സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് അദാനി 32,000 കോടി രൂപ കൊള്ളയടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയാണ് അദാനിക്ക് സംരക്ഷമൊരുക്കുന്നത്. ജനങ്ങൾ ഒരു ബൾബിൻ്റെ സ്വിച്ച് അമർത്തുമ്പോൾ അദാനിയുടെ പോക്കറ്റിലേക്ക് പണം പോകുന്നു. അധിക ഭാരത്തിൻ്റെ പേരിൽ ഈ തുക ജനങ്ങൾ അറിയാതെ സഹിക്കയാണെന്നും ഡൽഹിയിൽ മാധ്യമങ്ങൾക്ക് മുൻപാകെ രാഹുൽ ഗാന്ധി പറഞ്ഞു.
തട്ടിപ്പ് കൽക്കരി ഇറക്കു മതിയുടെ മറവിൽ
ഇന്തോനേഷ്യയിൽനിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടിവിലയ്ക്ക് അദാനി ഇന്ത്യയിൽ വിൽക്കുന്നു. വൈദ്യുതി ചാർജ് വർധനയുടെ രൂപത്തിൽ ഈ അധികഭാരം ജനങ്ങളിലേക്കെത്തുന്നു. പതിവുപോലെ കേന്ദ്ര സർക്കാരും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. അദാനിക്ക് ഇങ്ങനെ അഴിമതിക്ക് സർക്കാർ ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകണ്.
വിവിധ രാജ്യങ്ങളിൽ ഇവരുടെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുന്നു. അതേസമയം, ഇന്ത്യയിൽ ഒന്നും സംഭവിക്കുന്നില്ല, അദാനിയെ ആരാണ് സംരക്ഷിക്കുന്നത്, അദാനിയുടെ പിന്നിലെ സർവ്വാധികാരി ആരാണ് ഇവ ജനങ്ങൾക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു.
അദാനി ഗ്രൂപ്പ് കൽക്കരി ഇറക്കുമതിയിൽ കാണിക്കുന്ന അമിത നിരക്ക് മൂലമാണ് വെെദ്യുതി ബില്ലുകൾ വർധിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണം. കണക്കിൽപ്പെടാത്ത 20,000 കോടി രൂപയാണ് ഈ ഇനത്തിൽ പുറത്ത് വന്നത്. എന്നാൽ, നിലവിൽ 12,000 കോടി രൂപകൂടി ഈ കണക്കിൽ ഉയർന്നു. അങ്ങനെ ആകെ 32,000 കോടി രൂപയുടെ കൊള്ളയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്, രാഹുൽ പറഞ്ഞു.
രേഖകൾ ഇല്ലെന്ന് സെബി, എന്നാൽ മാധ്യമങ്ങൾക്ക് ലഭിക്കുന്നു
അദാനിക്കെതിരായ ഫിനാൻഷ്യൽ ടെെംസിന്റെ മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. വിഷയത്തിൽ തങ്ങൾക്ക് രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് സെബി സർക്കാരിനെ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഫിനാൻഷ്യൽ ടൈംസിന് എല്ലാം രേഖകളും ലഭിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിനെതിരെ എന്തുകൊണ്ട് സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.