ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ച് ഉത്തരവ്. കോഴിക്കോട് ജില്ലയിൽ ഖനന നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നിയന്ത്രണം തുടരും.
നിർമ്മാണ മേഖലയിലും നിയന്ത്രണം
ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും കോഴിക്കോട് ജില്ലയില്‍ പ്രവേശനം നിരോധിച്ചു. ക്വാറി പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍, ഖനനം, മണലെടുക്കല്‍, കിണര്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മലയോര-ചുരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം വരുത്തി. രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെയാണ് യാത്രാനിയന്ത്രണം.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് ആവർത്തിച്ചു


