ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയത് വിവാദത്തിൽ. ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ.
ചരിത്രത്തിൽ നിന്നും പുരാണത്തിലേക്കുള്ള പേരു മാറ്റം.
ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതുകൊണ്ടുതന്നെ ഭാരതം എന്നുവിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിറകെ ഇത്തരം ഒരു നീക്കം ഔദ്യോഗികമായി തന്നെ പുറത്തുവന്നു എന്ന് മാത്രം. സെപ്റ്റംബർ 18ന് ചേരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേരുമാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്നും, ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേഷ് എക്‌സിൽ പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് എംപി ശശി തരൂരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.


