രാത്രി 12 മണി.
ക്ലോക്കിലെ ടിക് ടിക് ശബ്ദം മാത്രം കേൾക്കാവുന്നത്ര നിശബ്ദതയിൽ വീട് ഉറങ്ങുകയാണ്.
ചൂട് കൂടുതലായത് കൊണ്ട് ഉറങ്ങാൻ കിടന്ന നിമ്മി, മേല് കഴുകിയിട്ടു കിടക്കാമെന്ന് കരുതി കിടക്കയിൽ നിന്ന് എണീറ്റു.
തുറന്നിട്ടിരുന്ന ജനാല അടയ്ക്കാൻ നേരം വെറുതെ പുറത്തേക്കൊന്ന് നോക്കി. ദൂരെ പള്ളിയുടെ പുറകു വശത്തെ ശ്മശാനത്തിലേക്ക് കണ്ണുകൾ ഉടക്കി. ആ നേരം ഉള്ളിൽ ഭയമേറി വരുന്നത് നിമ്മി അറിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയ്ക്ക് മൂന്ന് പെണ്ണുങ്ങളെ അവിടെ അടക്കികഴിഞ്ഞു. മൂന്നുപേരും മരിച്ചത് രാത്രിയിൽ. ഒരാൾ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ, മറ്റൊരാൾ സ്റ്റേർകേസിൽ നിന്ന് കാലു തെന്നി വീണു തലയിടിച്ച്, മൂന്നാമത്തേത് അടുക്കളയിലെ ഗ്യാസ് ലീക്കായിട്ട്. മൂന്നു പേരും മരിക്കുമ്പോൾ ഒറ്റക്കായിരുന്നു.
നിമ്മിയുടെ ഭർത്താവ് തിരികെ വരാൻ രണ്ടു ദിവസം എടുക്കുമെന്നുള്ള ചിന്ത ആ നേരം അവളിൽ കടന്നു വന്നു.
കൂടുതൽ ചിന്തിക്കാതെ, ജനൽ അടച്ചവൾ കുളിക്കാൻ കയറി.
കുളിമുറിയുടെ ലൈറ്റ് ഇട്ടപ്പോൾ ഡോറിന്റെ വിടവിലൊരു നിഴൽ ഓടി മറഞ്ഞതായി അവൾക്ക് തോന്നി. ലൈറ്റ് ഇട്ട് ഡോർ തുറന്ന് അകത്താകെ നിരീക്ഷിച്ചു.
ആരെയും കാണാനില്ല. മനസ്സിലെ ഭയം സൃഷ്‌ടിച്ച തോന്നലുകളെ തള്ളിക്കളഞ്ഞു നിമ്മി കുളിക്കാൻ കയറി. ലൈറ്റ് മാക്സിയാണ് രാത്രി ധരിക്കാറുള്ളത്. ചൂട് കൂടുതലായത്കൊണ്ട് ഉള്ളിൽ ഒന്നും ഇടാറില്ല. മാക്സിയൂരി നഗ്നയായി കുളിച്ചു തുടങ്ങി, ഉഷ്ണം നിറഞ്ഞു നിന്ന ശരീരത്തിലേക്ക് തണുത്ത വെള്ളം വീണപ്പോൾ കിട്ടിയ സുഖത്തിൽ നിമ്മി പുളകംകൊണ്ടു.
പെട്ടെന്നാണ് തന്റെ പിന്നിൽ ഒരു വലിയ നിഴൽ രൂപപ്പെടുന്നത് അവളറിഞ്ഞത്. തോന്നൽ ആകാമെന്ന് മനസ്സുറപ്പിക്കാൻ നേരം, നഗ്നമായ തന്റെ നീതംബത്തിൽ എന്തോ സ്പർശിച്ചതായി അവൾ അറിഞ്ഞു.
നിമ്മി കതക് തുറക്കാത്തതിൽ ഭയന്ന് ഭർത്താവ് ബെഞ്ചമിൻ കതക് കുത്തിതുറന്ന് അകത്തു കയറി, കുളിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചു നോക്കി.
കുളിമുറിക്കുള്ളിൽ, തറയിൽ നിമ്മി കഴുത്തൊടിഞ്ഞു മരിച്ചു കിടക്കുന്നു……
*
എൺപതുകളുടെ തുടക്കത്തിൽ മലയാള ജനപ്രിയ സാഹിത്യത്തിൽ ഉദയം കൊണ്ട എഴുത്തുകാരനാണ് “കടൽക്കുണ്ട് ഖാദർ.” സമൂഹത്തിലെ സാധാ മനുഷ്യരുടെ നിത്യജീവിതത്തിലെ നൊമ്പരങ്ങളെ മാത്രം നോവലുകളും കഥകളുമാക്കി സാഹിത്യത്തെ നരപ്പിച്ച കാലത്താണ്, കടൽക്കുണ്ട് ഖാദറിന്റെ, “ചെക്കുത്താനും പെണ്ണുടലുകളും” എന്ന ഹൊറർ നോവൽ വരുന്നത്. പിന്നീട് മലയാള സാഹിത്യം സാക്ഷിയായത് കടൽക്കുണ്ട് ഖാദറിന്റെ സാഹിത്യ ലോകത്തെയായിരുന്നു.
ബൈപാസ് റോഡിലെ ചായക്കടയിലിരുന്ന് ചെകുത്താനും പെണ്ണുടലുകളിന്റെയും വായന അനുഭവം പങ്കുവെക്കുന്ന നേരത്തായിരുന്നു, എല്ലാം കേട്ടതിനു ശേഷം സുഹൃത്ത് മാത്യു ചോദിച്ചത് :
“നീ എന്നാണ് ഈ കടൽക്കുണ്ട് ഖാദറിനെ വായിച്ചു തുടങ്ങിയത്? “
*
രാത്രി നിനച്ചിരിക്കാത്ത നേരത്ത് വന്ന മഴയെ ശപിച്ചു ഞാൻ നഗരത്തിലെ കോംപ്ലക്സിന്റെ മൂലയിൽ തൂണും ചാരി നിൽക്കുന്ന നേരത്താണ്, സെബുചേട്ടൻ, ആദ്യമായി ടി വി കൊച്ചുബാവയെ കുറിച്ച് പറയുന്നത്. ഡിഗ്രി കഴിഞ്ഞ് ഒരു കൊല്ലം വെറുതെ നിൽക്കണമെന്ന് തീരുമാനം എടുത്ത് ഏഴ് മാസവും പതിമൂന്നു ദിവസവും കഴിഞ്ഞൊരു ശനിയാഴ്ചയാണ്, കോംപ്ലക്സിൽ ഒത്തുകൂടുന്ന ഞങ്ങൾ മൂന്ന് പേരിൽ, പുതുതായി ഒരാൾ വന്നത്.
സെബുച്ചേട്ടൻ ഒഴികെ ബാക്കി രണ്ടു പേരെയും എനിക്ക് നേരത്തെ മുതൽ പരിചയമുണ്ട്. ചെറുകാലത്ത് ബാലരമയും, അമർ ചിത്രകഥകളും, മാത്രം വായിച്ചു നടന്ന്, എന്നോ ഒരിക്കൽ വായനലോകത്തോട് വിടപറഞ്ഞ ഞാൻ, പിന്നീട് മലയാള സാഹിത്യത്തിലേക്ക് ചെറുതായി ചുവടു വെക്കുന്നത് അവർ രണ്ടുപേരും സെബുച്ചേട്ടനും കാരണമാണ്…
സെബുച്ചേട്ടൻ, മറ്റു രണ്ടു പേരുടെ കൂടെ ഒന്നിച്ചു പഠിച്ചതാണ്. എല്ലാ ഒത്തുകൂടലുകളിലും അവർ സാഹിത്യം സംസാരിക്കും. അവർ വായിച്ച പുസ്തകങ്ങൾ. പുസ്തകങ്ങളെക്കാൾ കൂടുതൽ അവർ പുസ്‌തകങ്ങൾ പലതും വായിച്ച കാലഘട്ടവും, അന്നത്തെ അവരുടെ ജീവിതവുമാണ് പങ്കുവെക്കാറുള്ളത്. പ്രത്യേകിച്ചു അഭിപ്രായമൊന്നും പറയാൻ തക്ക വിവരം അത്തരം വിഷയങ്ങളിൽ ഇല്ലാത്തതു കൊണ്ട് ഞാനെല്ലാം കേട്ടു നിൽക്കും.
“കൊച്ചു ബാവയുടെ സാഹിത്യം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. “
സെബുചേട്ടൻ എടുത്തടിച്ചപോലെ പറഞ്ഞു.
“കൊച്ചുബാവയുടെ വൃദ്ധസദനം വായിച്ചിട്ടുണ്ട്. “
അവർ രണ്ടുപേരും പറഞ്ഞു.
“വൃദ്ധസദനം അവാർഡൊക്കെ കിട്ടിയ നോവലാണ്. അതൊക്കെ ശരി, പക്ഷേ, എന്റെ അഭിപ്രായത്തിൽ പെരുങ്കളിയാട്ടത്തിനപ്പുറം കൊച്ചുബാവയില്ല.”
“എന്നാലതൊന്ന് വായിക്കണമല്ലോ.”
രണ്ടുപേരിൽ ഒരുവൻ, അമീർ പറഞ്ഞു.
“സാധനം ഔട്ട് ഓഫ് സ്റ്റോക്കാണ്. വാങ്ങാൻ നോക്കിയിട്ട് കാര്യമില്ല. പബ്ലിക് ലൈബ്രറിയിലുണ്ട്… അവിടിരുന്ന് വായിക്കണം. പക്ഷേ ഞാനത് അവിടുന്ന് പൊക്കും.”
സെബുചേട്ടൻ പറഞ്ഞതും രണ്ടുപേരിൽ, രണ്ടാമൻ, ഐസക് പുച്ഛിച്ചു ചിരിച്ചു. അത് കേട്ടതും സെബുച്ചേട്ടന്റെ മുഖമൊന്ന് ഇരുണ്ടു.
“നീ ചിരിക്കേണ്ട… നീ നോക്കിക്കോ, ഞാനത് സ്വന്തമാക്കും. അത്രയ്ക്ക് ഞാനത് മോഹിച്ചതാ…”
അത് പറയുമ്പോൾ അയാളുടെ കണ്ണിലെ ആവേശം കാണേണ്ടതായിരുന്നു.
അന്ന് പിരിഞ്ഞ ഞങ്ങൾ പിന്നെ കൂടിയത് മൂന്നാഴ്ച കഴിഞ്ഞാണ്, അന്ന് കണ്ടപ്പോൾ തന്നെ ഞങ്ങൾ മൂന്ന് പേരും ആദ്യം ചോദിച്ചത് അതിനെ കുറിച്ചാണ്.
*
ആകാശത്തിന് ചുറ്റും കരിമ്പടം പുതച്ച സമയത്തായിരുന്നു ഞാൻ അവിടേക്ക് കടന്നു ചെന്നത്. ആ നേരം ഉള്ളിൽ അയാൾ മാത്രമേ ഉണ്ടാകുള്ളൂ എന്നെനിക്ക് അറിയാമായിരുന്നു.
ഒരാഴ്ച മുഴുവൻ പരിസരം നിരീക്ഷിച്ചു.
പൊതുവെ ആള് കുറഞ്ഞ ഇടമാണ്. ശനി ഞായർ ദിവസങ്ങളിൽ ആളുകളുണ്ടാകും. ആ സമയങ്ങളിൽ എന്റെ പ്ലാൻ ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല. അത് മനസിലാക്കിയാണ് ഞാൻ കഴിഞ്ഞ ചൊവ്വാഴ്ച അങ്ങോട്ടേക്ക് പോയത്. മഴ ഏത് നിമിഷവും പെയ്യാമെന്നുള്ള രൂപത്തിൽ, അന്തരീക്ഷമാകെ കറുത്തു കിടന്നു.
ഞാൻ പ്രതീക്ഷിച്ചപോലെ ഉള്ളിൽ ആളുകൾ തീരെയില്ല. ഉണ്ടായിരുന്ന ഒന്നു രണ്ടുപേർ പോകാൻ ഞാൻ ഹാളിന്റെ മൂലയിൽ കാത്തുനിന്നു. മൂലയിലെ ജനലിലൂടെ ഉള്ളിലേക്ക് കടന്നു വന്ന കാറ്റിൽ ചുറ്റും തണുപ്പ് അനുഭവപ്പെട്ടു..
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവശേഷിച്ചിരുന്നവരും പോയി ഞാൻ മാത്രമായി.
ഞാനും ആ വൃദ്ധനും മാത്രം. കാഴ്ചയ്ക്ക് അയാളെ സഹായിക്കുന്ന കണ്ണട മേശയ്ക്ക് മുകളിൽ മൂലയിൽ ഇരിക്കുന്നു. പാതി കണ്ണടഞ്ഞു ഉറക്കത്തിലേക്ക് വീഴാൻ നിൽക്കുന്ന വൃദ്ധൻ.
അയാൾ കാണാതെ ആ കണ്ണട ഞാൻ കൈക്കലാക്കി, ജനാലയുടെ മൂലയ്ക്ക് വെച്ചു.
ഇപ്പോൾ എന്റെ മുന്നിൽ തടസ്സങ്ങളൊന്നുമില്ല.
ഞാൻ എന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി മുന്നോട്ട് നീങ്ങി.
ദീർഘകാലത്തെ എന്റെ സ്വപ്നം എനിക്ക് അരികിൽ നിൽക്കുന്നു.
ഝടുതിയിൽ അതെടുക്കാൻ ഞാൻ മുതിർന്നതും, വൃദ്ധൻ തുമ്മിയെഴുന്നേറ്റു. ആളനക്കമില്ലാതെകിടന്ന സ്ഥലം, വൃദ്ധന്റെ തുമ്മലിൽ ഞാൻ ഞെട്ടി വിറച്ചു. എന്റെ കൈ തട്ടി ബുക്കുകൾ താഴേക്ക് വീണു. വൃദ്ധൻ ശബ്ദം കേട്ടിടത്തേക്ക് ഓടി വന്നു. ഇടയിൽ കണ്ണട കാണാത്തതിന്റെ പേരിൽ സ്വയമോരോ തെറികൾ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ പുസ്തകം കൈക്കലാക്കാൻ ഒരുങ്ങിയതും വൃദ്ധൻ ജനലിന്റെ മൂലയിലിരുന്ന കണ്ണട കണ്ടെത്തിയിരുന്നു.
പെട്ടെന്ന് ഞാൻ ഹാളിലെ സ്വിച്ച് ഓഫ് ചെയ്തു. ഭൂമിയെ മൂടി നിന്ന ഇരുട്ട് മുറിക്കുള്ളിലും പരന്നു. ഞാൻ പുറം തിരിഞ്ഞു നിന്ന് സ്വിച്ച് ഓഫ് ആക്കുന്നത് വൃദ്ധൻ കണ്ടു. സ്വിച്ച് ഓൺ ചെയ്യാൻ അയാൾ ദൃതിയിൽ അങ്ങോട്ടേക്ക് പാഞ്ഞടുത്തു. വൃദ്ധൻ സ്വിച്ച് ഓണാക്കി വെളിച്ചത്തെ തുറന്നു വിട്ട നേരത്തിൽ കൈയ്യിൽ ഒതുങ്ങി കൂടിയ പുസ്തകവുമായി ഞാൻ അവിടം വിട്ടിരുന്നു.
*
സെബുചേട്ടന് എറണാകുളത്തേക്ക് ട്രാൻസ്ഫറായി. പുള്ളിയിപ്പോൾ അവിടെയാണ്.
പോകുന്നതിന് മുമ്പാണ് ഞങ്ങളെ വന്നു കണ്ടതും, ഈ കഥ പറഞ്ഞതും. ഞങ്ങളെ കണ്ടതിന്റെയന്ന് സെബുച്ചേട്ടനാണ് കടൽക്കുണ്ട് ഖാദറിനെ കുറിച്ചും, അയാളുടെ ചെകുത്താനും പെണ്ണുടലുകളും എന്ന നോവലിനെ കുറിച്ചും ഞങ്ങളോട് പറഞ്ഞത്. പബ്ലിക് ലൈബ്രറിയുടെ സീൽ വെച്ച ജനക്കൂട്ടം പബ്ലിക്കേഷൻസ് ഇറക്കിയ ചെകുത്താനും പെണ്ണുടലുകളും, പുള്ളിയുടെ ഓർമ്മയ്ക്കായി എനിക്ക് സമ്മാനമെന്നോണം തന്നു. സെബുച്ചേട്ടന്റെ മുഖം നഷ്ടബോധത്താൽ ദുഖിച്ചു വിളറിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… അവസാനമായി ഒരുനോക്ക് കൂടെ പുസ്തകത്തിൽ നോക്കിയിട്ട് അയാൾ വണ്ടി കയറി പോയി. പിന്നീട് ഇതുവരെ ഞാൻ സെബുച്ചേട്ടനെ കണ്ടിട്ടില്ല…
*
രണ്ടു മാസങ്ങൾക്ക് ശേഷം.
23/10/2022 ൽ സൽമാൻ റഷീദ് എന്നൊരാൾ ടി വി കൊച്ചുബാവയുടെ, പെരുങ്കളിയാട്ടം എന്ന നോവൽ, പബ്ലിക് ലൈബ്രറിയിലെ തുറന്നിട്ട ജനാലയോട് ചേർന്നിട്ടിരിക്കുന്ന കസേരയിൽ ഇരുന്ന് മൂന്ന് ദിവസങ്ങളിലായി വായിച്ചു തീർത്തു.

