
ബെംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി അനുമതി നൽകി.
മദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായതായി കര്‍ണാടക പോലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലെ കോടതിയില്‍ എത്തണമെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
ഫലത്തില്‍ പോലീസിന്റെ അകമ്പടി ഇല്ലാതെ മദനിക്ക് കേരളത്തില്‍ തങ്ങാം. ചികിത്സാർത്ഥം കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് മദനിക്കുവേണ്ടി ഹാജരായ കപില്‍ സിബലും, ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കൊല്ലം പോലീസിനെ അറിയിച്ചശേഷം ചികിത്സയ്ക്ക് മറ്റുസ്ഥലങ്ങളില്‍ പോകാന്‍ അനുമതി നല്‍കിയത്. മദനിയുടെ ആരോഗ്യനില മോശമായി വരികയാണെന്നും ഇരുവരും കോടതിയെ അറിയിച്ചു.
ജാമ്യ വ്യവസ്ഥയില്‍ ഇളവുഅനുവദിച്ച് കേരളത്തിലേക്ക് പോകുന്നതിനെ സംസ്ഥാനം എതിര്‍ത്തതായി ഉത്തരവില്‍ രേഖപെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാനം ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിര്‍ക്കരുത് എന്ന് ബെഞ്ച് ചൂണ്ടികാട്ടി.


