ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു കൊണ്ടിരിക്കെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേയുള്ള വിമർശനത്തിലെ കേക്കും വീഞ്ഞും പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശത്തിൽ മതമേലധ്യക്ഷൻമാർ ഉൾപ്പെടെ രംഗത്ത് വന്നതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കുമെന്നും ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണങ്ങൾ അക്കമിട്ട് നിരത്തി മത നേതാക്കളെ പൊളിച്ച് മന്ത്രിയുടെ നീക്കം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്കുകൾ അക്കമിട്ടായിരുന്നു മന്ത്രിയുടെ വാർത്താ സമ്മേളനം. 2014-ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന ചിത്രം അവതരിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി.
‘ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 700 ഓളം വർഗീയ ആക്രമണങ്ങളാണ് രാജ്യത്താകാമാനം ക്രൈസ്തവർക്ക് നേരെ ഉണ്ടായത്.
ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിൽ 287 എണ്ണം ഉത്തർപ്രദേശിൽ, 148 എണ്ണം ഛത്തീസ്ഗഢിൽ, 49 എണ്ണം ഝാർഖണ്ഡിൽ, 47 എണ്ണം ഹരിയാനയിലുമാണ്. ഇവയെല്ലാം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2014-ൽ രാജ്യത്ത് ആകെ 140 അക്രമ സംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ബി.ജെ.പി. ഭരിച്ച ഒമ്പത് വർഷം കൊണ്ട് ആക്രമണത്തിന്റെ കണക്ക് കുത്തനെ കൂടി. അന്താരാഷ്ട്രതലത്തിൽ വന്നിട്ടുള്ള റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിഭാഗത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് പതിനൊന്നാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. സംഘർഷം തടയുന്നതിന് മണിപ്പൂരിലേയും കേന്ദ്രത്തിലേയും ബി.ജെ.പി. സർക്കാരുകൾ പൂർണമായി പരാജയപ്പെട്ടു. മണിപ്പൂരിൽ ഇരുനൂറിലേറെ ആളുകൾ കൊല്ലപ്പെടുകയും 60,000-ത്തോളം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയും പതിനായിരങ്ങൾ പാലായനങ്ങൾ ചെയ്ത സംഭവം സമൂഹത്തിൽ വൻതോതിൽ ചർച്ച ചെയ്ത വിഷയമാണ്.
സംഘർഷം ഒഴിവാക്കുന്നതിന് വേണ്ടി ഒരു കാര്യമായ നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും അവിടെ സംഘർഷം തുടരുന്നുണ്ട്. കലാപം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ ഇതിനെക്കുറിച്ച് പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധമനോഭാവത്തിന്റെ ഭാഗമായിട്ടാണ് ഇത് കാണുന്നത്- മന്ത്രി പറഞ്ഞു.
മതനേതാക്കളെ വിയർപ്പിച്ച മന്ത്രി, പാർട്ടി ഇടപെട്ട് കേക്ക് വീഞ്ഞും മാറ്റി
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് കേക്കും മുന്തിരി വാറ്റിയതും കഴിച്ച് രോമാഞ്ചംകൊണ്ട് പോന്ന ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം പറയാന്‍ മറന്നുപോയെന്നാണ് സജി ചെറിയാന്‍ തുറന്നടിച്ചത്.
മണിപ്പൂര്‍ വിഷയം ലോകമാകെ ആളിക്കത്തിയിട്ടും ഇന്ത്യയിലെ ക്രൈസ്തവ സഭാ നേതൃത്വം ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് മുതിരാത്തതില്‍ വിശ്വാസികള്‍ക്കിടയിലും അതൃപ്തി ഉണ്ടായിരുന്നു.
അതിനിടയിലാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ ഉള്‍പ്പെടെ 60 ഓളം ക്രൈസ്തവ സഭാ മേധാവികള്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ വിരുന്ന് നടക്കുമ്പോഴും അതിനു ശേഷവും മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചു. റോക്കറ്റ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചാണ് ആക്രമണം. പള്ളികള്‍ തകര്‍ന്ന അവസ്ഥയില്‍ തന്നെ കിടക്കുന്നു.
ആ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരം ബിഷപ്പുമാര്‍ എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന ചോദ്യം വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്. ആ വികാരമാണ് മന്ത്രി സജി ചെറിയാനിലൂടെ പുറത്തുവന്നത്. കാലങ്ങളായി ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ബിജെപി അനുകൂല സമീപനങ്ങള്‍ക്കുള്ള സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുള്ള അടികൂടിയായിരുന്നു മന്ത്രിയുടെ സമർത്ഥമായ പ്രയോഗം. പക്ഷെ അതിലെ കേക്കും വീഞ്ഞും പുരോഹിതർക്ക് പഴുത് നൽകി.