ഓർമ്മകളുടെ പുസ്തകം
ജയശങ്കർ ശങ്കരനാരായണൻ

ഓർമ്മകൾ നഷ്‌ടപ്പെടുന്ന ഒരു ദിവസം ജീവിതത്തിൽ സംഭവിക്കുമോ എന്നൊരു ഭീതി വന്നു തുടങ്ങിയപ്പോൾ ഓർക്കാൻ കഴിയുന്നതൊക്കെ ഞാൻ എഴുതിത്തുടങ്ങി. ഓർമ്മകൾ നഷ്‌ടപ്പെട്ടാൽ എനിക്ക് എന്നെത്തന്നെ നഷ്‌ടപ്പെടുന്നപോലായിരുന്നു.
എൻ്റെ ഓർമ്മകളും അനുഭവങ്ങളുമാണ് ഈ പുസ്‌തകത്തിൽ ഞാൻ കഥകളായി അവതരിപ്പിച്ചിരിക്കുന്നത്. ഭാവനയുടെ രസങ്ങൾ കലർത്താതെ ഓർമ്മകളെ പകർത്തുമ്പോൾ എഴുത്തിൽ സത്യസന്ധത പുലർത്താൻ കഴിയണമേ എന്ന പ്രാർത്ഥന മനസ്സിൽ ഉണ്ടായിരുന്നു.
ഈ പുസ്‌തകത്തിലെ ഓരോ കഥയും എൻ്റെ മനഃസാക്ഷിക്കുറിപ്പുകളാണ്. ഞാൻ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചവരും അക്ഷരങ്ങളിലൂടെ പുനർജ്ജനിക്കുകയായിരുന്നു. മൺമറഞ്ഞുപോയ ബന്ധുജനങ്ങളും, സുഹൃത്തുക്കളും, മറ്റു പ്രിയപ്പെട്ടവരും ഒരിക്കൽ എന്നെ സ്നേഹിച്ചവരായിരുന്നു. കാലം നീങ്ങുമ്പോൾ ഞാനും മാഞ്ഞുപോകും. അപ്പോഴും ക്ഷരം (നാശം) ഇല്ലാത്ത അക്ഷരങ്ങളിൽ ഈ ഓർമ്മകൾ തുടർന്നും ജീവിക്കും.
മൂന്ന് പതിറ്റാണ്ടു മുമ്പായിരുന്നു ഞാൻ മുംബയിൽ വന്നത്. മഹാനഗരത്തിൽ ഞാൻ ഏകനായിരുന്നു. ഏകാന്തതയിൽ എനിക്ക് കൂട്ടിരിക്കാൻ വന്നത് ഓർമ്മകളായിരുന്നു. ഓർമ്മകളെ താലോചികൊണ്ട് ഞാൻ എൻ്റെ ഏകാന്തതയെ സമ്പന്നമാക്കിയിരുന്നു. അധികമായി പുസ്‌തകങ്ങൾ വായിച്ചു തുടങ്ങിയതും മുംബയിൽ വന്നതിനു ശേഷമായിരുന്നു. അന്ന് മുംബൈ ബോംബെയായിരുന്നു. ഞാൻ ആദ്യമായി മുംബയിൽ വന്ന ദിവസത്തെ ഓർമ്മകളാണ് ‘മുംബയിൽ ആദ്യം വന്ന ദിവസം’ എന്ന കഥ.
എൻ്റെ ചിറ്റപ്പനും സംഗീതജ്ഞനുമായ ശ്രീ. തൃക്കൊടിത്താനം ജി. രവീന്ദ്രനാഥിനെ ഞാൻ ഓർമ്മിക്കുന്ന കഥയാണ് ‘എന്ദരോ മഹാനുഭാവുലു അന്ദരികി വന്ദനമു’ എന്ന കഥ. ചിറ്റപ്പൻ മരിച്ച ദിവസം അദ്ദേഹം ജേഷ്‌ഠ സഹോദരനെ പോലെ സ്നേഹിച്ചിരുന്ന പ്രശസ്ത സംഗീതജ്ഞനായ ശ്രീ. ആലപ്പി രംഗനാഥ് എന്നോട് ഫോണിൽ സംസാരിച്ചവസാനിപ്പിക്കുമ്പോൾ പാടിയ ഒരു വരിയായിരുന്നു ‘എന്ദരോ മഹാനുഭാവുലു അന്ദരികി വന്ദനമു’. ശ്രീ. ആലപ്പി രങ്കനാഥും ഇന്ന് ഓർമ്മയായി കഴിഞ്ഞിരിക്കുന്നു.
ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അനിയൻ്റെ അപ്രതീക്ഷിത മരണ ദിവസത്തിൻ്റെ മങ്ങാത്ത ഓർമ്മകളാണ് ‘അനിയൻ പോയ ദിവസം’ എന്ന കഥ. അഗാധതയുടെ നിശബ്ദതയിൽ അപ്രത്യക്ഷനായ അനിയൻ രവിശങ്കറിനാണ് ഈ പുസ്‌തകം ഞാൻ സമർപ്പിച്ചിരിക്കുന്നത്.
അനിയൻ്റെ വേർപാടിൻ്റെ ആഘാതത്തിൽ നിന്നും മുക്തരാകാതെ കഴിയുമ്പോളായിരുന്നു ഹൃദയാഘാതം വന്നു അമ്മയും വിടപറഞ്ഞത്. അമ്മ മരിച്ചു ഇരുപത്തിമൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ ഇന്നും വേദന ഉണർത്തുന്നു. ആ ഓർമ്മകൾ കഥയായതാണ് ‘ഒരു നോവായ് .. നനവായ് .. നിനവായ്’ എന്ന കഥ.
അനിയൻ്റെയും അമ്മയുടെയും വേർപാടിൻ്റെ വേദനയിൽ കഴിഞ്ഞ പതിനാറു മാസങ്ങൾക്കൊടുവിലായിരുന്നു ആരോഗ്യം ക്ഷയിച്ചു അച്ഛൻ ആശുപത്രിയിലാവുന്നത്. ഐസിയുവിൽ കഴിഞ്ഞ വേദനകളുടെ പത്തു ദിവസങ്ങൾക്കൊടുവിൽ അച്ഛൻ കണ്ണടച്ചു. അച്ഛനെ ഓർത്തുകൊണ്ട് ഞാൻ എഴുതിയതാണ് ‘തൊട്ടാവാടിമുള്ളുകൾ’ എന്ന കഥ.
ഇതുവരെ ജീവിച്ച ജീവിതത്തിൽ ഞാൻ അടുത്തറിഞ്ഞ, എനിക്ക് മറക്കാനാവാത്ത, ചില മനുഷ്യരുടെ കഥകളും സംഭവങ്ങളും ഈ ഓർമ്മകളുടെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻ്റെ അച്ഛൻ്റെ കൗമാരകാലത്തെ ഒരു ഒളിച്ചോട്ടത്തിൻ്റെ കഥയാണ് ‘ഒരു ബൊക്കാറോ സ്റ്റീൽ പ്ലാൻറ്റ് ദുരന്തം’. പരീക്ഷയിൽ പരാജയപ്പെട്ട ദുഃഖത്തിൽ അച്ഛൻ വീട് വിട്ടുപോയ കഥ അന്ന് ആ സംഭവങ്ങൾക്കൊക്കെ സാക്ഷിയായിരുന്ന അച്ഛൻ്റെ സഹോദരനായ ചന്ദ്രൻ ചിറ്റപ്പൻ എൺപതു കഴിഞ്ഞ വാർധക്യത്തിലും ഓർക്കുന്നു. ആ സംഭവം അച്ഛൻ്റെ പ്രകൃതത്തെ തന്നെ ഉലച്ച ഒരു സംഭവമായിരുന്നു. കലാപ കലുഷിതമായ യുദ്ധഭൂമി പോലുള്ള മനസ്സുമായി ജീവിച്ച അച്ഛൻ്റെ കഥയാണ് ‘ഒരു ബൊക്കാറോ സ്റ്റീൽ പ്ലാൻറ്റ് ദുരന്തം’.
ഈ പുസ്‌തകത്തിലെ എല്ലാ കഥകളും വ്യക്തിപരമാണ്. ‘ഞാൻ’ എന്ന കഥ എഴുതാനായിരുന്നു ഞാൻ ഏറ്റവുമധികം മനസ്സുരുക്കിയത്. എഴുതണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു. പക്ഷെ എൻ്റെ ഓർമ്മകളോട് പൂർണ്ണമായും സത്യസന്ധത പുലർത്തണമെങ്കിൽ ഞാൻ അതും എഴുതിയേ മതിയാവുമായിരുന്നുള്ളു. ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തുന്ന കഥയാണ് ‘ഞാൻ’ എന്ന അവസാന കഥ.
2024 ലെ ക്രിസ്മസ് രാവിൽ എംടി വിടപറയുമ്പോൾ എൻ്റെ ഓർമ്മകളുടെ ഈ പുസ്തകത്തിന് ഒരു പേരിട്ടിരുന്നില്ല ഞാൻ. ഒരു രാത്രിയും ഒരു പകലും ഞാൻ ടിവിയിൽ കണ്ണും നട്ടിരുന്നു. ഒടുവിൽ കോഴിക്കോട്ടെ മാവൂർ റോഡിലെ നവീകരിച്ച വൈദ്യുത ശ്മശാനത്തിൽ എംടി പ്രവേശിച്ചപ്പോൾ ആ പദം ഒരു മുഴക്കത്തോടെ എൻ്റെ ഹൃദയത്തിൽ വന്നു പതിച്ചു .. സ്മൃതിപഥം.
എംടിയുടെ ഓർമ്മകൾക്ക് മുന്നിൽ നമസ്കരിച്ചുകൊണ്ട് ഞാനെഴുതി .. സ്മൃതിപഥങ്ങൾ.

