അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട്ട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തു. പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് തന്നെ പരിപാടി നടത്തും. ശശി തരൂര്‍ ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കടപ്പുറത്ത് നവംബര്‍ 23-ന് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചത് എന്നാണ് വിശദീകരണം. മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.
വേദി ആവശ്യപ്പെട്ടപ്പോള്‍ ജില്ലാഭരണകൂടം ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാന്‍ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചത്. പലസ്തീന്‍ പരിപാടി നടത്തുന്നില്ലായെന്ന് വിമര്‍ശിക്കുന്ന സി.പി.എം, ഇതിന് വേദി അനുവദിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നു. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്നും രാഘവന്‍ പറഞ്ഞു.
50,000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്.


