- സുധാദേവി ആർ.
അറിവ് വെളിച്ചമാണ്. ജീവിതപ്പാതയിലെ വെളിച്ചം.അന്ധകാരത്തിലൂടെ അലയുമ്പോൾ കൺതുറപ്പിക്കുന്ന വെളിച്ചം. അതാണ് രാമായണം…
ശ്രീമുഖം – ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി
രാമായണം ഭാരതീയരുടെ ആദികാവ്യവും ഇതിഹാസവുമാണ്. “കാവ്യം യശസേ അര്‍ത്ഥകൃതേ വ്യവഹാര വിദേഽശിവേതരക്ഷതയേ സദ്യഃപര നിര്‍വൃതയേ കാന്താസമ്മിതതയാ ഉപദേശയുജേ” എന്ന് പില്‍ക്കാലത്ത് കാവ്യ ശാസ്ത്രകാരന്മാര്‍ നിര്‍വ്വചിക്കുന്ന നിര്‍വ്വചനങ്ങള്‍ ആദി കാവ്യത്തിന് ഇണങ്ങുന്നതാണ്. കീര്‍ത്തിയും സമ്പത്തും ലോക വ്യവഹാര വിജ്ഞാനവും അമംഗള നാശവും നിര്‍വൃതിയും ഉപദേശങ്ങളും രാമായണ ഫലങ്ങളാണ്. ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങള്‍ നല്‍കുന്ന ഇതിഹാസവുമാണ്. പ്രചേതസിന്റെ പുത്രനായ വാല്മീകി തന്റേതായ കിരാത സംസ്‌കാരം കൊണ്ട് കാട്ടാളനായതും, രാമനാമമഹിമ കൊണ്ട് വാല്മീകിയായതും ഋഷി കവി മനുഷ്യര്‍ക്ക് ഉപദേശമായി നല്‍കുന്നു. രാമനാമം കൊണ്ട് നമുക്ക് കിരാത സംസ്‌കാരം വെടിഞ്ഞ് മനുഷ്യനായി, ഋഷിയായി പരിണമിക്കുവാന്‍ കഴിയട്ടെ.
മനുഷ്യാവതാരമായ രാമന്റെ അയനം ഒരു ജീവിത ഗാഥയായി പരിണമിക്കുന്ന അതി മനോഹരമായ ആവിഷ്‌കാരമാണ് ശ്രീമതി ആര്‍. സുധാദേവിയുടെ രാമായണ വിചാരമെന്ന ഗ്രന്ഥത്തില്‍ ആദ്യന്തം നമുക്ക് കാണാന്‍ കഴിയുന്നത്. ഭാഷാദ്ധ്യാപികയായ സുധയുടെ നിരന്തരമായ വായനയും വിചിന്തനവും രാമായണത്തെ കടഞ്ഞെടുത്ത ഒരു നവനീതമായി നമുക്ക് അനുഭവിക്കാന്‍ കഴിയും. രാമായണം മനുഷ്യമനസ്സുകള്‍ക്ക് ഒരു ദിവ്യൗഷധമായി പരിണമിക്കുന്നു എന്ന പ്രസ്താവനയോടെ ആരംഭിക്കുന്ന രാമായണ വിചാരത്തില്‍ മുപ്പത്തിരണ്ടോളം ഹ്രസ്വ ലേഖനങ്ങള്‍ അടങ്ങിയിരിക്കുന്നു.
പ്രാരാബ്ധങ്ങള്‍ അനുഭവിച്ച് മനുഷ്യജീവിതം സന്തോഷകരമാക്കണമെന്ന് രാമായണ കഥയിലൂടെ സുധ കണ്ടെത്തിയിരിക്കുന്നു.
‘സോഽയം മര്‍ത്യാവതാരഃ’ – അതേ ഈ മർത്യാവതാരം ‘മര്‍ത്യ ശിക്ഷാര്‍ത്ഥം’ മനുഷ്യനെ പഠിപ്പിക്കുവാനാണ് പഠിക്കേണ്ട പാഠങ്ങള്‍ ഓരോ ലേഖനത്തിലും അടിവരയിട്ട് സൂചിപ്പിക്കുന്നു. ബ്രഹ്‌മചര്യത്തിലെ പഠിപ്പ് ഉപയോഗിച്ച് ഗാര്‍ഹസ്ഥ്യത്തിലെ കടുത്ത ദുഃഖങ്ങള്‍ക്ക് പരിഹാരം കാണണം. ബുദ്ധി അരനിമിഷം വഴിപിഴച്ചാല്‍ അനര്‍ത്ഥ പരമ്പരകള്‍ ഉണ്ടാകാമെന്ന്, ശൂര്‍പ്പണഖ വൃത്താന്തവും സീതാപഹരണവും നമ്മെ പഠിപ്പിക്കുന്നു. സമചിത്തത അനിവാര്യമെന്ന് ഹനുമാന്റെ കഥയിലൂടെയും ഉപദേശങ്ങള്‍ എങ്ങനെ വേണമെന്ന് രാവണനെ ഉപദേശിക്കുന്ന സുപാര്‍ശ്വന്റെ ഉപദേശത്തിലൂടെയും സ്വന്തം ജീവന്‍ ത്യജിച്ചും സൗഹൃദം നിലനിര്‍ത്തണമെന്ന് ജടായു കഥയിലൂടെയും ഈ ലേഖനങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും മനുഷ്യജീവിതത്തിലേക്കുള്ള ഓരോ പാഠങ്ങളെന്നും സുധ ഇതിലൂടെ സ്ഥാപിക്കുന്നു. രാമായണം മുഴുവനും പല പ്രാവശ്യവും വായിച്ചാല്‍ ലഭിക്കാത്ത ജീവിതഗന്ധിയായ അനേകം തത്വാംശങ്ങള്‍ സുധ ഇതിലൂടെ അനാവരണം ചെയ്യുന്നു. ഒഴുക്കുള്ള നല്ല ഭാഷയും മനോഹരമായ ഒരു വാക്യഘടനയും ശൈലിയും ഈ ഗ്രന്ഥത്തെ ഉത്കൃഷ്ടമാക്കി മാറ്റുന്നു. രാമായണ പഠനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ് ‘രാമായണവിചാര’മെന്ന ഈ ഗ്രന്ഥം. ഇത് വായിച്ചും പഠിച്ചും പ്രചരിപ്പിച്ചും രാമായണ കഥയെ ലോക പ്രസിദ്ധമാക്കുവാന്‍ ഏവര്‍ക്കും കഴിയട്ടെ. എന്റെ ഉത്തമ ശിഷ്യയായ ചിന്താശീലയായ വിനീത പ്രകൃതിയായ സുധയ്ക്ക് ഇനിയും ഇത്തരം അനേക ഗ്രന്ഥങ്ങള്‍ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും കഴിയട്ടെ. കൈരളിയുടെ കണ്ഠാഭരണമായ ഈ ഗ്രന്ഥത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ച് ഭക്ത ഹൃദയങ്ങളിലേക്ക് സമര്‍പ്പിക്കട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ