പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മൻ തന്നെയാവും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചാണ്ടി ഉമ്മന്റെ പേര് സ്ഥിരീകരിച്ചു.
27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും.

53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താൻ എൽ ഡി എഫിന് കഴിഞ്ഞിരുന്നു. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ട്.
പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഓണക്കാലത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങിയ കേരളത്തെ ചൂടേറിയ രാഷ്ട്രീയ പോർമുഖത്തേക്ക് വഴിതിരിച്ചു വിടുന്നതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം.


