ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ നേരത്തെയുള്ള കരാര്‍ 2023 ലോകകപ്പോടെ അവസാനിച്ചിരുന്നു. ലോക കപ്പ് തോൽവി കൂടി നേരിട്ടതോടെ രാഹുൽ പുറത്തിറങ്ങുകയാണ് എന്ന് ചർച്ചകൾ ഉണ്ടായിരുന്നു.
ഐപിഎല്‍ ടീമുകളടക്കം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ ക്ഷണിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനിടെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. നിലവില്‍ ഓസ്‌ട്രേലിയയുമായി ട്വന്റി-20 പരമ്പരയിലേര്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്.
കരാർ പുതുക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും കോച്ചിങ്ങ് കരിയറിൽ നിന്ന് വിട്ടുനിൽക്കാനാണ് താൽപ്പര്യമെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു. കുടുംബവുമായി ദീർഘനാളായി അകന്നു നിൽക്കുന്നതും ബെംഗളൂരുവിലേക്ക് തിരികെയെത്തുന്നതിനാണ് താൽപ്പര്യമെന്നും ദ്രാവിഡ് ബിസിസിഐയെ ധരിപ്പിച്ചിരുന്നു. ഐപിഎല്ലിൽ രണ്ട് ടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
സീനിയർ ടീമിന്റെ കോച്ച് പദവി ഏറ്റെടുക്കാൻ ലക്ഷ്മൺ സന്നദ്ധത അറിയിച്ചതായും അഹമ്മദാബാദിലെത്തി ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ കരാറില്‍ ദ്രാവിഡിന്റെ കാലാവധി ബിസിസിഐ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 2024 ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സപ്പോർട് സ്റ്റാഫും തുടരും.
ഡിസംബർ 10 മുതലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദ്രാവിഡ് തന്നെയാകും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോച്ചായി തുടരുക. ടീം പ്രഖ്യാപനവും ഉടനെയുണ്ടാകും. സഞ്ജു സാംസണെ ഈ പരമ്പരയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
എന്‍സിഎയുടെ തലവനായും സ്റ്റാന്‍ഡ്-ഇന്‍ ഹെഡ് കോച്ചായും മാതൃകാപരമായ റോളുകള്‍ വഹിച്ചതിന് വിവിഎസ് ലക്ഷ്മണനെയും ബിസിസിഐ അഭിനന്ദിച്ചു. ദ്രാവിഡിന് പകരം ലക്ഷ്മൺ വന്നേക്കും എന്ന ചർച്ചകളും സജീവമായിരുന്നു.


