
– ശ്രീനാഥ് രഘു –
സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ ആകൃഷ്ടനായിട്ടാണ് ഇടതുപക്ഷ സഹയാത്രികൻ ആയത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്..
35 വർഷമായി ഇടതുപക്ഷ സഹയാത്രികനായി തുടർന്നപ്പോൾ ഒരിക്കൽ പോലും അധികാരത്തിന്റെ ഇടനാഴിയിൽ എങ്ങും വെച്ച് പ്രേം കുമാര്‍ എന്ന ആ മനുഷ്യനെ നമ്മൾ കണ്ടിട്ടില്ല. സിനിമയുടെ പ്രസരിപ്പിക്കുന്ന വെള്ളിവെളിച്ചത്തിലോ, സുഖലോലുപതുകളിലോ, സിനിമക്കാരന്‍ എന്ന നിലയില്‍ ഉള്ള പരിവേഷങ്ങളിലോ ഒരിക്കലും പ്രേംകുമാർ എന്ന നടനെ നമ്മൾ കണ്ടിട്ടും ഇല്ല.
ആദിവാസി ഭൂമി സമരങ്ങളിലും, കരിമണൽ വാരല്‍ മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളിലും, ആശാവർക്കന്മാരുടെ വേതനം സംബന്ധിച്ച സമരങ്ങളിലും, ഒക്കെ തന്നെ ഈ നാട്ടിലെ മനുഷ്യരുടെ തുണയായി സാധാരണക്കാരുടെ പ്രശ്നങ്ങളുടെ ശബ്ദമായി മാറുവാന്‍ അയാൾ എന്നും ശ്രമിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യം ആണ്. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഭരണകൂടം തന്നെ അദ്ദേഹത്തെ പരിഗണിച്ചപ്പോള്‍, അത് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നും, പിന്നീട് അതേ ഭരണകൂടത്തിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ളതാണ്. പിന്നീട് കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ഒരു പ്രത്യേക സാഹചര്യത്തിൽ രാജി വച്ചപ്പോള്‍ ആ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ഭരണകൂടത്തിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങാതെ എത്ര ദിവസം അയാൾ മാറിനിന്നു എന്നത് അധികാരത്തിന്റെ ഒരു കസേരയും അയാളെ ഭ്രമിപ്പിച്ചിട്ടില്ല എന്നത് വ്യക്തമാണ്.
നടൻ എന്നുള്ള തന്റെ തൊഴിലിൽ നിന്നുള്ള വരുമാനം വാങ്ങാതെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിന്റെ തുച്ഛമായ ഓണറെറിയം മാത്രം വാങ്ങി, ഇരിക്കുന്ന കസേരയോട് ധാർമികതയും നീതിയും നടപ്പിലാക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട്.
പത്ര മാധ്യമങ്ങളിൽ നിന്നും വന്ന വാർത്തകളിൽ നിന്നാണ് ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും ശ്രീ പ്രേംകുമാർ എന്ന തന്നെ മാറ്റി നിർത്തി എന്നുള്ള വാർത്ത അദ്ദേഹം കേൾക്കുന്നത്. താൻ സ്ഥാനഭ്രഷ്ടനായി എന്ന് ഔദ്യോഗികമല്ലാത്ത അറിയിപ്പോടുകൂടി അറിയുന്നത്. ഇത് ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിൻറെ അഭിമാനത്തിനേറ്റ ക്ഷതം തന്നെയാണ്. ഒരു സാമൂഹിക ജീവി എന്ന നിലയിൽ ചില പ്രതികരണങ്ങൾ അനിവാര്യമാകുമ്പോൾ മലയാളി തിരിച്ചറിയുന്നത് പ്രേംകുമാർ എന്ന നടനപ്പുറം സമൂഹത്തെ സൂക്ഷ്മമായി വീക്ഷിക്കുകയും അതിൻറെ ശരി തെറ്റുകളെ ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള ഒരു മനുഷ്യനെയാണ്. സാധാരണക്കാരന്റെ ശബ്ദമാകാൻ അധികാരത്തിന്റെ കസേരകൾ അദ്ദേഹത്തിന് ഒട്ടും ആവശ്യവുമില്ല. സിനിമയുടെ മാസ്മരിക വലയത്തിൽ മാത്രം വട്ടം കറങ്ങാനും സ്വന്തം വ്യക്തിത്വങ്ങൾ മറച്ചു പിടിക്കാനും സിനിമയിൽ പലരും ശ്രമിക്കുമ്പോൾ ആണ് പ്രേംകുമാർ എന്ന നടൻ അല്ല വ്യക്തി വ്യത്യസ്തനാവുന്നത്. തന്റെ കാഴ്ചപ്പാടുകളും സമൂഹത്തോടുള്ള കരുതലുമാണ് അദ്ദേഹത്തിലൂടെ ഈ അടുത്തകാലത്തായി കാണാൻ കഴിയുന്നത്. കേവലം ഒരു വ്യക്തി മാത്രമല്ല എന്നും അയാൾ സാമൂഹിക പ്രശ്നങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി വന്നു ഇടപെടലുകള്‍ നടത്തുന്ന, സമൂഹത്തിന് ഉത്തരം നല്കുന്ന ഒരാള്‍ കൂടിയാണ്.
അദ്ദേഹത്തിന്റ സമൂഹത്തോടുള്ള കടപ്പാടിന്റെയും അർപ്പണബോധത്തിന്റെയും നേര്‍കാഴ്ചകള്‍ ആണ് മുമ്പ് പ്രതിപാദിച്ചിട്ടുള്ളത്. ഇങ്ങനെ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉറക്കെ ഉറക്കെ വിളിച്ചു പറയാതെ സമകാലിക ജീവിതം തനിക്ക് ജീവിച്ചു തീർക്കാൻ ആവില്ല എന്ന് ഒരു ഉപാധിയും വയ്ക്കാതെ അദ്ദേഹം മുന്നോട്ട് വെക്കുകയാണ്. തന്നിലൂടെ കലയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പുകളും ചെയ്യാതെ സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധ നൽകാൻ അദ്ദേഹത്തിനാകുന്നു. സ്വന്തം കലയോടും സമൂഹത്തോടും കാലത്തോടുമുള്ള പ്രാഥമികമായ നിലപാടുകൾ അയാൾ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു. സാമൂഹികമായ ഒരു ഉത്തരവാദിത്തമാണ് എന്ന് ഇത് എന്റെ മാത്രം അല്ല തങ്ങളുടെ കൂടെ ഉത്തരവാദിത്തം ആണെന്ന് സഹപ്രവർത്തകരെ കൂടി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യ മൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും തെളിവാണ് പ്രേംകുമാർ എന്ന അഭിനേതാവ്
അദ്ദേഹം ഒരു വലിയ ശരി ആണ് എന്ന് മാത്രമേ ചരിത്രത്തിന് അതിന്റെ താളുകളില്‍ എഴുതി ചേര്‍ക്കുവാന്‍ ആകുകയുള്ളു…

