മഴയേ…
നിന്നിലെ ആർദ്ര ലയനത്തിനാലാവാം
പ്രകൃതിയൊരു സുന്ദരിയാവുന്നത്…
മഴ പെയ്തു തോർന്നൊരു സായന്തനത്തിന്,
ഭൂമിയിലേയ്ക്ക് പതിയ്ക്കുമാ മഴത്തുള്ളിയ്ക്ക്,
മഴ പെയ്തു തോർന്ന ഇടവഴികൾക്ക്,
ചേമ്പിലയിൽ തളം കെട്ടുമാ,
വെള്ളത്തുള്ളിയ്ക്കും…
ഭൂമിയെ പുണരാൻ മടിച്ചു ഇലയെ
ചുംബിച്ചു നിൽക്കുമാ ജലകണത്തിനും,
പറയാനേറേയുണ്ടാവും,
നീ അവൾക്കായി പകർന്നിടുമാ,
മനോഹരപ്രണയ കാവ്യത്തിൻ,
ഈരടികൾ.
നിന്നിൽ ലയിച്ചവൾ മഴ
നിന്നിൽ ആർത്തലച്ചു പെയ്തു,
നിന്നിൽ ലയിച്ചു,
നിന്നിലെ പൂർണതതൻ ആലസ്യത്തിൽ
മയങ്ങിടുന്നവൾ മഴ
നിന്റെ മാന്ത്രിക വിരലുകൾ അവളെ അത്രമേൽ ആർദ്രയാക്കുന്നതിനാലാവാം
മഴതോർന്നൊരു ഛായാച്ചിത്രത്തിൽ അവളിത്ര മനോഹരിയാവുന്നത്.
നിന്നിലെ, ആർദ്ര, രൗദ്ര സൗമ്യ ഭാവങ്ങളേറ്റുവാങ്ങി, ഇനിയും പ്രകൃതിയെ പുണരാനിരിക്കുമാ,
മേഘത്തുള്ളികളെ ഉദരത്തിൽ പേറി…
കാത്തിരിക്കയാണവൾ…
അവളുടെ പൂർണത, നീയെന്ന തിരിച്ചറിവു അവളെ ആർദ്രയാക്കുന്നതിനാലാവാം നമ്രമുഖിയാക്കുന്നതിനാലാവാം,
നിന്നോടൊപ്പം അവളിത്ര മനോഹരിയാവുന്നത്.
പ്രകൃതി തന്റെ മഴത്തുള്ളി കണ്ണുകളെ സായന്തനത്തിൻ ചുവപ്പിനാൽ എഴുതി, ഭൂമിതൻ മാറിലണയും കതിരവനാൽ
പൊട്ടുകുത്തി,
മനോഹരിയായി,
കാത്തിരിക്കയാണ്,
അവളിലെ ഓരോ അണുവും, നിനക്കായ്…
മഴയ്ക്കായ്…
പ്രകൃതിയേ, നിന്നിലെ നിറഭേദങ്ങളെ ആസ്വദിക്കയാണ് നിന്നിലേയ്ക്ക് പെയ്തിറങ്ങുന്ന ഓരോ മഴയും…