സംസ്ഥാനത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നിർദ്ദേശ പ്രകാരമാണ്. 88 സ്‌ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.
148 കടകളിലെ വില്പന തടഞ്ഞു
മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷവര്‍മ വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയ 148 കടകളിലെ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. മയൊണൈസ് തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു.
ഷവർമ കടകൾക്കും മയോണൈസിനും ആരോഗ്യ വകുപ്പ് നിബന്ധനകൾ അറിയാം
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകംചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം.- ഭക്ഷണം കൈകാര്യംചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.
- കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വെക്കാൻ പാടില്ല.
- ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (നാല് ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെമ്പറേച്ചര്‍ മോണിറ്ററിങ് റെക്കോര്‍ഡ്സ് കടകളില്‍ സൂക്ഷിക്കണം.
- ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
- ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല.
- കോണില്‍ നിന്നും സ്‌ലൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിങ്ങോ ഓവനിലെ ബേക്കിങ്ങോ ചെയ്യണം.
പിഴ പത്ത് ലക്ഷം വരെ
- മയൊണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയൊണൈസോ മാത്രം ഉപയോഗിക്കുക.
- മയൊണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വെക്കരുത്.
- പാസ്ച്വറൈസ് ചെയ്ത മയൊണൈസാണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കിവന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസത്തില്‍കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യരുത്.
- പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ പാകംചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് വ്യക്തമായി ചേര്‍ക്കണം.
- ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ എടുത്ത് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
- ഇത് ലംഘിക്കുന്നവരില്‍നിന്ന് പത്ത് ലക്ഷം രൂപവരെ പിഴ ഈടാക്കാം.