ആയുസ്സിന്റെ പകുതിക്കപ്പുറം കിട്ടിയവരാണ് ജീവിതത്തിന്റെ കളർ മാറ്റിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാര്യമാരോട് കള്ളം പറഞ്ഞ് വീണ്ടും… ഞങ്ങൾ എന്നു പറഞ്ഞാൽ, കഴിഞ്ഞ ജന്മത്തിലെ കടം തീർക്കാൻ കൂടെ കൂടിയവർ…
അവർക്ക് പേര് പലത്…
നിങ്ങൾക്ക് അവരെ അനിലെനും, അനൂപ് എന്നും, അശ്വതി എന്നും ബേസിൽ എന്നും, ഒക്കെ വിളിക്കാം!
ഞങ്ങൾ കൂടുമ്പോൾ നാലോ അഞ്ചോ ജീവിതം ഒന്നാകും പോലെ…
ഒരേ ഒഴുക്കിലെ ഇലകൾ പോലെ…
കഥ പറഞ്ഞ്, കളി പറഞ്ഞ് കള്ളുകുടിച്ച് സന്തോഷത്തിന്റെ തിരകളുടെ തീരത്ത് ഇങ്ങനെ….
ഇത്തവണ യാത്ര കോതമംഗലത്തിനപ്പുറം കാടൊരുക്കിയ, പുഴയൊരുക്കിയ, ആ ഗ്രാമത്തിലേക്ക് ഭൂതത്താൻ അണക്കെട്ടിന്റെ, ഇടമലയാർ അണകെട്ടിന്റെ ജലസംഭരണ പ്രദേശത്ത്…
പെരിയാറിന്റെ കൈവഴികളിൽ പ്രകൃതി ഒരുക്കിയ വിസ്മയം…
കുട്ടമ്പുഴ… വൈകി ഇറങ്ങിയ യാത്രയിൽ രാത്രി ഭൂതത്താൻകെട്ടിനുമപ്പുറം മഴയുള്ള വനയാത്ര വന്യതയുടെ പേടിപ്പിക്കുന്ന കഥകളും കാറിൽ ഞങ്ങളും ഞങ്ങളെ കാത്ത് ഈ കാടിനപ്പുറം അനിലേട്ടനും എൽദോസ് ചേട്ടനും കൂടെ അനിലേട്ടന്റെ മകൾ ഉത്തരയും..
വന്യതയുടെ യാത്ര ക്യാമറയിൽ പകർത്തി മഴയുടെയും വന്യതയുടെയും രാത്രിയുടെയും ഇഴ ചേരുന്ന മനസ്സിനെ മത്തുപിടിപ്പിക്കുന്ന യാത്ര…
ഒടുവിൽ പ്രിയപ്പെട്ട അനിലേട്ടന്റെ വീട്ടിൽ പുറത്ത് വലിയ പേരചുവട്ടിൽ കസേരകളും ഭക്ഷണവും പിന്നെ മറ്റു പലതും ഞങ്ങളെ കാത്തിരിക്കുന്നു..
വട്ടം ചുറ്റി ഒരുമിച്ചിരുന്ന് അവസാന കണ്ടുമുട്ടലിനും അപ്പുറമുള്ള ജീവിതവും തമാശകളുമായി ആ രാത്രിക്ക് സൗഹൃദത്തിന്റെ നിലാവെളിച്ചം നൽകി. കുറച്ചു മനുഷ്യർ ഒരുമിച്ചിരുന്ന് ജീവിതം പറയുമ്പോൾ ഓരോരുത്തരും അവരവരെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കുന്നു… സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തെ കണ്ടെത്തുന്നു…
പുലരികളെ മനോഹരമാക്കാൻ കുട്ടമ്പുഴക്കും… പാറകൾക്കും… കൂടെ കൂടിയ മഴയ്ക്കും അസൂയ തോന്നി.
ഇഞ്ചിത്തോടും, പൂയംകുട്ടിയും, ഉരുളൻ തണ്ണിയും പിന്നെ പേര് അറിയാത്ത ഗ്രാമപ്രദേശങ്ങളും… എന്തുമാത്രം മനുഷ്യർ… ആദിവാസി മേഖലകളും കമ്മ്യൂണിസം പറഞ്ഞ ഉറങ്ങുകയും, ഉണരുകയും ചെയ്യുന്ന ഇടങ്ങൾ. ഞാനറിയുന്നു ഏറ്റവും അടുത്ത് കിട്ടുന്ന… അടുത്ത് ജീവിക്കുന്ന നഗരത്തിന്റെ തിരക്കുകളിൽപെടുന്ന ജീവിതങ്ങളെക്കാൾ… എത്ര ഭംഗി ആ ഗ്രാമത്തിന്റെ കുറവുകളിൽ സന്തോഷത്തോടെ ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യർ….
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് പുഴയും, മലയും, കാടും, ചുറ്റപ്പെടുന്ന ഗ്രാമത്തിന്റെ പച്ചയായ മനുഷ്യരുടെ കഥ…!
ഇനിയും അവിടെയെത്താൻ… ഞാൻ പരിചയപ്പെട്ട ഓരോ മനുഷ്യരും, ഓരോ കഥകളാണ്…
ഇനിയും അവിടെയെത്താൻ ആ നാടിനെ ആ നാട്ടുകാരെ നിഗൂഢമായ, വന്യമായ, ആ ഗ്രാമത്തിലെ ഒരു അംഗമാകാൻ…
![](/wp-content/uploads/2024/02/b2.webp)
പറഞ്ഞവസാനിപ്പിക്കും മുമ്പ് ഒരു കാര്യം… കണ്ടുമുട്ടലിന്റെ മറയില്ലാതെ മനുഷ്യരിലേക്ക് കടന്നു വരികയും വർഷങ്ങളുടെ പരിചയം പോലെ പെരുമാറുകയും ചെയ്യുന്ന ചില മനുഷ്യർ… പണ്ടെങ്ങോ എഴുതിയതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതവും… ജീവിക്കുന്ന ജീവിതവും തമ്മിലുള്ള വ്യത്യാസം…
ഒരു ഗ്രാമത്തിൻറെ നിഷ്കളങ്കതയിൽ ജനിച്ചു കൂട്ടുകാരും, പാർട്ടിയും, സൗഹൃദങ്ങളും പ്രണയവും, നന്മയുടെ പ്രസരിപ്പുമായി ഓർമ്മകളുമായി ജീവിച്ച് മരിക്കണം… അടുത്ത ജന്മത്തിനായി ചില മനുഷ്യരെ മാറ്റിവയ്ക്കണം.. അത് ചില സ്വപ്നങ്ങളുടെ ബാക്കി മാത്രമാകുന്നു…
തിരിച്ചു പോരണമെന്നില്ലാത്ത യാത്രകളിൽ ചിലത്… കുട്ടമ്പുഴയും, വടാട്ടുപാറയും, ഭൂതത്താൻകെട്ടും, ഇടമലയാറും അനിലേട്ടനും, ഉത്തരേയും, എൽദോസ് ചേട്ടനും, ബേസിലും, അശ്വതിയും, ആ നാടും അവിടുത്തെ മനുഷ്യരും ഒരിക്കലും മനസ്സിൽ നിന്നും മായുന്നില്ല…
അടുത്ത മടങ്ങിവരവിനായി അവർ ഞങ്ങളെയും, ഞങ്ങൾ അവരെയും കാത്തിരിക്കട്ടെ…
മടക്കം കഥകൾ നിറഞ്ഞ മനസ്സുമായാണ്… എന്റെ കഥകളും, കഥാപാത്രങ്ങളും അടങ്ങിയ ഇടങ്ങൾ…ഒഴുകിയ പുഴയും, കാടും, മൃഗങ്ങളും, പാറക്കെട്ടുകളും, പിന്നെ ചില മനസ്സുകളും, കഥാപാത്രങ്ങൾ ആകുമ്പോൾ… ഓർമ്മകൾ കൊണ്ടും, കാഴ്ചകൾ കൊണ്ടും മനസ്സ് സമ്പന്നമാണ്..!
ജന്മ ബന്ധങ്ങൾക്കപ്പുറം കർമ്മബന്ധമുള്ള ചിലയിടങ്ങൾ,മനുഷ്യർ,ഓർമ്മകൾ…
ഇവയൊക്കെയാണ് ജീവിതത്തെ ഇന്ന് കൂടുതൽ സ്പർശിക്കുന്നത്… ഓർമ്മകൾ കൊണ്ട്, കാഴ്ചകൾ കൊണ്ട് മനസ്സിന്റെ അറകൾ നിറയുമ്പോൾ… തുറന്നുവിടാൻ കൂടിയാണ് എഴുതുന്നത്.
എഴുത്ത് ഒരു രോഗമായി മാറിയ ഒരാളുടെ കുറിപ്പ്..!
എഴുതിയാൽ മാത്രം തീരുന്ന ഒരു രോഗം..!
വായിക്കുക… മറന്നു കളയുക…
അയാൾ ഇങ്ങനെയാണ്..
അയാൾക്ക് ഇങ്ങനെ ആവാനേ കഴിയൂ…