മണിപ്പൂർ സന്ദർശിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് സംഘത്തിൽപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് മണിപ്പൂർ സർക്കാരിനോട് കോടതി നിർദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീംകോടതിയെ ആവശ്യപ്പെട്ടിരുന്നു.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘം ആഗസ്റ്റ് 7 മുതല്‍ 10 വരെ നാല് ദിവസങ്ങളിലായാണ് സംസ്ഥാനത്ത് നടന്ന വംശീയകലാപവും മാധ്യമങ്ങളുടെ നിലപാട് അടക്കമുള്ള വിഷയങ്ങളിലും പഠനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരായ ഭരത് ഭൂഷണ്‍, സീമ ഗുഹ, സഞ്ജയ് കപൂര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് 24 പേജുള്ള പഠനം തയ്യാറാക്കിയത്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇജിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോണ്‍സര്‍ ചെയ്തതെന്നും ആരോപിച്ചാണ് വസ്തുതാന്വേഷണ സമിതിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തത്. മണിപ്പൂരിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ പരാതിയില്‍ ഇംഫാല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.