ആ രാത്രി അവസാനിച്ച നേരം അവൻ മരിച്ചിരുന്നു.
രാത്രി തന്നെ അവൻ മരിക്കാൻ തീരുമാനിച്ചിരുന്നു.
മരണത്തിനപ്പുറം എന്തെന്ന് അറിയാനുള്ള വ്യഗ്രത കൊണ്ടാണോ?, അതോ, എല്ലാത്തിനുമുള്ള ഉത്തരം മരണത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നൽ കൊണ്ടാണോ?, എന്തിന്റെ പ്രേരണയിലാണ് മരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. എന്നിരുന്നാലും മൊബൈലിൽ വന്ന വാട്സ്ആപ്പ് മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്ന നിമിഷമാണ് അവൻ മരണത്തെക്കുറിച്ചു ചിന്തിച്ചത്.
നഗരത്തിലെ വൈകുന്നേരങ്ങൾ അവനു പ്രിയപ്പെട്ടതാണ്. നഗരത്തിൽ നിന്ന് മാറി കാണുന്ന ചെറിയ ചായക്കടയിൽ അവൻ എന്നും പോകാറുണ്ട്.. ചായക്കടയെന്നത് അത്ര വലുതൊന്നുമല്ല. ഒരേസമയം ആറുപേർക്കുമാത്രം ഇരിക്കാൻ സാധിക്കുന്ന ചായക്കടയുടെ മൂലയിലെ കസേരയിൽ അവനുണ്ടാകും. ആ കസേരയിൽ ഇരുന്ന് ഇടത്തോട്ട് നോക്കിയാൽ പ്രധാന റോഡിനപ്പുറം കാണുന്നത് നഗരത്തിലെ പ്രധാന കോളേജിന്റെ ഗ്രൗണ്ടാണ്. വലത്, കടയോട് ചേർന്നുള്ളത് നഗരത്തിലെ പാർക്കും.
കോളേജിന്റെ ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കുമ്പോഴെല്ലാം അവനാ വൈകുന്നേരത്തെ കുറിച്ചോർക്കും.
വടക്ക് അവൻ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് നിന്ന് അവിടെ പഠിക്കാൻ വന്നതാണ് റിമി.

“നിനക്ക് എത്ര നേരമെന്നെ ഇങ്ങനെ നോക്കിയിരിക്കാൻ സാധിക്കും? “
അവനൊരു മറുപടിയും പറയാതെ, ഒന്നും മിണ്ടാൻ കൂട്ടാക്കാതെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ആവർത്തിച്ചുള്ള അവളുടെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെയായപ്പോൾ ദേഷ്യം കൊണ്ടവൾ കണ്ണുകൾ രണ്ടും അവനിൽ നിന്ന് മാറ്റി.
“നിന്നെ നോക്കിയിരിക്കുമ്പോൾ സംസാരിക്കാൻ എനിക്ക് സാധിക്കില്ല.. നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഒരിക്കൽ പോലും നിന്റെ മുഖത്തേക്ക്, നിന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയിട്ടില്ല.”
അവനത് പറയുമ്പോഴും കണ്ണുകൾ രണ്ടും താഴോട്ടായിരുന്നു നോക്കിയിരുന്നത്. അവളുടെ മുഖത്തേക്ക് നോക്കാൻ ഭയപ്പെടുന്നത് പോലെ.
ഇവിടെയൊരു ഇടപെടൽ നടത്തുകയാണ്. റിമിയുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന നേരമെല്ലാം, റിമിയുടെയും ഇത് വായിക്കുന്ന എല്ലാവരുടെയും ചിന്ത ഒന്നാണ്, അവൻ റിമിയെ നോക്കുന്നു.
പ്രണയത്താൽ നോക്കിക്കൊണ്ടേയിരിക്കുന്നു.
പക്ഷേ, അവിടെയാണ് യാഥാർഥ്യം മറ്റൊന്ന് വിളിച്ചു പറയുന്നത്.
അവൻ അവളെ നോക്കുന്നുണ്ടെങ്കിലും നോട്ടം അവളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല, അവളെയും കടന്ന്, കോളേജും കടന്ന്, നഗരവും കടന്ന് നീണ്ടു പോകുന്നു.
ഇത് മനസിലാകാതെ റിമി, അവൻ തന്നെമാത്രമാണ് നോക്കുന്നതെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല.
പക്ഷേ, മേൽ സൂചിപ്പിച്ച രണ്ടാമത്തെ കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ, അവിടെ മറ്റൊരു പ്രശ്നം കാണാനുണ്ട്.
അവനൊരിക്കലും അവളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാറില്ല.
അത് ശരിയാണ്. കാരണം. സംസാരിക്കുമ്പോൾ അവൻ ബോധവാനാകുകയാണ്. പറയുന്ന വാക്കുകൾക്ക് മനസ്സിൽ മുൻകൂട്ടി കരുതിവെച്ച തുടക്കവും ഒടുക്കവുമുണ്ട്.
“… എന്റെ വാക്കുകൾക്ക് ജീവനുണ്ട്.. ജീവനുള്ള ഒന്നിനും നിന്നെ സ്പർശിക്കൽ സാധ്യമല്ല.”
റിമി അവനെ ചുംബിച്ചു.
അവനൊരു പ്രതിഷേധവും കാണിച്ചില്ല. തണുത്ത് മരവിച്ച ശവത്തിൽ ചുംബിക്കുന്ന പോലെ റിമിയുടെ ചുംബനം അവൻ സ്വീകരിച്ചു.
സ്വീകരിച്ചു എന്നതിനേക്കാൾ അവൻ അതിനെ എതിർത്തില്ല, എന്നുവേണം കരുതാൻ.
ഈ ഒരു സന്ദർഭം അവൻ കൂടെ കൂടെ ഓർക്കാറുണ്ട്. അതിന് കാരണം വേറൊന്നുമല്ല.. അതിന് ശേഷം ഒരിക്കൽ പോലും ആരും അവനെ സ്നേഹിച്ചിട്ടില്ല. ആരും റിമി നൽകിയപോലോരു ചുംബനം നൽകിയിട്ടില്ല..
****
റിവർ റാഫ്റ്റിംഗിൽ കയറിയവർ ഒന്നായി വെള്ളത്തിലേക്ക് വീഴുന്നതിന്റെ ശബ്ദം ദൂരെ മാറിയിരുന്ന അവരുടെ ഉള്ളിൽ വന്നു തറച്ചപ്പോഴാണ്, രണ്ടുപേരും ഒട്ടി ചേർന്നിരുന്ന മുഖങ്ങൾ രണ്ടും വേർപിരിച്ചത്.
“എന്ത് തോന്നുന്നു നിനക്ക്? “
അവൾ ചോദിച്ചു. ചോദ്യത്തിൽ കിതപ്പിന്റെ കുത്തൽ അനുഭവപ്പെടുന്നത് അവൻ ശ്രദ്ധിച്ചു.
“നിന്നെ ഇപ്പോഴും മനസിലാക്കാൻ സാധിക്കുന്നില്ല. പക്ഷേ, അത്രമേൽ അപരിചിതത്വം നിലനിൽക്കുമ്പോഴും നിന്റെ മുഖത്ത്, നീല കലർന്ന കണ്ണുകളിൽ നോക്കി എത്രനേരം വേണമെങ്കിലും സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്.. ഒളിച്ചു വെക്കാൻസാധിക്കാത്ത കുമ്പസാരം.”
അവളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ അവന് ഏറെ ഇഷ്ടമായിരുന്നു.
സ്കൂളിൽ നിന്ന് പോകുന്ന യാത്രകൾക്ക് പ്രത്യേക ഭംഗിയാണ്. സംരക്ഷണത്തിന്റെ മതിൽ കെട്ടുകൾ കൂടുതലുള്ള സ്കൂളിൽ നിന്നു വന്ന അവർ രണ്ടുപേർക്കും, മറ്റുള്ളവരെ കബളിപ്പിക്കുന്നതിൽ അതിയായ സന്തോഷം കിട്ടിയിരുന്നു.
“നാളെ നമ്മൾ മടങ്ങി പോകും, തിരിച്ചു സ്കൂളിലേക്ക്. പിന്നെ പരീക്ഷ. അത് കഴിഞ്ഞു ഞാൻ തിരികെ നാട്ടിലേക്ക് പോകും.”
അവൾ പറഞ്ഞു.
“ഇവിടെ തന്നെ നിന്ന് പഠിച്ചുകൂടെ? “
നീലക്കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു.
“എന്തിന്. എനിക്ക് പോകണം. ആരംഭത്തിലെ നിന്നോട് ഞാൻ പറഞ്ഞതാണ്, എല്ലാകാലവും കൂടെകാണും എന്നുള്ള അഷ്വറൻസ് പോളിസിയൊന്നും ഞാൻ തരികില്ലായെന്ന്.”
അവനതിന് ശരി വെച്ചു. ഇവിടെയുണ്ടാകുന്ന പ്രശ്നമിതാണ്. രണ്ടുപേർ തമ്മിൽ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ അപകടത്തെ ഞാനിവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് മറ്റൊന്നുമല്ല, അവർ തമ്മിലൊരിക്കലും വാക്കുകൾ പാലിക്കുകയില്ല എന്നതാണ്. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ട് ആരംഭിക്കുന്ന ബന്ധങ്ങളിൽ, അവർ കാലക്രമേണ പല തിരുത്തലുകൾ, തമ്മിൽ യോജിക്കാൻ പറ്റാത്ത പിഴവുകൾ കാണിക്കുന്നു എന്നത് തന്നെ ഇതിലെ ഏറ്റവും വലിയ ഭോഷ്‌കുകളിൽ ഒന്നാണ്.
ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്നാണ്, നിമിഷനേരങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന, അഭിപ്രായ വ്യത്യാസങ്ങളും, മാനസിക പ്രക്ഷുബ്ധങ്ങളും.
അതിനുദാഹരണമാണ് അറുപത്തിയേഴ് മിനിട്ടുകൾ ഒന്നിച്ചിരുന്നതിന് ശേഷം, റിവർ റാഫ്റ്റിംഗ് കഴിഞ്ഞു മറ്റുള്ളവർ വന്നപ്പോൾ അവർക്കൊപ്പം ബസ്സിലേക്ക് കയറാൻ നേരം, ഒരു കാരണവും കൂടാതെ അവൾ അവനോടു പറഞ്ഞകാര്യം:
“രാത്രി എന്റെ മുറിയിലേക്ക് നീ വരുമോ?
പക്ഷേ, ശീതകാറ്റ് ആഞ്ഞു വീശുന്ന കൂർഗിലെ ആ രാത്രിയിൽ മൂന്നാം നിലയിലെ മൂലയിലിരിക്കുന്ന ഇടുങ്ങിയ മുറിയിലുന്നവർ മരണത്തെ കുറിച്ച് സംസാരിക്കുന്നു.
ഒന്നര വർഷങ്ങൾക്ക് മുമ്പ് അവളെ ആദ്യം കണ്ട നേരത്തെക്കുറിച്ചാലോചിക്കുകയായിരുന്നു അവൻ.
അന്നാണ് അവളുടെ തോളിൽ അവൻ ആദ്യമായി തൊടുന്നത്. പഞ്ഞിക്കെട്ടുകൾ കുത്തിനിറച്ച ചാക്കിൽ തൊടുമ്പോലെ എന്ന് അവളുടെ പരുപരുപ്പൻ വസ്ത്രത്തിന് മുകളിലൂടെയുള്ള സ്പർശനത്തെ അവൻ വ്യാഖ്യാനിച്ചത്.
“നാലുമണി നേരത്ത് ഞാൻ പറഞ്ഞത് കള്ളമാകണേ എന്നല്ലേ നീ ഇപ്പോൾ ആലോചിക്കുന്നത്? “
“അല്ല, ഇനി ഇതുപോലൊരു നീലക്കണ്ണുകളിൽ നോക്കി എനിക്ക് സംസാരിക്കാൻ ആകുമോ എന്നാണ്. “
അതുകേട്ടവൾ പൊട്ടിച്ചിരിച്ചു.
ഭ്രാന്തമായി.

ഒരുനിമിഷം അവൻ ഭയന്നു. തൊട്ടപ്പുറത്തു ആളുകളുണ്ട്. അധ്യാപകർ, കൂടെ പഠിക്കുന്നവർ. ഈ ചിരി അവരിലേക്ക് എത്തിയാൽ….
ചിന്ത വഴിമാറിയ നിമിഷം അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചവൾ പറഞ്ഞു :
“നിനക്ക് നാളെയെക്കുറിച്ചാണ് ചിന്ത. അതിന്റെ തെളിവാണ് മുഖത്ത് കാണുന്ന ഭയം.”
അവനൊന്നും മിണ്ടാതെ അവളുടെ നീലക്കണ്ണുകളിലേക്ക് നോക്കിയിരുന്നു.
“നിനക്ക് മരിക്കാൻ പേടിയുണ്ടോ?”
“എന്തിനിപ്പോൾ അതിനെ കുറിച്ച്..”
“എങ്കിൽ വേണ്ട, നിനക്ക് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമുണ്ടോ? “
“ഉണ്ട്. “
“ഞാൻ വേറൊരാളെ കല്യാണം കഴിച്ചത് അറിഞ്ഞാൽ,നീ എന്ത് ചെയ്യും. “
ആ രാത്രിയിൽ, അവളിൽ നിന്നു ഉതിർന്നു വീഴുന്ന ചോദ്യങ്ങളെ അവൻ ഇഷ്ടപ്പെട്ടിരുന്നു. സങ്കീർണതനിറഞ്ഞ മനസ്സിലേ കുരുക്ക് അഴിക്കുന്നതുപോലെയാണ് അവനതൊക്കെയും തോന്നിയത്. അവനും അത് ആഗ്രഹിച്ചിരുന്നു.
“അവൻ മരിക്കാൻ ഞാൻ കാത്തിരിക്കും.”
ചെവി ചേർത്ത് പിടിച്ചു അടക്കിപിടിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു:
“കോളറ കാലത്തെ പ്രണയം, ലൈബ്രറിയിൽ തിരിച്ചു കൊണ്ട് വെക്കണം കേട്ടോ…”
മുമ്പ് സൂചിപ്പിച്ച മാനസിക സങ്കീർണതകളുടെ മറ്റൊരു ഉദാഹരണമായിരുന്നു ക്ലാസ്സ് കഴിഞ്ഞു തിരികെ നാട്ടിലേക്കുള്ള യാത്രയിൽ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയത്.
സ്കൂൾ ഹോസ്റ്റലിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ അവനെ അവൾ വിളിച്ചു വരുത്തിയതും,പോകും വഴിയിൽ അവന്റെ ചോദ്യങ്ങൾക്ക് ഒരു ഉത്തരവും നൽകാതെ ബൈക്കിന്റെ പിൻസീറ്റിൽ വെറുതെ ഇരുന്നതിനും എല്ലാം… ഒടുക്കം, ട്രെയിൻ അനൌൻസ് ചെയ്ത നേരം അവളിൽ നിന്ന് അങ്ങനെയൊരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല :
“ഡിഗ്രി ഞാൻ നാട്ടിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ നിന്ന് ഒരുപാട് പേര് അവിടെ വന്നു പഠിക്കുന്നുണ്ട്. “
അവനതിന് മറുപടി നൽകിയില്ല. പക്ഷേ ട്രെയിൻ വന്നു അതിൽ കയറുന്നതിനു മുമ്പ് ഒരിക്കൽ കൂടെ അവൾ അവനെ നോക്കി. എവിടെയോ ഉത്തരം കിട്ടാതെ വിഷമിച്ചിരിക്കുന്ന ചോദ്യവുമായി.
” ഈ നഗരംവിട്ടൊരു ജീവിതമെനിക്ക്….”
****
റിമി നഗരത്തിലേക്ക് വരാൻ ടിക്കറ്റ് എടുത്തെന്നു ഉച്ചക്ക് വിളിച്ചു പറഞ്ഞു… നാളെ അവളെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ ചെല്ലണമെന്നും രാത്രി, കോളേജിൽ പഠിച്ചപ്പോൾ വൈകുന്നേരങ്ങൾ ചിലവിട്ടിരുന്ന അവൻ താമസിക്കുന്ന ലോഡ്ജിൽ അവളുമുണ്ടാകുമെന്നും പറഞ്ഞപ്പോൾ നാളുകൾക്ക് ശേഷം കാണുന്നതിന്റെതായ ഒരു ആകാംഷയും അവനിൽ ഉണ്ടായില്ല.
പക്ഷേ, അന്ന് രാത്രിയിൽ വന്ന വാട്സ്ആപ്പ് മെസ്സേജ് അവന്റെയുള്ളിൽ സ്ഫോടനം ഉണ്ടാക്കിയിരുന്നു. ഭീതി നിറഞ്ഞ കാര്യങ്ങൾ കാണുമ്പോഴെല്ലാം അവന്റെ കൈപ്പത്തികൾ കൂട്ടി ഇടിക്കാറുണ്ടായിരുന്നു. വിറച്ച കൈകളിൽ നിന്ന് മൊബൈൽ കട്ടിലിലേക്ക് വീണു. സേവ് ചെയ്യാത്ത അൺനോൺ നമ്പറിൽ നിന്ന് വന്ന മെസ്സേജ് വായിച്ച നേരമെല്ലാം അവന്റെയുള്ളിൽ കൂർഗിലെ ശീതകാറ്റ് ആഞ്ഞുവന്നു കുത്തികൊണ്ടിരുന്നു. ആ രാത്രി അവൻ ഉറങ്ങിയില്ല. മഞ്ഞുതുള്ളികൾ ഏറ്റവനു നീറി. ഓർമകളുടെ ഭാരം അവനെ ശ്വാസം മുട്ടിച്ചു.
അതിന്റെ ഒടുക്കാമെന്നോണം രാത്രിയുടെ അവസാനത്തിലെപ്പോഴോ അവൻ ആത്മഹത്യ ചെയ്തു.
മൊബൈലിലെ സ്ക്രീൻ ലൈറ്റ് ഓഫ് ആകാനെടുക്കുന്ന അഞ്ചു മിനിറ്റോളം സ്‌ക്രീനിൽ ആ മെസ്സേജ് തെളിഞ്ഞു നിന്നു.
