“Sometimes a silent hug is the only thing to say.”
“ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം” എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കുകയാണ്…
എന്റെ ഇടത്തെ ഷോൾഡറിൽ അവന്റെ കണ്ണുനീരും അവന്റെ വലത്തെ ഷോൾഡറിൽ എന്റെ കണ്ണുനീരും വീഴുമ്പോൾ…
മനസിലെ അവന്റെ കനപ്പ് തീരട്ടെ…
പെയ്തൊഴിയട്ടെ അവൻ. ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന് അവൻ തിരിച്ചറിയട്ടെ.
എന്റെ രാത്രി /പകൽ സങ്കടങ്ങളെ കേൾക്കാൻ എനിക്ക് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുണ്ട്. അല്ലെങ്കിൽ ഞാൻ ഹൃദയത്തോടെ ചേർത്തുവയ്ക്കുന്ന/എന്നെ ചേർത്തുവച്ച ചില മനുഷ്യരുണ്ട് എന്റെ അഹങ്കാരം.
അവനു പറയാൻ ആരും ഉണ്ടായിരിക്കില്ല… അത് അതാവും എന്നെ വിളിച്ചത്. എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ്.
എന്നെ വിളിക്കുമ്പോൾ ഞാൻ അവന്റെ കഥ കേൾക്കുന്നു. ഇനി ഒരിക്കലും ജീവിതം എന്ന ലഹരി അല്ലാതെ മറ്റൊന്നും അവന് ഉപയോഗിക്കില്ല… അവൻ ഉറപ്പു തരുന്നു..
അവൻ തെളിമയോടെ ഇനിയും ജീവിതത്തിലേക്ക് മടങ്ങാൻ സമയമെടുക്കും എനിക്കറിയാം. എങ്കിലും ഞാനും അവനോടൊപ്പം ഉണ്ടാവും ജീവിതത്തിന്റെ വെള്ളിവെളിച്ചം നിറഞ്ഞ വഴിയിലേക്ക് അവൻ എത്തുന്നതും കാത്ത്… ചിലതൊക്കെ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാൻ ഞാൻ അവനോട് പറഞ്ഞു. ഒരിക്കലും ഇനി അവൻ ആ ലഹരി ഉപയോഗിക്കാതിരിക്കട്ടെ…
സ്വന്തം തൊഴിലിനെ, മനുഷ്യരെ, യാത്രകളെ, തന്റെ പ്രണയിനിയെ, അച്ഛനെ, അമ്മയെ, അങ്ങനെ ലഹരിയുടെ പര്യായമായി അവൻ കാണുന്ന ദിവസം വരും എനിക്ക് ഉറപ്പാണ്. അല്ലെങ്കിലും അവൻ കോഴിക്കോടൻ ഹൽവയെക്കാൾ മധുരമുള്ള സ്നേഹം തരുന്ന, കഥ പറഞ്ഞു ഉറക്കുന്ന, രുചി പറക്കുന്ന മാനാഞ്ചിറയുടെയും മിഠായിതെരുവിന്റെയും പുത്രനല്ലേ… എന്റെ കൂടെപ്പിറപ്പാണ് അവൻ. രക്തബന്ധത്തിനും സ്നേഹബന്ധങ്ങൾക്കും അപ്പുറം നൂഴിലകൾ ചേർത്ത് വച്ച ജന്മമാന്തര ബന്ധമില്ലേ…
ഇൻറർ സിറ്റിക്ക് അവനെ യാത്രയാക്കി കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നിറകണ്ണുകളുമായി തിരിച്ചു നടക്കുമ്പോൾ ഞാൻ ആലോചിച്ചത് കെട്ടിപ്പിടുത്തങ്ങളെ പറ്റിയാണ്…
ഏങ്ങൽ അടിച്ച് ഒന്ന് കരഞ്ഞ്, നെഞ്ചോട് ചേർത്ത് ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുമ്പോൾ…
എന്തുമാത്രം ഇമോഷൻസ് ആണ് പ്രസരിക്കുന്നത്, പര്യായങ്ങൾ പറയാനാവാത്ത എന്തുമാത്രം വികാരങ്ങൾ. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് വാക്കുകൾ കൊണ്ട് സംവദിക്കുന്നതിനും അപ്പുറമാണ് അത്. ചേർത്തുള്ള കെട്ടിപ്പിടുത്തങ്ങൾ ഉള്ളുലഞ്ഞു ഇല്ലാതാകുന്ന ചില മനുഷ്യരെ പരിഗണിക്കുകയാണ്.
എന്തുമാത്രം Hug ആണ് ലോകത്തുള്ളത് സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ, രതിയുടെ, കരുതലിന്റെ, അങ്ങനെ എന്തുമാത്രം… അത് വെറും വാക്കിനും അപ്പുറം ഒരു ഹഗ് നിങ്ങളുടെ, അയാളുടെ ഇമോഷൻസ് ലോക്കാകുന്നു.
Hug കൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. നിരാർദ്രമായ ലോകത്ത് ആർദ്രമായി കെട്ടിപ്പിടിക്കുക… ആർദ്രമായി കെട്ടിപ്പിടിക്കുക.
“Hugs are the universal medicines”