2024 ജനുവരി 22 തിങ്കളാഴ്ച ആധുനിക ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഒരു നിർണ്ണായക ദിനമായിരിക്കും. അന്നാണ് അയോധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമജന്മഭൂമി ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുക. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർമ്മികത്വത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന ചടങ്ങിലൂടെയാണ് അത് നടക്കുക. 2019 -നവംബർ 9-ലെ സുപ്രീം കോടതിയിൽ നിന്നു വന്ന വിധിയിലൂടെയാണ് ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുക എന്ന സാധ്യത ഉരുത്തിരിഞ്ഞു വന്നത്.
ഇതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടിലേറെ നടന്ന വിവാദത്തിന് അന്ത്യം കുറിക്കപ്പെടട്ടെ എന്ന ചിന്തയോടെയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാലുവർഷം മുമ്പ് അയോധ്യാവിധി പുറപ്പെടുവിപ്പിച്ചത്. എന്നാൽ രാമക്ഷേത്രത്തിൻ്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ ചൂടുപിടിക്കുകയും അതിൻ്റെ പേരിൽ ഇന്ത്യയിൽ വലിയ രാഷ്ട്രീയ ധ്രുവീകരണം പിന്നീടിങ്ങോട്ട് വർദ്ധിക്കുകയും ചെയ്തു എന്നതാണ് നഗ്നമായ യാഥാർത്ഥ്യം.
![](/wp-content/uploads/2024/01/bab3.jpg)
ബാബരി മസ്ജിദ് തകർക്കുന്ന കർസേവകർ
‘ഹിന്ദു വോട്ട്’ എന്ന പുതിയ യാഥാർഥ്യത്തെ ഇന്ത്യൻ ജനാധിപത്യത്തിൽ ഉറപ്പിക്കുവാനാണ് സംഘപരിവാർ ശക്തികൾ രാമരാഷ്ട്രീയത്തിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണവും അതിൻ്റെ ഉദ്ഘാടനവും വർഗീയ രാഷ്ട്രീയത്തിൻ്റെ ആഘോഷമാക്കി മാറ്റാനാണ് ഭരണകൂടവും ഭരണകക്ഷിയും മടികൂടാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുണ്ടാക്കാൻ പോകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഭീതിജനകവും ഇന്ത്യയുടെ ഭാവിയെ അപകടത്തിലാക്കാൻ പോകുന്നതുമാണ്.
2019-ലെ വിധി കഴിഞ്ഞ് നാലു വർഷം പിന്നിടുമ്പോൾ അസാധാരണമായ വേഗതയിൽ വിസ്മയിപ്പിക്കുന്ന ഒരു ക്ഷേത്ര കോംപ്ലക്സ് ആ പഴയ തർക്കഭൂമിയിൽ ഉയരുകയാണ്. കോടാനുകോടി രൂപയുടെ ചെലവിൽ ഇത് ഉയർന്നു വരുമ്പോൾ, അയോധ്യാ നഗരം അടിമുടി മാറുകയാണ്. ക്ഷേത്രത്തിനായി ഇപ്പോൾ വകവരുത്തിയിരിക്കുന്നത് 900 കോടി രൂപയാണ്. ക്ഷേത്ര കോംപ്ലക്സ് പൂർത്തിയാവുമ്പോൾ 1800 കോടി രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്നു എന്നാണ് കേൾക്കുന്ന കണക്ക്. തീർഥാടക ലക്ഷങ്ങളെ അവിടേക്ക് ആകർഷിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 31,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ആ നഗരിയിൽ ഉത്തർപ്രദേശ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വലിയൊരു വിമാനത്താവളം ഇതിനകം പ്രവർത്തിച്ചു തുടങ്ങി. അയോധ്യ റെയിൽവേ സ്റ്റേഷൻ സമഗ്രമായി പുതുക്കി പണിഞ്ഞു. വിശാലമായ റോഡുകൾ നിരവധി വന്നു കഴിഞ്ഞു. അനുബന്ധ വികസന പരിപാടികൾ പലതും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് ഹിന്ദു രാഷ്ട്രത്തിൻ്റെ തുടക്കം കുറിക്കലായി പോലും വിലയിരുത്തപ്പെടുന്നുണ്ട്.
മതവും രാഷ്ട്രവും ഒന്നാണ് എന്ന തെറ്റായ സന്ദേശമാണ് പുതിയ ‘രാമൻ്റെ’ അയോധ്യയിൽ നിന്നുയരുന്നത്. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. അയോധ്യയിൽ പുതിയ രാമക്ഷേത്രത്തോടൊപ്പം പുതിയൊരു പള്ളിയും ഉയരുക എന്നത് ഏതൊരു മതേതര വാദിയുടെയും ആഗ്രഹമായിരുന്നു. വിശ്വാസിയുടെയും അവിശ്വാസിയുടെയും ആഗ്രഹം. അത് നടക്കാതെ പോയതിൽ ഓരോ ഇന്ത്യക്കാരും ദു:ഖിക്കേണ്ടതുണ്ട്. ചോദ്യം ബാക്കിയാവുന്നു. ബാബ്റി മസ്ജിദിനു പകരം വരേണ്ടിയിരുന്ന പള്ളി എപ്പോൾ? വർത്തമാനകാല ഇന്ത്യ ഉത്തരം തേടേണ്ടുന്ന ചോദ്യമാണിത്. നമ്മൾ ജീവിക്കാൻ വിധിക്കപ്പെട്ടത് ബാബറിൻ്റെ കാലത്തല്ലല്ലോ എന്നോർത്ത് പരിതപിക്കുക. മോദിയുടെ കാലത്ത് രാമഭജനയോടൊപ്പം ബാങ്ക് വിളി ഉയരുകയില്ല എന്ന യാഥാർത്ഥ്യത്തെ വേദനയോടെയും കരുതലോടെയും തിരിച്ചറിയുക.
അടുത്ത ദിവസം രാമക്ഷേത്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തുറന്നുനൽകും. ഇന്ത്യ ഇന്നുവരെ കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ മേളയാകുമത്. ഹിറ്റ്‌ലറുടെ ഒളിമ്പിക്‌സോ ന്യൂറംബർഗ് സമ്മേളനമോ പോലൊന്ന്. ചിത്രീകരിക്കാൻ ഒട്ടേറെ ലെനി റീഫൾസ്റ്റൾമാർ നിരന്ന് നിൽക്കുന്നുണ്ട്. മാധ്യമങ്ങളുടെ വേഷത്തിൽ. പള്ളി പൊളിച്ചത് അപലപിച്ചവർ, മോഡി വെറുപ്പിന്റെ പ്രചാരകനാണ് എന്ന് പ്രഖ്യാപിച്ചവർ. ഇന്നവരെല്ലാം അതെല്ലാം മറന്ന്, രാമക്ഷേത്രം അവിടെ തന്നെ പണിയുമെന്ന് അലമുറയിടുന്നു. രാമൻ വനവാസം കഴിഞ്ഞ് തിരികെയെത്തി എന്ന് ഭക്തസാന്ദ്രമാകുന്നു. മോഡി തറയിൽ കിടക്കുന്നു, കരിക്കിൻ വെള്ളം കുടിക്കുന്നു, നോമ്പ് നോൽക്കുന്നുവെന്ന് സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. കേന്ദ്രസർക്കാർ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അവധി അനുഭവിക്കുമ്പോൾ ആനന്ദമൂർച്ഛിതരാകുന്നു. ആ ആൾക്കൂട്ടഭ്രാന്തിൽ സർവ്വതും അലിഞ്ഞ് ചേരുന്നു.
വീടുകളിൽ, ആൾക്കൂട്ടങ്ങളിൽ, വാട്‌സ്അപ് ഗ്രൂപ്പുകളിൽ, റെസിഡന്റ് അസോസിയേഷനുകളിൽ…അഥവാ ഏത് മധ്യവർഗ്ഗ കൂട്ടായ്മകളിലും നമ്മൾ അഭിമുഖീകരിക്കുന്ന കാവി നിറമുള്ള അരാഷ്ട്രീയത. നമ്മുടെ റ്റെലിവിഷൻ ചാനലുകളും പത്ര മാധ്യമങ്ങളും ഏറ്റെടുത്തിട്ടുള്ള കേന്ദ്ര ഭരണകൂട വാഴ്ത്തുകൾ. നിർലജ്ജം നിരന്തരം തുടരുന്ന ഗീൽബൽസിയൻ വാഴ്ത്തുകൾ. വാട്ടിമാലൻ കവിയും വിപ്ലവകാരിയുമായ ഒട്ടേറ നെക്കാസലേയുടെ വരികൾ കൂടി.
“ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ ഇവിടുത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം മരിച്ചുകൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്ന് അവർ ചോദ്യം ചെയ്യപ്പെടാം.”
![](/wp-content/uploads/2024/01/bab1.jpg)
ഒരു രാഷ്ട്രീയത്തിലും ഇടപെടാതെ ഒരു അരാഷ്ട്രീയ മനുഷ്യനായി നിങ്ങൾക്കും ഇവിടെ അവനവന്റെ നിറങ്ങൾക്കപ്പുറത്ത് ചിന്തിക്കാതെ ജീവിക്കാം. പക്ഷേ വരുംതലമുറ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ ഫാസിസത്തിനും, ചൂഷണത്തിനും എതിരെ പോരാടാതെ സ്വന്തം അഭിപ്രായം പോലും പറയാതെ തന്റെ ജീവിതം മാത്രം ജീവിച്ചുതീർക്കുന്ന സ്വന്തം കാര്യത്തിന് പോലും സിന്ദാബാദ് വിളിക്കാത്ത സുഖശീതള ജീവിതങ്ങൾ നയിക്കുന്ന സമരങ്ങളെയും പോരാട്ടങ്ങളെയും വിപ്ലവങ്ങളെയും എന്നും പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന, എന്ത് സംഭവിച്ചാലും ഞങ്ങളുടെ ജീവിതം സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന അരാഷ്ട്രീയ പിന്തിരിപ്പന്മാരോട് തെളിമയോടെ പറയുന്നു. ഒരിക്കൽ ഏറ്റവും ദരിദ്രരായ മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജോലി ചെയ്യുന്നവർ, നിങ്ങളുടെ കഥകളിലും കവിതകളിലും ജീവിതത്തിലും ഒരിക്കലും ഇടം കണ്ടിട്ടില്ലാത്തവർ, പൗരന്മാർ എന്ന് മാത്രം പറയുന്ന പാവം മനുഷ്യർ നിങ്ങളെ ചോദ്യം ചെയ്യും. യാതനങ്ങളിൽ ദരിദ്രരുടെ ജീവിതവും സ്വപ്നങ്ങളും കത്തിയെരിയുമ്പോൾ നിങ്ങളെന്ത് ചെയ്യുകയായിരുന്നു എന്നവർ ചോദിക്കും.
പൗരത്വഭേദഗതി നിയമം കൊണ്ടു വന്നപ്പോഴും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോഴും, ലക്ഷദ്വീപിലേക്ക് കടന്നാക്രമിച്ചപ്പോഴും, കർഷകസമരം ഉച്ചസ്ഥായിൽ എത്തിയപ്പോഴും, ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഹിന്ദുത്വ സിവിൽ കോഡ് കൊണ്ടുവന്നപ്പോഴും മിണ്ടണമെന്ന് തോന്നാത്ത സുരക്ഷിതമെന്ന് കരുതിയ നിങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് ഫാസിസം നിങ്ങളെ വിഴുങ്ങിയിട്ടുണ്ടാവും. ഒരു ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷയെയും തകർത്ത് സംഹാരതാണ്ഡവമാടുന്നു വർത്തമാനകാല ഇന്ത്യയിൽ.
മിണ്ടാത്തവരുടെ പേരുകൾ ചരിത്രത്തിൽ എവിടേയും രേഖപ്പെടുത്തിയിട്ടില്ല.
മിണ്ടുക!
എതിർത്തുകൊണ്ടിരിക്കുക!
രക്തസാക്ഷിത്വത്തിന്റെ തപിക്കുന്ന ഓർമ്മകളിൽ വീണുപോയാലും ശരി ചരിത്രത്തിന്റെ താളുകളിൽ നിങ്ങളുടെ പേരുകളുണ്ടാകും.