നീ വന്നില്ല
പക്ഷേ…
ഞാന്‍ വന്നിരുന്നു.
മാറ്റങ്ങള്‍ ഉണ്ടെടോ…
നാം തമ്മില്‍
സംസാരിച്ച ഇടങ്ങള്‍
എന്നോടു ചോദിച്ചു.
നീ വന്നില്ലേ…
എന്ന്…
അതേ ക്ലാസ് മുറികള്‍…
ഡെസ്‌കുകളിലെ പേരുകള്‍
പഴകിയെങ്കിലും
തെളിഞ്ഞുനില്‍ക്കുന്നു
ആ കാലത്തില്‍
എന്നപോലെ
ആ പഴയ ആശയത്തോടെ
പുതിയ സഖാക്കള്‍
വീണ്ടും സമരത്തില്‍
കൊടിപിടിക്കാത്ത
കൈകളില്‍
പ്രണയവും
ഒരു വിപ്ലവം തന്നെ.
പുതിയ തലമുറ
നമ്മളേക്കാള്‍ ഭംഗിയില്‍
പുതിയ കാവ്യങ്ങള്‍
രചിക്കുന്നു.
പക്ഷേയെന്താ…
നമ്മളെപ്പോലെ ആവില്ല.
ആ ലഹരി
അവര്‍ക്കറിയില്ല.
പക്ഷേ…
നമുക്കറിയാവുന്ന
കാലത്തെപ്പറ്റി
സമൂഹത്തെപ്പറ്റി
പ്രണയത്തെയും രാഷ്ട്രീയത്തെയുംപറ്റി
അവരോട്
പറഞ്ഞുകൊടുത്തിട്ട്
ഞാന്‍ തിരിച്ചുനടന്നു.
എന്തിനാണ്
ആ കാലത്തിന്റെ
കഥ ചികയുന്നത്.
മനോഹരമായി
മനസ്സിലിരിക്കട്ടെ.
പിന്നൊരിക്കല്‍
അവിടെ
ഞാനും താനും
വരുമല്ലോ…
ബാക്കി
അന്നാവാം.
ഒരു കാലം
കഥയായി മാറുന്ന
ജീവിതപ്പൊരുള്‍ പോലെ…