വനിതാ സംവരണ ബിൽ നടപ്പാക്കുമ്പോൾ പട്ടികജാതി/പട്ടികവര്‍ഗ, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഉൾപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയാ ഗാന്ധി. ബില്‍ നടപ്പാക്കുന്നതിൽ ഏതുതരത്തിലുള്ള കാലതാമസമുണ്ടായാലും അത് ഇന്ത്യന്‍ സ്ത്രീകളോടുള്ള കടുത്ത അനീതിയായിരിക്കും. കോൺഗ്രസ് ബില്ലിനെ പിന്തുണയ്ക്കുന്നതായും സോണിയ സഭയില്‍ അറിയിച്ചു.
ബില്ലിൽ മണ്ഡല പുനർ നിർണയത്തിന് ശേഷം മാത്രമാണ് സംവരണം നടപ്പാക്കുക എന്ന ഉപാധി വെച്ചിട്ടുണ്ട്. ഇത് സെൻസസിന് ശേഷമാവും സാധ്യമാവുക. ഇതോട വർഷങ്ങൾ എടുക്കുന്ന പ്രക്രിയയാവും. ഈ സാഹചര്യത്തിലാണ് കാലതാമസത്തെ കുറിച്ചുള്ള സോണിയയുടെ സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഭരണ പ്രതിപക്ഷങ്ങൾ ഒന്നും തന്നെ വ്യക്തമായ ധാരണ അവതരിപ്പിക്കയും ചെയ്തില്ല.
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് തുടക്കം
എനിക്ക് ഇതൊരു വൈകാരിക നിമിഷമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ആദ്യമായി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. അദ്ദേഹത്തിന്റെ സ്വപ്‌നം ഭാഗികമായേ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളൂ. ഈ ബില്‍ പാസാകുന്നതോടെ അത് പൂര്‍ണമാകും. തടസ്സങ്ങളെല്ലാം നീക്കി ബില്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും സോണിയ പറഞ്ഞു.
പുകനിറഞ്ഞ അടുക്കള മുതല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയംവരെ നീണ്ടതാണ് ഇന്ത്യന്‍ സ്ത്രീകളുടെ യാത്ര. അത് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. വിശ്രമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും അവര്‍ ചിന്തിക്കുന്നില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.


