“കോസ്മോസ്” എന്ന പുസ്തകത്തെ അധികരിച്ചെഴുതിയ ലേഖനം
മനുഷ്യനുണ്ടായ കാലം മുതൽക്കേ അന്വേഷണം ആരംഭിച്ച ഒന്നാണ് പ്രപഞ്ച ഉല്പത്തി എന്നത്. ആദ്യ കാലങ്ങളിൽ വിവിധ ഗോത്രവംശങ്ങൾ തനതു രീതിയിൽ അവരുടേതായ വിശ്വാസങ്ങൾ വച്ച് പുലർത്തിയിരുന്നു. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതാണ് പൊതുവായി എല്ലാ മതങ്ങളും എല്ലാ സംസ്കാരങ്ങളും ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. നിർഭാഗ്യമെന്നു പറയട്ടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ നമ്മളെ പണ്ട് മുതൽക്കേ അലട്ടിയിട്ടുണ്ട്. എന്നാൽ നമ്മൾ ജീവിച്ച ഈ കാലയളവിൽ കുറച്ചുപേരെങ്കിലും അത് ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ ഭൂമി പരന്നതല്ല ഉരുണ്ടതാണെന്നും പ്രപഞ്ചം ഭൂമിയെ അല്ല ഭൂമി സൂര്യനെ വലം വയ്ക്കുന്നു എന്നും സൗരയൂഥത്തിന് പുറത്തു ഒട്ടനേകം പ്രപഞ്ചങ്ങൾ ഉണ്ടെന്നും നാം കണ്ടെത്തി. മറിച്ചായിരുന്നെങ്കിൽ ഒന്ന് ആലോചിച്ചുനോക്കു ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഭൂമി പരന്നതാണെന്നും സൂര്യൻ നമ്മളെ വലം വയ്കുകയാണെന്നും വിശ്വസിക്കുക മാത്രമല്ല മറിച്ചു പറയുന്നവനെ അന്ധവിശ്വാസിയായി ചുട്ടുകരിക്കാനും മടിക്കുമായിരുന്നില്ല. ദൈവത്തിന്റെ മുട്ട വിരിഞ്ഞു പ്രപഞ്ചമുണ്ടായി എന്ന് വിശ്വസിച്ചിരുന്ന ചൈനക്കാരുടെ കാലത്തിൽ നിന്നും ഇപ്പോഴും നാം അധികം മുന്നോട്ട് വന്നിട്ടില്ല എന്നോർക്കണം.
യുദ്ധം ഉണ്ടാകുമ്പോഴും രാജ്യങ്ങൾ ആണവപരീക്ഷണങ്ങൾ നടത്തുമ്പോഴും നമ്മൾ അന്ധവിശ്വാസങ്ങളിൽ അഭയം കണ്ടെത്തുമ്പോഴും നാം സ്വയം പിന്നോട്ട് പോകുകയാണ് ചെയുന്നത്. കാൾ സാഗൻ പറയുന്നു ഭൂമിയിലെ ആദ്യത്തെ ഉദാത്തമായ ആധുനിക സംസ്‍കാരം മെഡിറ്ററേനിയൻ കടലിന് സമീപം നിലനിന്നിരുന്ന അയോണിയൻ സംസ്കാരമാണ്. അക്കാലത്തു മനുഷ്യൻ നക്ഷത്രങ്ങളെ നിരീക്ഷിക്കാനും ഭൂമിയുടെ ചുറ്റളവ് കണ്ടെത്താനും പഠിച്ചിരുന്നു. എന്നാൽ മനുഷ്യ മനസുകളിലെ ആർത്തിയും ദുരയും ആ സംസ്കാരത്തെ അപ്പാടെ വിഴുങ്ങുകയും മത അന്ധത ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. ഇത് മനുഷ്യനെ അന്ധകാരത്തിന്റെ തടവിലാക്കി. 2025 ലും നക്ഷത്രങ്ങളിലേക്കുള്ള പര്യവേഷണമോ മറ്റ് സരയൂഥങ്ങളിലേക്കുള്ള അന്വേഷണമോ നമ്മൾ തുടങ്ങിയിട്ടില്ല. ലോകത്തെ മയക്കിയ മത അന്ധത നമ്മളെ ഇരുപത് നൂറ്റാണ്ടുകളോളം പുറകിലേക്ക് കൊണ്ട് പോയി. ഒരുപക്ഷേ അയോണിയൻ സംസ്‍കാരം നശിപ്പിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇതിനോടകം നാം പ്രകാശവേഗത്തിൽ സഞ്ചരിച്ചു നക്ഷത്ര പര്യവേഷണം പൂർത്തിയാക്കിയേനെ. ഒരു മനുഷ്യായുസ് ശുഷ്കമായ സമയക്രമം ആയിരിക്കെ നമ്മൾ അമാന്തിക്കുന്ന ഓരോ നിമിഷവും ഭാവിയിൽ ജനിക്കാൻ പോകുന്ന ഓരോ തലമുറയോടും ചെയ്യുന്ന മഹാപാതകമായിരിക്കും. ശാസ്ത്ര പരിണാമത്തെ കണക്കിലെടുത്തു ഒരു സമയരേഖ വരക്കുകയാണെങ്കിൽ AD 500 നും AD 1500 നും ഇടയിൽ ഒരു വലിയ വിടവ് കാണുവാനാകും. അത് മനുഷ്യരാശി നിഷ്ക്രിയമായി അന്ധവിശ്വാസങ്ങളിൽ നഷ്ടപ്പെടുത്തിയ കാലയളവാണ്. ശാസ്ത്രത്തെ പൂർണമായി മനസിലാക്കാൻ ഒരു മനുഷ്യജന്മത്തിൽ സാധ്യമല്ല. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആൽഫ സെഞ്ചുറിയിൽ എത്തിപ്പെടാൻ തന്നെ നിലവിൽ നമുക്ക് പതിനായിരക്കണക്കിന് വർഷങ്ങൾ സഞ്ചരികേണ്ടി വരും. നമുക്ക് ചെയ്യാനാകുന്നത് നമ്മുടെ പൂർവികർ ചെയ്തത് പോലെ കൃത്യമായി മാർഗമൊരുക്കുക എന്നതാണ്. ചരിത്രം പരിശോധിച്ചാൽ മനസിലാകും ആദ്യം തെലിസ് അതിന്റെ ചുവട് പിടിച്ചു പൈതഗോറസ്, ഡെമോക്രിറ്റസ്, പ്ലേറ്റോ, അരിസ്റ്റാർക്കസ്, ഇറസ്തോസ്തനീസ്, കൊളമ്പസ്, കോപ്പർ നിക്കസ്, കെപ്ലർ, ഹൈഗൻസ്, ന്യൂട്ടൻ, ഐൻസ്റ്റീൻ ഇങ്ങനെ പോകുന്നു മനുഷ്യരാശി. ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. വരുന്ന തലമുറ ഈ അറിവ് ആർജ്ജിച്ചു പരീക്ഷണങ്ങളിൽ ഏർപ്പെടുകയും പുതിയ തിയറികൾ കണ്ടെത്തുകയോ പഴയത് തെറ്റാണെന്ന് തെളിയിക്കുകയോ ചെയ്യുന്നു.
ഏതൊരു ആരംഭത്തിനും ഒരു അവസാനമുണ്ടാകും. എങ്ങനെ പ്രപഞ്ചമുണ്ടായി എന്ന ചോദ്യത്തിന് മഹാവിസ്ഫോടനം മുഖേന എന്ന് പറയുമ്പോഴും അതിന് മുന്നേ എന്തായിരുന്നു എന്ന ചോദ്യം ഉദിക്കുന്നു. ശൂന്യതയിൽ നിന്നാണോ വിസ്ഫോടനം സംഭവിച്ചത് ? ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ നമ്മൾ ഉണ്ടായി ? അതും ഒരിക്കൽ നമ്മൾ കണ്ടെത്തും. എന്തായാലും മഹാവിസ്ഫോടനത്തിന്റെ ഫലമായി രൂപംകൊണ്ട താരാപഥത്തിൽ മറ്റേതോ കത്തിനശിച്ച നക്ഷത്രത്തിന്റെ വാതകത്തെ സ്വീകരിച്ചു സ്വയം അണുസംയോജനം നടത്തിയാണ് സൂര്യൻ ജനിക്കുന്നത്. ഒരുപക്ഷെ സ്വയം ആളിക്കത്താനുള്ള ശേഷിയില്ലായിരുന്നു എങ്കിൽ ഭൂമിപോലെ സൂര്യനും മറ്റൊരു ഗ്രഹമായി മാറിയേനെ. എന്നിരുന്നാലും താരാപഥങ്ങളിലെ വാതക വിനിമയങ്ങളുടെയും നക്ഷത്ര അവശിഷ്ടങ്ങളുടെയും സംയോജനഫലമായി രൂപം കൊണ്ട ഗ്രഹങ്ങളിൽ ഭൂമിയിൽ മാത്രമെങ്ങനെ ജീവനുണ്ടായി ? എന്തുകൊണ്ട് ഭൂമിക്ക് സമാനമായ അന്തരീക്ഷമുള്ള ചൊവ്വയിൽ ജീവന്റെ അംശം കണ്ടെത്താനാകുന്നില്ല? യാദൃച്ഛികത എന്ന പദത്തിന് ഇന്ന് ശാസ്ത്രലോകത്തു വലിയ പ്രസക്തിയുണ്ട്. വെറും ഭാഗ്യം കൊണ്ട് മാത്രമാണ് ഭൂമിയിൽ ജീവന്റെ അംശം രൂപം കൊണ്ടതും, അതിൽ തന്നെ അനേകം ശുക്ളങ്ങളുടെയും അണ്ഡങ്ങളുടെയും മത്സരഓട്ടത്തിൽ ജയിച്ച നമ്മൾ ജനിച്ചതും. ചൊവ്വയിൽ നടത്തിയ കാർബണിക രസതന്ത്ര പരീക്ഷങ്ങൾ അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് തെളിയിക്കുന്നില്ല. എന്നാൽ അവിടുത്തെ കളിമണ്ണ് പോലുള്ള മണ്ണ് സൂക്ഷ്മജീവികൾക്ക് വളരുവാനുള്ള സാഹചര്യമൊരുക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യൻ അവനെപ്പോലെ മറ്റൊരു സമൂഹത്തെ പ്രപഞ്ചത്തിൽ മറ്റൊരിടത്തു മറ്റൊരു സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നു. എന്നാൽ സിനിമകളിൽ കാണുന്നപോലെ ഭയപ്പാടോടെ അല്ല, മാനവികതയുടെ. നമ്മൾ മനുഷ്യന്റെ ഉൽപത്തി മുതലുള്ള വിവരണങ്ങൾ ക്രോഡീകരിച്ചു റേഡിയോ തരംഗങ്ങൾ മുഖേന ബഹിരാകാശത്തേക്ക് നിരന്തരമായി അയച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ പ്രപഞ്ചത്തിന്റെ അങ്ങേ തലയ്ക്കൽ ആ തരംഗങ്ങൾ ചെന്നെത്തുകയും അതിനുള്ള മറുപടി ലഭിക്കുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ഒരുപക്ഷെ ആ സമൂഹം നമ്മുടെ വളർച്ചപോലും എത്തിയതാകണമെന്നില്ല അല്ലെങ്കിൽ ഒരുപക്ഷെ മനുഷ്യസമൂഹത്തിന്റെ നിസ്സാരതയിൽ നമ്മെ തള്ളിക്കളഞ്ഞവയുമാകാം. അതുമല്ലെങ്കിൽ അങ്ങനൊരു സമൂഹം തന്നെ ഉണ്ടായിട്ടുപോലും ഇല്ലായിരിക്കാം എന്നിരുന്നാലും നാം പ്രതീക്ഷ കൈവിടുന്നില്ല. 450 കോടി വർഷങ്ങളായി ഏകാന്തതയിൽ അമർന്ന് അവസാനം സ്വന്തം വർഗത്തെ തന്നെ നശിപ്പിക്കുന്ന നമുക്ക് ഒരു അന്യവർഗ്ഗത്തെ കാണുമ്പോഴെങ്കിലും അല്പം നാണക്കേട് തോന്നുമോ എന്ന് കണ്ടറിയണം. സൂര്യനിൽ ഹൈഡ്രജൻ അറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ അവസാനിക്കാറാകുമ്പോൾ സൂര്യൻ ചുവപ്പ് ഭീമനായും പിന്നീട് വെള്ളകുള്ളനായും അവസാനം കറുത്ത കുള്ളനായും മാറും. ഇന്നേരം സ്വന്ത്രമാകുന്ന ഊർജം മറ്റൊരു വാതകസീമയിൽ ശേഖരിക്കപ്പെടുകയും പുതിയൊരു നക്ഷത്ര രൂപീകരണത്തിന് കാരണമാകുകയും ചെയുന്നു. എന്നാൽ ഭൂമിയാകട്ടെ നമ്മുടെ ഇടപെടൽ മൂലം മലിനീകരണ തോത് കൂടി ജീവികൾക്ക് വംശനാശം സംഭവിച്ചു ഏതാണ്ട് അതിനുമുന്നെ തന്നെ ഇല്ലാതാകും. 1987 ഇൽ ലോകജനസംഖ്യ 500 കോടി കടക്കുമ്പോൾ മുഴുവൻ രാഷ്ട്രങ്ങളുടെ കയ്യിലായി 20000 കോടി ജനങ്ങളെ നശിപ്പിക്കാൻ തക്ക ആണവായുധങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഇന്നത്തെ അവസ്ഥ ഓർത്തുനോക്കൂ. സൂര്യന്റെ മരണംവരെയൊന്നും നമ്മുക്ക് കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നില്ല. ക്രിസ്റ്റഫർ നോളന്റെ 2014 ഇൽ പറത്തിറങ്ങിയ ഇന്റെർസ്റ്റെല്ലർ എന്ന ചിത്രത്തിൽ ഒരു അന്യഗ്രഹത്തിലെ ജീവ സാഹചര്യത്തെ തേടിപ്പോകുന്ന നായകനും സംഘവും നമുക്ക് നല്ലൊരു മെസ്സേജ് നൽകുന്നുണ്ട്. ഒരു ഘട്ടത്തിൽ റോമിലി എന്ന യാത്രികൻ നായകനായ കൂപ്പറിനോട് പറയുന്നു “ ഇപ്പോൾ എനിക്ക് മുന്നിൽ അന്ധത മാത്രമാണ്, ഈ ലോകത്തു വ്യത്യസ്തമായി ഒന്നും തന്നെയില്ല “ കൂപ്പർ താൻ അതുവരെ കേട്ടുകൊണ്ടിരുന്ന EARBUDS റോമിലിക്ക് നൽകുന്നു. അയാൾ അതിൽ മഴയുടെ ഒച്ചയും കിളികളുടെ ചിനപ്പും കേൾക്കുന്നു, ഭൂമിയിലെ യാതൊരു പ്രത്യേകതയും തോന്നിക്കാതിരുന്ന ആ ശബ്ദങ്ങൾ അന്നേരം അയാളിൽ പ്രതീക്ഷ ഉണർത്തുന്നു.
ശരിക്കും പ്രപഞ്ചത്തെ മനസിലാക്കുന്നത് വളരെ രസകരവും ഒപ്പം ഭീതിജനകവുമാണ്. സൗരയൂഥം ഉൾപ്പെടുന്ന പ്രപഞ്ചം കഴിഞ്ഞാൽ ഈ ലോകത്ത് എത്ര മനുഷ്യരുണ്ടോ അത്രെയും തന്നെ താരാപഥങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം കോടിക്കണക്കിനു സൂര്യന്മാരുണ്ട്. അനുനിമിഷം പുതിയ സൂര്യന്മാർ ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. ഇവയിൽ മിക്കവാറും സ്വന്തമായി ഭ്രമണപാതയും അവയെ ചുറ്റുന്ന ഗ്രഹങ്ങളുമുണ്ടാവാം. ഈ കോടിക്കണക്കിനു സൂര്യന്മാരിൽ യാതൊരു സവിശേഷതയുമില്ലാത്ത ഒരു സൂര്യന്റെ ഭ്രമണപഥത്തിലെ ഒരു ചെറു കുത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന ചിന്ത നമ്മെ എത്ര നിസാരന്മാരാക്കുന്നു. ജാതിമതങ്ങൾക്ക് വേണ്ടി നടത്തപ്പെടുന്ന അക്രമങ്ങളും ചൊവ്വാദോഷത്തിനായി ചൊവ്വപോലുമറിയാതെ നടത്തപെടുന്ന പരിഹാരകർമങ്ങൾക്കും ഇരയായവരെ ദുഃഖപൂർവം സ്മരിക്കുന്നു. വിശ്വാസങ്ങൾ നല്ലതുതന്നെ പക്ഷെ അവയൊന്നും അന്ധതയിലേക്ക് നയിച്ചുകൂടാ. കാരണം അവിടെ പരാജയപ്പെടുന്നത് നമ്മൾ തന്നെയാണ്.
പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് എഡ്വിൻ ഹബിൾ കണ്ടെത്തിയിട്ടുണ്ട്. അതിനെ സംബന്ധിച്ചു പറയപ്പെടുന്ന രസകരമായ ഒരു കാര്യം എന്തെന്നാൽ കുറെ വർഷങ്ങൾക്കു ശേഷം പ്രപഞ്ച വികാസം നിലക്കുകയും അത് സങ്കോചിക്കുവാൻ ആരംഭിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ഇത് മൂലം കല്ലെറിഞ്ഞു കുളത്തിൽ ഓളങ്ങൾ ഉണ്ടാകുന്നതിന് പകരം ആദ്യം ഓളങ്ങൾ ഉണ്ടാകുകയും പിന്നീട് കല്ലെറിയുകയും ചെയ്യും. കാൾ സാഗൻ പുസ്തകത്തിൽ ഉടനീളം ഊന്നി ഊന്നി പറയുന്ന ഒരു കാര്യം നമ്മൾ മനുഷ്യർ ആണ് എന്നുള്ളതാണ്. ഒരുപക്ഷെ ഇന്നത്തെകാലത്തു വിശ്വപൗരൻ അഥവാ ആഗോളപൗരൻ എന്ന പ്രയോഗം പരിഹാസമുണർത്തിയേക്കാം കാരണം സ്വാർത്ഥ ലാഭത്തിനും താല്പര്യങ്ങൾക്കും വേണ്ടി അതാത് രാജ്യങ്ങളിലെ കുത്തകകളും ഗവൺമെന്റും അതിർത്തികൾ ശക്തമാക്കി കഴിഞ്ഞു. ആണവായുധങ്ങൾ അനിവാര്യമാണെന്ന് ജനങ്ങളെ കബളിപ്പിച്ചു കഴിഞ്ഞു. കാൾ സാഗനെ പോലുള്ള മഹാന്മാർ സ്വപ്നം കണ്ട ലോകം വിസ്‌മൃതിയിലായിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴും പ്രതീക്ഷ കൈവിടാതെ കുറച്ചുപേർ ബാക്കിയുണ്ട്. ഞാൻ വിശ്വസിക്കുന്നപോലെ എന്നെപോലെ മനുഷ്യമാനവികതയിൽ വിശ്വസിക്കുന്ന ഒരു പുത്തൻ തലമുറ ഉയർന്നു വരികതന്നെ ചെയ്യും. അവർ ഈ കളവ് പറഞ്ഞു ഭരിക്കുന്ന വിഷങ്ങളെ കുടഞ്ഞെറിയുകയും വിശ്വമാനവികതക്കായി കൈ കോർക്കുകയും ചെയ്യും. നാം വിശ്വസിക്കുന്നപോലെ പ്രപഞ്ച രാശിയിൽ മറഞ്ഞിരിക്കുന്ന ജീവന്റെ കണിക ഒരുനാൾ മറനീക്കി പുറത്തു വന്നാൽ നാം അവർക്ക് മുന്നിൽ വിശ്വസ്നേഹത്തിന്റെ ഒരായിരം ജീവിതങ്ങൾ കാട്ടികൊടുക്കും .