ഹയർ സെക്കൻഡറി തലത്തിൽ നിരന്തര മൂല്യനിർണയ രീതി പുതുക്കാൻ തീരുമാനം. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും. പഠനത്തെ ഈ രീതിയിൽ കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ അക്കാദമികവർഷം 20,000 ചോദ്യങ്ങളുടെ ഡാറ്റാ ബാങ്ക് തയാറാക്കും. എസ്.സി.ഇ.ആർ.ടി.യു.ടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് ഇതിനുള്ള ക്ലാസുകൾ നൽകി. പരീക്ഷകളുടെ നിലവാരം വർധിപ്പിക്കും.
എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ. രഞ്ജിത് സുഭാഷാണ് പുതിയ പദ്ധതിയുടെ അക്കാദമിക് കോ-ഓർഡിനേറ്റർ. ഓരോ വിഷയത്തിലുമുള്ള അധ്യാപകരെ അഞ്ചു പേരുള്ള സംഘങ്ങളാക്കി തിരിച്ചിട്ടുണ്ട്. അവർ ഒരു ചോദ്യ ഭാഗം എങ്കിലും തയ്യാറാക്കി 22-നുള്ളിൽ സമർപ്പിക്കണം.
ഇതു ക്രോഡീകരിച്ച് ജനുവരിയിൽ ചോദ്യക്കലവറ പരസ്യപ്പെടുത്തും. പുതിയ പാഠ്യപദ്ധതി വരുന്നതോടെ, നിരന്തരമൂല്യനിർണയം ഓൺലൈനാക്കാനും ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടി കൂടിയാണ് ചോദ്യക്കലവറ തയ്യാറാക്കുന്ന പുതിയ പരിപാടി