സർക്കാരും ഭരണപക്ഷ സംഘടനകളുമായുള്ള ഏറ്റുമുട്ടലിന് നേരിട്ട് ഇറങ്ങി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നിന്നും ചരിത്രത്തിൽ ഇതുവരെ കാണാത്ത നടപടികളുമായി ഗവർണർ എത്തിയപ്പോൾ എതിർ രാഷ്ട്രീയവും ചടുലമാവുന്ന കാഴ്ചയാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ട് ഞായറാഴ്ച രാത്രി ഗവര്‍ണര്‍ അഴിപ്പിച്ചു. രാത്രി ഏഴോടെയാണിത്. എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.
മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എസ്.പിക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി.
ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്ന ഭീഷണി മുഴക്കി. അങ്ങനെ ചെയ്താല്‍ നിങ്ങളായിരിക്കും അതിന്റെ ഉത്തരവാദി എന്നും എസ്.പിതന്നെ ബാനര്‍ നീക്കണമെന്നും ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പോലീസ് ബാനറുകള്‍ നീക്കിയത്.

വീണ്ടും കെട്ടി കോലവും കത്തിച്ചു
പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ വീണ്ടും കെട്ടി. ഗവര്‍ണറുടെ കോലവും കത്തിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എംആര്‍ ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി.

നാടകീയ സംഭവങ്ങള്‍ക്കിടെ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ടെത്തുകയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗവര്‍ണര്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണിത്. തങ്ങളുടെ ഒരു ബാനര്‍ നീക്കിയാല്‍ പകരം നൂറ് ബാനര്‍ ഉയര്‍ത്തുമെന്ന വെല്ലുവിളി നേരത്തെ എസ്എഫ്‌ഐ നേതാക്കള്‍ മുഴക്കിയിരുന്നു. ഇടതക്കമുള്ളവയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഉയര്‍ത്തിയ ബാനര്‍ അടക്കമുള്ളവയാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് പോലീസ് നീക്കിയത്.
സർക്കാരിനെതിരെ പത്രക്കുറിപ്പുമായി രാജ്ഭവൻ

കേരളത്തിലെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്ന് ആരോപിച്ച് രാജ്ഭവന്‍ പത്രക്കുറിപ്പ് ഇറക്കി.
ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും രാജ്ഭവന്‍ ആരോപിച്ചു. ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
കടുപ്പിച്ച് മുഖ്യമന്ത്രിയും
അസാധാരണ വാര്‍ത്താക്കുറിപ്പിറങ്ങിയതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം?.മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി?.എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്‍റെയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല.
ഗവര്‍ണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്.
പത്രക്കുറിപ്പ് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന് എം വി ഗോവിന്ദൻ
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
‘സര്‍വകലാശാലകളില്‍ ആര്‍എസ്എസ്, സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവര്‍ണറുടെ ശ്രമം. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്.’ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിര്‍ക്കാനെന്നവണ്ണം ചാന്‍സിലര്‍ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെ എംവി ഗോവിന്ദന്‍ പറഞ്ഞു.
‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ കണ്ണൂരിന് എതിരായ പരമാർശം ഏറ്റുപിടിച്ച് മുഹമ്മദ് റിയാസും

‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ എന്നു പറയാൻ ഞങ്ങള്‍ക്കറിയാത്തതല്ലെന്നും ഗവർണറുടെ പദവിയെ ബഹുമാനിക്കുന്നതുകൊണ്ടാണ് അത് പറയാത്തതെന്നും മന്ത്രി മുഹമ്മദ് റിയാസ്. ‘ഐ നോ ദി ബ്ലഡി ഹിസ്റ്ററി ഓഫ് കണ്ണൂര്‍’ എന്ന ഗവർണറുടെ വാക്കുകൾ ഏറ്റുപിടിച്ചായിരുന്നു പ്രതിഷേധം.
കണ്ണൂരിന്റെ ചരിത്രം. കണ്ണൂരിന്റെ ചരിത്രം അത്ര മോശമാണോ. കോളനിവിരുദ്ധ പോരാട്ടം നടത്തി ഒട്ടനവധി പേര്‍ രക്തസാക്ഷിയായ മണ്ണാണ് കണ്ണൂര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മണ്ണാണ് കണ്ണൂര്‍. എത്രയെത്ര പോരാട്ടങ്ങള്‍ കണ്ണൂരില്‍ നടന്നു. എന്നാല്‍ മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാനെന്താണ് കണ്ണൂരിനോടും കേരളത്തോടുമിത്ര വിദ്വേഷം എന്ന് റിയാസ് ചോദിച്ചു
മംഗലാപുരം കേന്ദ്രീകരിച്ച് ആര്‍.എസ്.എസ്. കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ വേണ്ടി ആദ്യം തിരഞ്ഞെടുത്ത പ്രദേശം ഇതേ കണ്ണൂരാണ്. 1970 ഡിസംബറില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ്. കണ്ണൂരിലെ തലശ്ശേരിയെ തിരഞ്ഞെടുത്തു. അന്ന് കുപ്രചരണങ്ങളുടെ ഭാഗമായി ഒരു മുസ്ലീം പള്ളി ആക്രമിക്കപ്പെടാന്‍ പോയി സി.പി.എം. നേതാവ് യു.കെ. കുഞ്ഞിരാമന്‍ ചിലര്‍ക്കൊപ്പം പള്ളിക്ക് കാവലിരുന്നു. നീ മാപ്പിളയുടെ സന്തതിയെന്ന് പറഞ്ഞ് യു.കെ. കുഞ്ഞിരാമനെ ആര്‍.എസ്.എസുകാര്‍ വകവരുത്തി. അവിടെ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ കലാപം നടത്തരുതെന്നും മതസാഹോദര്യത്തോടു കൂടി നിലകൊള്ളണമെന്നും പറഞ്ഞ് ഒരു കറുത്ത ജീപ്പില്‍ ചുവന്ന പതാകയുമായി ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഒരു അനൗണ്‍സ്‌മെന്റ് വാഹനം പോയി.
ഞങ്ങളുടെ ജീവന്‍ പോയാലും തലശ്ശേരിയുടെ മണ്ണില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്ന് ആഹ്വാനം ചെയ്തു. അതിനു നേതൃത്വം കൊടുത്ത ചെറുപ്പക്കാരന്‍ ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. കണ്ണൂരുള്‍പ്പടെ കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ ചരിത്രം മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം. നിങ്ങളിരിക്കുന്ന പദവി കൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നത്. നിങ്ങളുപയോഗിക്കുന്ന അതേ വാക്കുപയോഗിച്ച് നിങ്ങളെയും തിരിച്ചു പറയാന്‍ ഞങ്ങള്‍ക്കറിയാം. ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ എന്നു പറയാൻ ഞങ്ങള്‍ക്കറിയാത്തതല്ല. നിങ്ങളിരിക്കുന്ന പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടാണ് പറയാത്തത്.-മന്ത്രി പറഞ്ഞു.


