ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയായി ഉയരുന്നിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിൻ്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ലക്ഷ്യമുള്ള ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്.
ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ. വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊർജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. മനുഷ്യർ തമ്മിലുള്ള ചേരിതിരിവുകൾ രൂക്ഷമായിരുന്ന, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ കേരളീയ ജീവിത പരിസരങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്.
ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്തു. ചൂഷണവ്യവസ്‌ഥയെ തുറന്നെതിർക്കാനും സവർണ്ണ മേൽക്കോയ്മാ യുക്തികളെ ചോദ്യം ചെയ്യാനും ഗുരു ഊർജ്ജം പകർന്നുനൽകി. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ഉദ്ഘോഷിച്ചത്. ശാസ്ത്രബോധവും മാനവികതാ ബോധവും ഒരുപോലെ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ തെളിഞ്ഞുനിന്നിരുന്നു. സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു നവോത്ഥാന നായകനുണ്ടാവില്ല കേരള ചരിത്രത്തിൽ.
ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും കാരണമാണ് കേരളം ഇന്നത്തെ കേരളമായത്. ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണ്. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.
മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം നമുക്ക് മുറിച്ചു കടന്നേ കഴിയൂ. ഈ വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും നമുക്ക് ഊർജ്ജമാവട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.
ഇന്ന് ശ്രീനാരായണഗുരു ജയന്തി. വിശ്വമാനവികതയുടെ കേരളീയ മാതൃക
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട സാമൂഹികവിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. ജാതീയമായ വിവേചനങ്ങൾക്കെതിരെയും സാമൂഹിക അനാചാരങ്ങൾക്കെതിരെയും നിരന്തരപോരാട്ടത്തിൽ ഏർപ്പെട്ട ഗുരുവിന്റെ ദർശനങ്ങൾക്ക് പുതിയകാലഘട്ടത്തിൽ പ്രസക്തി വർധിച്ചുവരികയാണ്.
തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ചതയദിനത്തിൽ ജനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ മതമടക്കം സമൂഹത്തിന്റെ സർവമേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നതായിരുന്നു. മനുഷ്യന്റെ സമഗ്രമായ വികസനമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്റെ തന്നെ രണ്ടു വശമാണെന്നും ഗുരു പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് സ്വതന്ത്രരാകാൻ, സംഘടന കൊണ്ട് ശക്തരാകാൻ ഗുരു ഉപദേശിച്ചു.
ജാതിസംബന്ധമായ ആചാരങ്ങൾ നിരർത്ഥകമാണെന്നും ജന്തുബലി പോലുള്ള പ്രാകൃതമായ ആരാധനാസമ്പ്രദായങ്ങൾ ഉപേക്ഷിക്കണമെന്നും ഗുരു ഉദ്ബോധിപ്പിച്ചു. അജ്ഞതയിൽ ആണ്ടുകിടന്നിരുന്ന ഒരു ജനതയിൽ ആത്മബോധത്തിന്റെ തിരികൊളുത്തലായിരുന്നു 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ. ജാതിഭേദവും മതദ്വേഷവും തീണ്ടാത്ത മാതൃകാസ്ഥാപനങ്ങൾ നിർമ്മിക്കാൻ ഗുരു മുൻകൈയെടുത്തു. മാനവരാശിയുടെ മുഴുവൻ പൂർണത മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഗുരു തന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ ആസൂത്രണം ചെയ്തത്.
സമൂഹത്തെ ബാധിച്ചിരുന്ന ജീർണിപ്പിന്റെ നേരെ വിരൽചൂണ്ടി, ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന ഒരു ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിടത്താണ് ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രസക്തമാകുന്നത്.


