പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മോഡൽ പേപ്പർ ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാതൃകാ പരീക്ഷ ഉദ്യോഗാർഥികൾക്ക് നൽകുന്നുണ്ട്. ഇതിന് പകരമാണ് പ്രൊഫൈലിൽ തന്നെ മോഡൽ ടെസ്റ്റ് നൽകുന്നത്.
ഓൺലൈൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ തന്നെ പരീക്ഷയും ലഭ്യമായിരിക്കും.
ഓൺലൈൻ മാതൃകാ പരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. ഡിസംബർ ഒന്നുമുതലുള്ള ഓൺലൈൻ പരീക്ഷകളോടൊപ്പം മാതൃകാ പരീക്ഷയുണ്ടാകില്ലെന്ന് പി.എസ്.സി. അറിയിച്ചു.
പ്രൊഫൈലിലുള്ള മാതൃകാപരീക്ഷകൾ എഴുതി പരിശീലിക്കാം. ഇങ്ങനെ പരീക്ഷ പരിചയപ്പെട്ടശേഷമാണ് ഉദ്യോഗാർഥികൾ പരീക്ഷയെഴുതാനെത്തേണ്ടത്. ഓൺലൈൻ പരീക്ഷയ്ക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നവരുടെ പ്രൊഫൈലിൽ തുടക്കത്തിൽ മാതൃകാപരീക്ഷ ലഭ്യമാക്കും. സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ച് റിഹേഴ്‌സൽ എക്സാമിനേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പരിശീലനം നടത്താം. ഓൺലൈൻ പരീക്ഷയുടെ വിശദാംശങ്ങളും ഈ ലിങ്കിലുണ്ടാകും. ഉദ്യോഗാർഥികൾക്ക് എത്രതവണ വേണമെങ്കിലും മാതൃകാപരീക്ഷ പരിശീലിക്കാം.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷകളുടെ ഓൺലൈൻ പരിശീലനത്തിന് കമ്മീഷൻ തന്നെ ഒരു ഡാറ്റാ ബേസ് സൃഷ്ടിച്ച് സൌകര്യം ഒരുക്കണമെന്ന് ഏറെ കാലമായി ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നതാണ്. ഇപ്പോൾ ഓൺലൈൻ പരീക്ഷകളുടെ കാര്യത്തിൽ എങ്കിലും ഇത് ശരിയാവുകയാണ്.