാദഗണിതം’’

പീറ്റര്‍ ഇടര്‍ച്ചയില്ലാതെ പറഞ്ഞു…

Share post:

പ്രവീൺ പ്രിൻസ്
പ്രവീൺ പ്രിൻസ്
1997 ല്‍ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത് പഴയിടത്ത് ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്, പൊന്‍കുന്നം ഗവണ്‍മെന്റ് സ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ പഠനം. അവരുടെ മുറ്റത്തെ പനിനീര്‍ ചാമ്പകള്‍ (കഥകള്‍), അലോഷിയുടെ രഹസ്യങ്ങൾ (കഥകള്‍) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയത്ത് ഡി.സി. ബുക്സില്‍ ജോലി ചെയ്യുന്നു.

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....