ഇനി അടുത്ത ജന്മത്തിൽ ആവാം
അടുത്ത ജന്മം വള്ളുവനാട്ടിലെ ആ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ ആവണം ജന്മം. നിളാ തീരത്തെ ആ തേവർകോവിൽ ദിനം മുടക്കാതെ പോകണം. വിക്ടോറിയ കോളേജും, കോട്ടമൈതാനവും ആകൊടിയും കൗമാരത്തിന്റെ നിറങ്ങൾ കൂട്ടും…
രണ്ട് കാതും നിറഞ്ഞുനിൽക്കുന്ന മുടിയും, ഭസ്മക്കുറിയും,മൂക്കുത്തിയുമായി അവൾ പ്രണയത്തിൻറെ ആകാശം തീർക്കട്ടെ…
വൈകിട്ട് കഥ പറയാൻ, കവിത ചെല്ലാൻ, പാർട്ടിക്കാര്യം പറയാൻ…
പിന്നെ വൈകിട്ട് ബോധമില്ലാതെ ഇരുട്ടിൽ ആ നാട്ട് ഇടവഴിയിലൂടെ തമാശ പറഞ്ഞു കൂട്ടികൂടി നടക്കാൻ.
പിന്നെ മൗനമായി പകലുകളെയും,രാവുകളെയും നിശബ്ദമാക്കി തെക്കിനിയിലെ ജനാലയ്ക്കു അരികിലിരുന്ന് മലമടക്കിന്റെ മഴക്കാറ്റിന് കാതോർത്ത് എഴുതാൻ, വായിക്കാൻ, ഉത്രാളിക്കാവും തിരുമാന്ധാംകുന്ന്, പരിയാനപറ്റയും ഒക്കെ അടുത്ത ജന്മത്തിൽ ആവാം…
പിന്നെപ്പിന്നെ ഈ ജന്മത്തിൽ ഇനി എന്ത് എന്നല്ലേ??
അതിന് ഈ ജന്മത്തിൽ അയാൾ ഒരു ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കി.
ഒരു പുസ്തകം അത് എഴുതി പൂർത്തിയാക്കി.
ഒരു സിനിമ എന്തായാലും ചെയ്തേ പറ്റൂ…
പിന്നെ ചില മനുഷ്യരും, ഇടങ്ങളും, കാഴ്ചകളും, ചില മനുഷ്യനുമായുള്ള യാത്രകൾ നിശബ്ദമായ സഞ്ചാരങ്ങൾ, ഇഷ്ടമുള്ള ചില ഭക്ഷണങ്ങൾ, അവദൂതമായ തീർത്ഥാടനങ്ങൾ പിന്നെ ഒടുവിൽ എപ്പോഴെങ്കിലുമുള്ള ഇടവേളയിൽ തന്റെ മകനോട് അച്ഛന് അത്രമാത്രം പ്രിയപ്പെട്ട ചില മനുഷ്യരെ പരിചയപ്പെടുത്തി കൊടുക്കണം.
പണവും പ്രതാപത്തിനും അപ്പുറം ഓർമ്മകളും ചില നല്ല മനുഷ്യമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല എന്ന് അവനെ പഠിപ്പിക്കണം.
പിന്നെ കാലമത്രയും ഓർമ്മകളുടെ കാലത്തിൽ എഴുതിതീർത്ത ഡയറി അവന് കൊടുക്കണം.
പിന്നെ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളടങ്ങിയ ഒരു കൊച്ചു ലൈബ്രറിയുടെ താക്കോലും.
അയാളുടെ കണ്ണുനീര് വീണ് കുതിർന്ന അക്ഷരങ്ങൾ. അവനെ ജീവിതം പഠിപ്പിക്കട്ടെ…
പിന്നെ ഫേസ്ബുക്കിന്റെയും instagram ന്‍റെയും ഐഡി അവന് കൊടുക്കണം… അവന് പരിചിതമല്ലാത്ത ഒരു അച്ഛനെ ചിലപ്പോൾ അതിൽനിന്നെല്ലാം അവന് കാണാൻ കഴിയും.
അതെ അവന്റെ അച്ഛൻ അവനിൽ നിന്ന് മറച്ചുപിടിച്ച മാറ്റിപ്പിടിച്ച ചില മനുഷ്യരെ, ഇടങ്ങളെ, അക്ഷരങ്ങളെ ഒക്കെ അവന് കാണാൻ കഴിയട്ടെ…
പിന്നെ മറ്റൊന്നുമില്ല അടുത്ത ജന്മത്തിൽ മുട്ടാം… അത്രമാത്രം.
കഴിഞ്ഞ കാലത്തിന്റെ തീരുമാനങ്ങളെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോയില്ല. ഒരുതവണ മാത്രം കിട്ടുന്ന ജനം കാത്തിരിപ്പുണ്ട് മരണം അതിനിടയിൽ എന്തിന് പിണക്കം പരാതി അടുത്ത ജന്മത്തിൽ വരുന്നതും കാത്ത് അവർ കാത്തിരിക്കട്ടെ പ്രിയപ്പെട്ട ആ നാടും പ്രിയപ്പെട്ട ചില മനുഷ്യരും അയാൾക്ക് അടുത്ത ജന്മം ഉണ്ടാകാതെ പോകാൻ ആവില്ലല്ലോ അയാൾക്ക്…
കാരണം….
ഈ ജന്മത്തിലെ സ്വപ്നങ്ങളുടെ തുടർച്ചയാണ് അടുത്ത ജന്മം.
