സ്വകാര്യ ബസ്സുകളുടെ സംഘടിത വിലപേശൽ മറികടന്ന് നിയമ പാലനം കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഹെവി വെഹിക്കിള്‍ വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന നിലപാട് കടുപ്പിച്ചു. ആറുദിവസത്തിനിടെ വിവിധ ജില്ലകളിലായി നാനൂറിലധികം ബസുകൾ ഫിറ്റ്നസ് പരിശോധനയ്‌ക്കെത്തിയതിൽ 250-ഓളം ബസുകളെ ക്യാമറയും സീറ്റ് ബെല്‍റ്റുമില്ലാത്തതിനാല്‍ ഫിറ്റ്നസ് നല്‍കാതെ തിരിച്ചയച്ചു.
നവംബര്‍ ഒന്നുമുതലാണ് ഇവ നിര്‍ബന്ധമാക്കിയത്. പലതവണ നീട്ടി നൽകിയ ശേഷമാണ് നിയമ പാലനം ഉറപ്പാക്കാൻ നീക്കമുണ്ടായത്. കെ എസ് ആർ ടി സിക്ക് വേണ്ടിയും സർക്കാർ മൌനം പാലിച്ചു. ഇനിയിപ്പോൾ ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ പ്രശ്നമാവുന്ന ഘട്ടമായിരുന്നു.
സംസ്ഥാനത്ത് 7000-ത്തോളം സ്വകാര്യബസുകളാണുള്ളത്. ഇതില്‍ 1260 ബസുകളിലാണ് ഇതുവരെ ക്യാമറ വെച്ചിട്ടുള്ളത്. റോഡിലെ ദൃശ്യങ്ങളും ബസിനകത്തെ ദൃശ്യങ്ങളും വ്യക്തമാകുന്ന രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഇതിനെ സംഘടിതമായി വിവിധ കാരണങ്ങൾ ഉന്നയിച്ച് ബസ്സുകൾ മാത്രം പിൻവാങ്ങി നിൽക്കുകയായിരുന്നു. ഇതിനിടെ വിദ്യാർഥികളുടെ സൌജന്യം ഇല്ലാതാക്കാൻ സമരം നടത്തി. കോടതി പോലും വിലക്കിയ മിന്നൽ പണിമുടക്ക് നടത്തി ഒരു നടപടിയും ഇല്ലാതെ രക്ഷപെട്ടു. ഇവയ്ക്കെല്ലാം ശേഷമാണ് വകുപ്പ് നടപടി കർശനമാക്കിയിരിക്കുന്നത്.
ന്യായങ്ങൾ പഴയത്, പലത്
ക്യാമറ സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം സാമ്പത്തികപ്രയാസമാണെന്ന് സ്വകാര്യബസ് ഉടമകള്‍ പറയുന്നു. 15,000 രൂപയോളം ചെലവാകും. സര്‍ക്കാര്‍ 5000 രൂപ സബ്സിഡി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല. ഇതിനുപുറമെ സിം ചാര്‍ജ് ചെയ്യാനും മറ്റും മാസംതോറും ചെലവുണ്ട്. ക്യാമറ കിട്ടാനില്ലാത്തതാണ് മറ്റൊരുപ്രശ്‌നം. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇത് നടപ്പായിട്ടില്ല. എന്നിങ്ങനെയാണ് ബസ് ഓണേഴ്സ് ഉന്നയിക്കുന്ന പതിവ് പ്രശ്നങ്ങൾ.
വിദ്യാർഥികളുടെ കീശയിൽ കണ്ണും നട്ട്
ക്യാമറയുടെയും സീറ്റ് ബെല്‍റ്റിന്റെയും പേരിലല്ല അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നേരത്തേ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി അഞ്ചുരൂപയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒന്നരവര്‍ഷം മുന്‍പ് നിയമിച്ച ഡോ. രവി രാമന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ എന്നതിനുപോലും അധികൃതര്‍ മറുപടിനല്‍കുന്നില്ല. എന്നിങ്ങനെയാണ് ബസ് ഓണേഴ്സ് ന്യായീകരണം.
വിദ്യാർഥി കൺസഷൻ സർക്കാർ വിവിധ ഇനങ്ങളിലായി വകവെച്ച് നൽകുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും വിദ്യാർഥകളുടെ കൺസഷൻ എന്നത് പൂർണ്ണ സൌജന്യം ആക്കുമ്പോഴാണ് കേരളത്തിൽ ചാർജ് വർധിപ്പിക്കാനുള്ള ലോബിയിങ് നടത്തുന്നത്. ഇതിൽ കെ എസ് ആർ ടി സി താത്പര്യവും ഇടകലരുന്നു. മാത്രമല്ല മലബാറിൽ വിദ്യാർഥി കൺസഷൻ കോർപ്പറേഷൻ അനുവദിക്കുന്നുമില്ല. വിദ്യാർഥി സംഘടനകളും മാറി വരുന്ന സർക്കാരുകളുടെ പക്ഷം പിടിച്ച് ഇക്കാര്യത്തിൽ മൌനം പാലിക്കുകയാണ്.