ജയിലില്‍ കഠിന തടവ് അനുഭവിക്കെ എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി റിപ്പര്‍ ജയാനന്ദന് ഹൈക്കോടതി പരോള്‍ അനുവദിച്ചു.
ഭാര്യ ഇന്ദിര നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അനുമതി. അമ്മയുടെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും ഇരുവരുടെയും അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദന് ആണ്.
‘പുലരി വിരിയും മുമ്പേ’ എന്ന നോവല്‍ പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹര്‍ജിക്കാരി വിശദീകരിച്ചു. നേരത്തെ മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിച്ചിരുന്നു
23 കേസുകളിൽ ശിക്ഷ ലഭിച്ചത് രണ്ടെണ്ണത്തിൽ മാത്രം
നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് റിപ്പര്‍ ജയാനന്ദന്. അഞ്ച് കൊലപാതക കേസ് ഉള്‍പ്പടെ 23 കേസുകളില്‍ പ്രതിയാണ് റിപ്പര്‍ ജയാനന്ദന്. അഞ്ച് കൊലപാതക കേസുകളില്‍ രണ്ടെണ്ണത്തില്‍ ശിക്ഷിക്കപ്പെട്ടു. ഇതിലൊരെണ്ണം വധശിക്ഷയാണ്. മൂന്നെണ്ണത്തില്‍ വെറുതെ വിട്ടു. പതിനേഴ് വര്‍ഷമായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവറയിലാണ് റിപ്പര്‍ ജയാനന്ദന്. രണ്ട് തവണ ജയില്‍ ചാടാനും ശ്രമിച്ച കൊടും കുറ്റവാളിയാണ്.
ജയിലില്‍ കഴിയുന്നതിനിടെ നോവലുകളും കഥകളും റിപ്പര്‍ ജയാനന്ദന് എഴുതി. ‘പുലരി വിരിയും മുന്‍പെ’ പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു. ഡിസംബര്‍ 23ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലാണ് ചടങ്ങ്. ഡോ. സുനില്‍ പി ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്.
പുസ്തകമെഴുത്തിനും പ്രസാധനത്തിനും നേരത്തെ ജയില്‍ ഡിജിപി അനുമതി നല്‍കിയിരുന്നു. 30 ദിവസത്തെ പരോളാണ് റിപ്പര്‍ ജയാനന്ദന് ആവശ്യപ്പെട്ടത്. എന്നാല്‍ പരോളിന് നല്കിയ അപേക്ഷയില്‍ ജയില്‍ ഡിജിപി തീരുമാനമെടുത്തില്ല. തുടര്‍ന്നാണ് അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദന് അമ്മയുടെ പേരില്‍ അച്ഛന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആയിരുന്നു ഹര്‍ജിയിലെ ആവശ്യം. മകളുടെ വിവാഹത്തിനായി പൊലീസ് സാന്നിധ്യത്തില്‍ റിപ്പര്‍ ജയാനന്ദന് രണ്ട് ദിവസത്തെ പരോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.
ഒന്‍പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ റിപ്പര്‍ ജയാനന്ദന്റെ സ്വപ്നമാണ് പുസ്തക പ്രകാശനം എന്നായിരുന്നു ഇന്ദിരയുടെ വാദം. പുസ്തകം വിറ്റ് ലഭിക്കുന്ന തുക പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് വേണ്ടി നല്‍കുമെന്നായിരുന്നു ഹര്‍ജിയില്‍ ഹൈക്കോടതിയെ അറിയിച്ചത്. അച്ഛന് വേണ്ടി അഭിഭാഷകയായ മകള്‍ അച്ഛന് വേണ്ടി അമ്മ വഴി നടത്തുന്ന പോരാട്ടം എന്നാണ് ഹൈക്കോടതി ഹൈക്കോടതി ഹര്‍ജിയെ വിശേഷിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കുറ്റവാളി പുസ്തകമെഴുതാനായതില്‍ പ്രശംസയര്‍ഹിക്കുന്നുവെന്നാണ് കോടതിയുടെ പരാമര്‍ശം.
അനുവദിച്ചത് രണ്ട് ദിവസം
റിപ്പര്‍ ജയാനന്ദന് സാധാരണ പരോള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമം ഇതിന് അനുവദിക്കുന്നില്ല. ഈ അസാധാരണ സാഹചര്യത്തില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകും. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ പരോള്‍ അനുവദിക്കുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് രണ്ട് ദിവസവും പരോള്‍. ഇതിന് ശേഷം ജയിലിലേക്ക് മടങ്ങണം. റിപ്പര്‍ ജയാനന്ദനൊപ്പം പൊലിസിന്റെ സാന്നിധ്യമുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
ഭാര്യയുടെയും മകളുടെയും സ്നേഹം തിരിച്ചറിയണമെന്ന് കോടതി
കൊലപാതകിയെന്നതില്‍ നിന്ന് നവീകരിക്കപ്പെടുന്നുവെന്ന് കാണിക്കുന്നതാണ് റിപ്പര്‍ ജയാനന്ദന്റെ എഴുത്തുകളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയും മകളും നടത്തിയ നിയമ പോരാട്ടം റിപ്പര്‍ ജയാനന്ദന്റെ മനസിലുണ്ടാകണം. അച്ഛനെ സ്നേഹിക്കുന്നതുകൊണ്ടാണ് മകള്‍ ഇത്തരമൊരു നിയമയുദ്ധത്തിന് ഇറങ്ങിയത്. അച്ഛന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മകളും ഭാര്യയും. അതിനാല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാമെന്നുമാണ് വിധിയില്‍ പറയുന്നത്.
രണ്ട് ദിവസവും രാവിലെ 9 മണി മുതല്‍ 5 മണിവരെ കുടുംബത്തിനൊപ്പം സമയം ചെലവിടാം. അഞ്ച് മണിക്ക് ശേഷം അടുത്തുള്ള ജയിലിലേക്ക് മാറ്റണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മടക്കിയയ്ക്കാം എന്ന് അഭിഭാഷകയായ മകളും ഹര്‍ജിക്കാരിയായ ഭാര്യയും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് സത്യവാങ്മൂലം നല്‍കണം.
കേരളം കണ്ട ക്രൂരനായ ക്രിമിനൽ
റിപ്പര്‍ ജയാനന്ദന് എന്ന ക്രൂരനായ കൊലപാതകി കൊന്നുതള്ളിയത് ഏഴുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദന് സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ക്കു മുന്നില്‍ സിബിഐ പോലും മുട്ടുമടക്കി.
ജയാനന്ദന്റെ ആറാമത്തെ കൊലപാതമായിരുന്നു ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റേത്. 2005 ലായിരുന്നു ഇത്. ഈ കേസിൻ്റെ അന്വേഷണത്തിൽ മാത്രമാണ് റിപ്പർ ജയാനന്ദൻ്റെ നേരത്തെയുള്ള കുറ്റ കൃത്യങ്ങൾ പൊലീസിന് മുന്നിൽ എത്തുന്നത്. ഒരു ബന്ധുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പറവൂരിലെ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്പനശാലയിലെ വിറ്റുവരവ് ലക്ഷങ്ങളാണെന്ന് അറിഞ്ഞത്. മോഷണ ശ്രമത്തിനിടെയാണ് സുഭാഷിനെ കൊന്നതെന്നും ജയാനന്ദന് തുറന്നു പറഞ്ഞു. ഏഴാമത്തെ കൊലപാതകം പുത്തന്‍വേലിക്കരയില്‍ ആയിരുന്നു. രാമകൃഷ്ണനെ തലക്ക് കമ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാലാണ് കൈ വെട്ടിമാറ്റി വളയെടുത്തതെന്നും പ്രതി ഏറ്റുപറഞ്ഞു.

2003 സെപ്തംബറില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരന്‍ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ ജോസിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ജയാനന്ദന് ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
2004 മാര്‍ച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ മരുമകള്‍ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദന് കൊന്നത്. മറ്റൊരു മരുമകളായ നൂര്‍ജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദന് കവര്‍ന്നു. മറ്റ് കൊലപാതകങ്ങള്‍ പോലെതന്നെ തെളിവുകള്‍ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിഞ്ഞില്ല.
2004 ഒക്ടോബറില്‍ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിര്‍മ്മലയുമായിരുന്നു ഇരകള്‍. അവിടെ നിന്ന് പതിനൊന്ന് പവന് സ്വര്‍ണവും പ്രതി കവര്‍ന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ കടന്ന ജയാനന്ദന്, ശബ്ദം കേട്ട് ഉണര്‍ന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂര്‍ ബീവറേജസ് ജീവനക്കാരന് സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്ടോബറില്‍ നടന്ന പുത്തന്‍വേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവില്‍ എറണാകുളം തൃശൂര്‍ അതിര്‍ത്തി മേഖലകളില്‍ നടന്ന പല മോഷണങ്ങളുടേയും പിന്നില്‍ ജയാനന്ദനായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച സ്ത്രീകളായിരുന്നു ലക്ഷ്യം.

ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയില്‍ശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദന്. രണ്ടുതവണ ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഹടവുകാരനോടൊപ്പം ജയില്‍ചാടി. പിന്നീട് തൃശൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.


