പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ തമ്മിൽ പരസ്പര സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം ആകുന്നത് എങ്ങിനെ എന്ന് സുപ്രീം കോടതി. ഇതിനെ ബലാത്സംഗ പരിധിയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിൻ്റെ നിലപാട് ആരാഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശിയ വനിതാകമ്മിഷൻ തുടങ്ങിയവയോട് നിലപാട് ആരാഞ്ഞത്. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള റോമിയോ – ജൂലിയറ്റ് നിയമം ഇന്ത്യയിൽ ബാധകമാക്കുന്നത് സാധ്യമാവില്ലെ എന്നാണ് പരിഗണിക്കുന്നത്.
2012- ലെ പോക്‌സോ നിയമ പ്രകാരം ഇത് ബലാത്സംഗ പരിധിയിലാണ് വരുന്നത്. ഈ നിയമ പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ പരസ്പരം നൽകുന്ന സമ്മതത്തിന് നിയമപ്രാബല്യം ഇല്ല. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ഏർപ്പെടുന്ന ലൈംഗികബന്ധത്തെ ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്.
375-ാം വകുപ്പുപ്രകാരം 16 വയസിന് താഴെയുള്ള പെൺകുട്ടികളുമായി അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ആൺകുട്ടികൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യും.
പെൺകുട്ടി ഗർഭിണി ആയാലോ, പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയാലോ ആണ് ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. അഭിഭാഷകൻ ഹർഷ് വിബോർ സിംഗാൾ സുപ്രീം കോടതിയിൽ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിച്ചാണ് ചർച്ച തുടങ്ങിയിരിക്കുന്നത്.
റോമിയോ ജൂലിയറ്റ് നിയമം
വിദേശ രാജ്യങ്ങളിൽ പലയിടത്തും ഇതിൽ ഇളവുണ്ട്. റോമിയോ ജൂലിയറ്റ് നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തിൽ ആൺകുട്ടികൾക്ക് പരിരക്ഷ നൽകുന്ന നിയമത്തിന് ഇന്ത്യയിലും പ്രാബല്യം നൽകണമെന്നാണ് പൊതു താത്പര്യ ഹരജിയിൽ ആവശ്യപ്പെട്ടത്.
റോമിയോ ജൂലിയറ്റ് നിയമ പ്രകാരം, ആൺകുട്ടിക്ക് പെൺകുട്ടിയേക്കാൾ നാല് വയസ് പ്രായം അധികം ഇല്ലെങ്കിൽ കേസും അറസ്റ്റും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിരക്ഷ ലഭിക്കും. 18 – 19 വയസുള്ള ആൺകുട്ടികൾക്ക് 16 – 18 വയസുള്ള പെൺകുട്ടികളുമായുള്ള ബന്ധത്തിൽ ഇത് ബലാത്സംഗ കേസിൽ നിന്നും വിടുതി നൽകും.