ഒരു വർഷം 12 സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ജനങ്ങൾ ബാങ്ക് അക്കൌണ്ട് ചെയ്ത് കാത്തിരുന്നു എങ്കിലും ഒരു മുന്നറിയിപ്പും ഇല്ലാതെ സർക്കാർ അത് നിർത്തലാക്കി. ഒരു പ്രതിഷേധത്തിനും ഇടനൽകാതെ സബ്സിഡി ആനുകൂല്യം പിൻവലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വീണ്ടും കേന്ദ്രം എൽ.പി.ജി. സബ്സിഡിയായി 200 രൂപ നൽകാം എന്ന് പ്രഖ്യാപിച്ചിരിക്കയാണ്.
യു പി എ സർക്കാരിൻ്റെ കാലത്ത് 400 രൂപയായിരുന്നത് ഇപ്പോൾ 1200 രൂപ വരെയാണ് സിലിണ്ടറിൻ്റെ വില.
വോട്ട് ചോർച്ചയിൽ ആശങ്ക
പാചകവാതകത്തിന് 200 രൂപ വില കുറച്ചു എന്ന് കേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ ആരോടും പറയാതെ പെട്ടെന്ന് ഒരുദിവസം നിര്‍ത്തലാക്കിയ സബ്സിഡ് പുന:സ്ഥാപിക്കുകയാണ് ചെയ്തത്. എങ്കിലും നേരത്ത ലഭിച്ചിരുന്ന സബ്സിഡി തുകയെക്കാള്‍ കുറവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
‘തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല’ എന്നു പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രാജ്യത്ത് ഗാർഹിക പാചകവാതക വില കുത്തനെ കുറച്ചത്. 200 രൂപയായിരുന്നു കുറച്ചത്. ഇതോടെ 1100 രൂപയ്ക്ക് വാങ്ങിയിരുന്ന സിലിണ്ടർ ഇനി 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരം സിലിണ്ടർ ലഭിക്കുന്നവർക്ക് 400 രൂപ കുറയും. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.
കർണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് പാചകവാതക വിലയും കാരണമായിരുന്നു. ജനങ്ങളെ നിശ്ശബ്ദമായി വഞ്ചിക്കയായിരുന്നു എന്നായിരുന്നു പ്രതിപക്ഷ വിമർശനം. അത് ജനങ്ങൾക്കും എന്നേ മനസിലാവുകയും ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ വരാനിരിക്കയാണ്. ലോക് സഭാ തിരഞ്ഞെടുപ്പും നേരത്തെ ഉണ്ടായേക്കും എന്നാണ് സൂചന.
കോൺഗ്രസ് വാഗ്ദാനം 500 രൂപ
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ പാചകവാതക വില 500 രൂപയാക്കി കുറക്കുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ നേരത്തെ തന്നെ പാചകവാതക വില 500 രൂപയാക്കി കുറച്ചിരുന്നു.
രാജ്യത്ത് കുതിച്ചുയരുന്ന ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം വലിയ ഭീഷണിയാണ്. പാചകവാതകവില, പെട്രോൾ വില എന്നിവയിലും തോന്നിയ പോലെ കയറ്റമാണ് ജനങ്ങൾ അനുഭവിച്ചത്. ഇത് മുന്നിൽ കണ്ടാണ് കേന്ദ്രം എൽപിജി വില കുറച്ചത്.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ ബിജെപിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളിയും ചെറുതല്ല. പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ പാർട്ടികളുടെ ചർച്ചകളും യോഗങ്ങളും തകൃതിയിൽ നടക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാനെന്നോണം ബിജെപി നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ആദ്യ യോഗത്തിന് ശേഷം സഖ്യം ചിന്നഭിന്നമാകുമെന്നും പ്രതിപക്ഷ പാർട്ടിനിരയിൽ വിള്ളലുണ്ടാകുമെന്നും വിചാരിച്ചെങ്കിലും രണ്ട് യോഗങ്ങളും കഴിഞ്ഞ് മൂന്നാമത്തെ യോഗത്തിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’.
‘പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ രണ്ട് യോഗങ്ങളാണ് കഴിഞ്ഞ രണ്ട് മാസങ്ങളിൽ ചേർന്നത്. ഇതിന് പിന്നാലെ പാചകവാതക വില 200 രൂപയായി കുറഞ്ഞിരിക്കുന്നു. ഇതാണ് സഖ്യത്തിന്റെ ശക്തി’ എന്നായിരുന്നു പാചകവാതക വില കുറച്ചതിന് പിന്നാലെ മമത ബാനർജിയുടെ പ്രതികരണം. ലോക്സഭാതിരഞ്ഞെടുപ്പിന് മുമ്പായുള്ള തിരഞ്ഞെടുപ്പ് തട്ടിപ്പാണ് വില കുറയ്ക്കൽ എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഗോഷും രംഗത്തെത്തി. ജനങ്ങളെ വിഢിയാക്കുകയാണ് എന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ അരുൺ റെഡ്ഡിയും പ്രതികരിച്ചു.
വിലക്കയറ്റത്തിൽ വലഞ്ഞ് ജീവിതം
ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്തൃപണപ്പെരുപ്പം എക്കാലത്തെയും ഉയരത്തിലാണ്. ജൂണിലെ 4.87 ശതമാനത്തിൽനിന്ന് ജൂലായിൽ 7.44 ശതമാനത്തിലേക്കാണ് കുതിപ്പ്. ഒറ്റമാസംകൊണ്ട് 2.57 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. രാജ്യത്ത് പച്ചക്കറി, പയർവർഗങ്ങൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലയുയർന്നതോടെയായിരുന്നു വിലക്കയറ്റം രൂക്ഷമായത്. ഇത് കണക്കിലെടുത്ത് പാചകവാതകത്തിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വിലയും വരുംദിവസങ്ങളില്‍ നിയന്ത്രിക്കേണ്ടി വരും.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ഡോളറായി കൂടിയ എണ്ണവില 80-85 ആയി കുറഞ്ഞിരുന്നു. എന്നാൽ ഇത് ജനങ്ങളിൽ എത്തിയില്ല. റിലയൻസ്, നയാര എനർജി അടക്കമുള്ള സ്വകാര്യ ചില്ലറ വിതരണക്കാർ പെട്രോളും ഡീസലും വിപണി വിലയ്ക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ, പ്രചാരണത്തിൽ വിലയക്കയറ്റം വൻതോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.


