വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരുവന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകരുണ്ടാവുമെന്ന പ്രസ്താവനയാണ് വിവാദത്തിലായത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ സത്താർ എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലാണ് പരാമർശം നടത്തിയത്.
സമസ്തയുടെ കേന്ദ്രമുഷാവറ ഒരു കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആ മുഷാവറയുടെ തീരുമാനം അവസാനശ്വാസം വരെ നടപ്പിലാക്കാന്‍ നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരുവന്നാലും ആ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു വേണ്ടി ജനിച്ച അതിനുവേണ്ടി ജീവിക്കുന്ന അതിനുവേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്, സത്താർ പന്തല്ലൂർ പറഞ്ഞു.
സമസ്തയല്ലാതെ മറ്റൊരു പ്രസ്ഥാനത്തോടും യാതൊരുവിധ കൂറുമില്ല. തലയിരിക്കുമ്പോൾ വാലാടേണ്ടതില്ല എന്നും സാദിഖലി തങ്ങളെ ഉദ്ദേശിച്ച് വേദിയിൽ പറഞ്ഞു.
ജാമിയ നൂരിയ സമ്മേളനവുമായി ബന്ധപ്പെട്ട് വിലക്കപ്പെട്ട നേതാക്കളിലൊരാളാണ് സത്താര്‍ പന്തല്ലൂര്‍.