അയാൾ
ഇന്ന് ഓർമ്മകളെ വിചാരണ നടത്തുന്നു.
കഴിഞ്ഞ ഭൂതകാലത്തിനോട് വിട പറയുന്നു
ചില മനുഷ്യരെ
അടുത്ത ജന്മത്തിനുവേണ്ടി മാറ്റുവയ്ക്കുന്നു
ഇനി ഒരിക്കലും
ആയുസ്സിന്റെ പകുതിക്കിപ്പുറത്തേക്ക് നോക്കില്ല
എന്ന് തീരുമാനമെടുക്കുന്നു
മൗനമായി…
നിശബ്ദമായി…
നടന്നു തീർക്കേണ്ട വഴികൾ
ബാക്കി കിടക്കുന്നു.
സ്നേഹത്തിന്റെ
ഒരു ബാധ്യതയും വയ്ക്കാതെ
അയാൾ തിരിഞ്ഞു നടക്കുന്നു
കാത്തിരിപ്പിന്റെ…
കണ്ടുമുട്ടലിന്റെ…
അത്ഭുതക്കടൽ പോലെ
കാണാനിരിക്കുന്നതേയുള്ളൂ
ശേഷം…
തീവണ്ടി ഒച്ചയും മഴയും
ആ പഴയ റെയിൽവേ പ്ലാറ്റ്ഫോമും
സിമന്റ് ബെഞ്ച് ചാരി ഇരിക്കുന്ന
രണ്ടു മനുഷ്യ ജന്മങ്ങളും മാത്രം.
ഈ വേനലിനപ്പുറമുള്ള
കനത്ത മഴയ്ക്ക്
കാതോർത്തിരിക്കുന്നു

