പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതി എസ് ഐയുടെ സ്കൂട്ടറിൽ ലിഫ്ട് ചോദിച്ച് കയറി. അന്വേഷിച്ചു നടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിലാണ് കൈകാട്ടി നിർത്തിച്ച് കയറിയത്.
കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്. മറ്റൊരു കേസുമായ ബന്ധപ്പെട്ട യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബിൻസ്‌രാജിനോടാണ് പ്രതി ലിഫ്ട് ചോദിച്ചത്.
അസ്വാഭാവികത ഒന്നും തോന്നാതെ തന്നെ എസ് ഐ ജോമോനെ വണ്ടി നിർത്തി സ്കൂട്ടറിൽ കയറ്റി. മുന്നോട്ട് പോകവെ കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്.ഐ. യുടെ സ്കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് പ്രതി തിരിച്ചറിഞ്ഞത്.
ഇതോടെ ചാടി ഇറങ്ങി ഓടി. എസ്.ഐ. പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു. പക്ഷെ പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്.ഐ.യും അലിൻഡിൻ കമ്പനിക്ക് മുന്നിൽ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ്. പ്രവർത്തകരും ചേർന്ന് പിടികൂടി.
കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി. കിഴക്കേ കല്ലട സ്റ്റേഷനിൽ, മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു.


