കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്. കയർക്കരുത് എന്ന് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു. തുടർന്ന് മർദ്ദിക്കാൻ ഓങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
ഷബ്നയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ്. ഷബ്ന ജീവനൊടുക്കുന്ന തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ് ഷബ്ന തന്നെ ഫോണിൽ എടുത്ത വീഡിയോയാണിത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയുടെ വിചിത്രമായ കല്പനകൾ. ഇയാൾ കുടുംബത്തിൽ കയറി യുവതിയെ ആൺ എന്ന അധികാരം പ്രയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കയും ചെയ്യുകയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
ഷബ്‌നയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചെന്ന് വിഡിയോയില്‍ ഷബ്‌ന സൂചിപ്പിക്കുന്നുണ്ട്. താന്‍ ഈ വീട്ടില്‍ നിന്ന് പോകണമെങ്കില്‍ അത് തന്റെ ഭര്‍ത്താവ് പറയട്ടേ എന്നാണ് ഷബ്‌ന ബന്ധുവിനോട് പറയുന്നത്. താന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും തല്ലുന്നെങ്കില്‍ തല്ലിക്കോ എന്നും ഷബ്‌ന പറയുന്നു.
ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭർത്താവിന്‍റെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ഉടൻ പൊലീസ് ചോദ്യം ചെയ്യും. ഷബ്ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്നയെ മർദിച്ച ഹനീഫയെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഷബ്ന മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.