ലോക്‌സഭയില്‍ വിദ്വേഷ വിഷം ചീറ്റിയ ബിജെപി എംപി രമേഷ് ബിധുരിക്ക് പാർട്ടിയിൽ വൻ പ്രമോഷൻ നൽകി ബി ജെ പി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ടോങ്ക് ജില്ലയുടെ ചുമതല ഡൽഹിയിൽ നിന്നുള്ള ഈ എം പിക്ക് നൽകിയാണ് പദവി ഉയർത്തൽ.
29.25 മുസ്ലിം ജനസംഖ്യയുള്ള ടോങ്കില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന് ആ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നതെന്ന് കപിൽ സിബല്‍ വിമർശിച്ചു.
പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിധുരി വര്‍ഗീയ വിദ്വേഷം ചീറ്റിയത്. കടുത്ത വിമര്‍ശനങ്ങൾ ഉയർന്നതിനാൽ ബിജെപി ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മുഖം രക്ഷിച്ചിരുന്നു. പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ്പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിന് ബിജെപി ബിധുരിക്ക് പ്രതിഫലം നല്‍കിയെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ പറഞ്ഞു. വിദ്വേഷത്തിനുള്ള ബിജെപിയുടെ പ്രതിഫലമാണിത്.
അസഭ്യം പറഞ്ഞ എംപി ഇപ്പോള്‍ ടോങ്കിന്റെ ചുമതല വഹിക്കുന്നു, അവിടെ തന്റെ ഭിന്നിപ്പുണ്ടാക്കുന്ന വാക്ചാതുര്യം കൊണ്ട് വോട്ടര്‍മാരെ കൂടുതല്‍ ധ്രുവീകരിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തൃണമൂല്‍ എംപി മെഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളും ബിജെപി നടപടിക്കെതിരെ രംഗത്തെത്തി.


