പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മതപുരോഹിതരുടെ മത്സല നിര. എങ്കിൽ നിങ്ങൾ വിചാരധാരവായിക്കൂ എന്ന് സി.പി.ഐ. സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വം ഓർമ്മപ്പെടുത്തി. എം.എസ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ ‘ആഭ്യന്തര ഭീഷണികള്‍’ എന്ന ഭാഗം വായിക്കാൻ നിർദ്ദേശിച്ചാണ് ബിഷപ്പുമാരെ ബിനോയ് വിശ്വം കമൻ്റ് ചെയ്തത്.
‘പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ. ആഭ്യന്തര ഭീഷണികള്‍ എന്ന ശീര്‍ഷകത്തിന് താഴെയായി ക്രൈസ്തവരെക്കുറിച്ചുള്ള ഭാഗം വായിക്കുക. ഇത് പ്രധാനമന്ത്രിയുടെ വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡ മനസിലാക്കാന്‍ സഹായിക്കും. മണിപ്പുരില്‍ എന്തുകൊണ്ടാണ് മൗനമെന്ന് അദ്ദേഹത്തോട് ചോദിക്കുക’, ബിനോയ് വിശ്വം എക്‌സില്‍ കുറിച്ചു.
ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. കര്‍ദിനാള്‍ ഓസ്വോള്‍ഡ് ഗ്രേഷ്യസ്, ബിഷപ് അനില്‍ കുട്ടോ, ബിഷപ് കുര്യാകോസ് ഭരണികുളങ്ങര, ബിഷപ് പോള്‍ സ്വരൂപ്, ബിഷപ് മാര്‍ അന്റോണിയോസ് ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരും കായികതാരവും ബി.ജെ.പി. നേതാവുമായ അഞ്ജു ബോബി ജോര്‍ജുമടക്കം വിരുന്നില്‍ പങ്കെടുത്തു.
സഭാ പ്രമുഖരേയും വ്യവസായ പ്രമുഖരേയും ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ലെന്ന് വിരുന്നിനുശേഷം ബിഷപ്പുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ അവകാശപ്പെട്ടു.