കഥകൾ – ശ്രീലക്ഷ്മി പള്ളിപ്പാട്ട്
സമൂഹത്തിന്റെ തിരക്കിലും നിശ്ശബ്ദതയിലും മറഞ്ഞിരിക്കുന്ന ജീവിതസത്യങ്ങളിലേക്ക് നോക്കുന്ന കഥകൾ. അന്തരംഗവും ബാഹ്യലോകവും പരസ്പരം ചേർന്ന് വരച്ചെടുക്കുന്ന ഈ കഥകൾ, വായനക്കാരനെ സ്വന്തം അനുഭവങ്ങളും
അർത്ഥങ്ങളുമായി വീണ്ടും പൊതിയുന്ന ഒരു ആത്മപരിശോധനയിലേക്ക് ക്ഷണിക്കുന്നു. മനുഷ്യനെന്ന സങ്കീർണ്ണജീവിയുടെ
ജീവിതനിഴലുകളിൽ മറഞ്ഞിരിക്കുന്ന ചിന്തകളും ചോദ്യങ്ങളും വേദനയും ആനന്ദവും ആഘോഷവും എല്ലാം ഇഴചേരുന്ന സൂക്ഷ്മരസതന്ത്രം കഥകളിൽ തെളിയുന്നു.

കഥ വായിച്ചും കേട്ടുമുള്ള ശീലം, കുട്ടിക്കാലംതൊട്ടുള്ള കുത്തിക്കുറിക്കലുകൾ ഇതൊന്നും മാത്രമല്ല ഒരു പുസ്തകപ്രസിദ്ധീകരണത്തിന് ആവശ്യം എന്നറിയാം. വായനക്കാർക്ക് ആസ്വാദനമൊരുക്കുന്ന, വായനനയ്ക്ക് സുഖമേകുന്ന വസ്തുതകളും ഭാഷയും കഥയും വേണം. എന്റെ കുഞ്ഞെഴുത്തുകളിലതുണ്ടോ എന്നറിയില്ല. ഇത് എന്റെ സന്തോഷമാണ്. അത്രമാത്രമേ പറയാനറിയൂ…
അക്ഷരപ്പിച്ച നടത്തിച്ച മുത്തശ്ശനും വാക്കിൻവഴിയേ നടന്നപ്പോൾ കൈപിടിച്ചവരും എല്ലാം എന്റെ യാത്രയിലെ ഗുരുത്വങ്ങളായിക്കാണുന്നു. അതിനൊപ്പം മനസ്സറിഞ്ഞുകൂടിമുന്നേറാൻ പ്രചോദനമായത് ഷൊർണ്ണൂരെ എന്റെ മനശ്ശാസ്ത്രപഠനക്കളരിയിലെ സാറും കൂട്ടുകാരുമാണ്.



