അന്നും പതിവുപോലെ രാത്രിയുടെ ഗന്ധർവ്വയാമത്തിൽ അവൾ പൊടുന്നനെ കണ്ണുകൾ തുറന്നു..
പതിവുപോലെ എന്തോ ഒന്നിന്റെ സാന്നിധ്യം അവൾക്ക് അനുഭവപ്പെട്ടു,
നാസികയെ തുളച്ചെത്തുമൊരു രൂക്ഷ ഗന്ധം. ആരുടെയോ ഒരു നിശ്വാസം തന്റെ മുഖത്തു തട്ടും പോൽ.
യാന്ത്രികമായി അവൾ പതിയെ മേശക്ക് അടുത്തേക്ക് ചലിച്ചു .
ആ അർദ്ധയാമത്തിൻ കൂരിരുളുകൾ അവളെ തെല്ലും ഭയപ്പെടുത്താറേയില്ല ഇപ്പോൾ.
അവൾ വീണ്ടും എഴുതി തുടങ്ങി…
തൂലിക അന്നും പതിവുപോലെ എന്തോ ഒന്നിന്റെ പ്രേരണയാൽ അതിവേഗം നിഗൂഢമായി ചലിച്ചു തുടങ്ങി…
ടേബിൾ ലാമ്പിന്റെ വെട്ടം മെല്ലേ ഉയർത്തി അവൾ എഴുതി തുടങ്ങി…
തൂലികയിൽ വീണ്ടും ഗന്ധർവക്കാവും നാഗക്കളങ്ങളും, മരണത്തിൽ നിന്നും വേർപ്പെടാൻ കൊതിച്ചൊരാ ആത്മാവും ഒക്കെ വിരുന്നെത്തി…
രാവും അതിന്റെ പൂർണതയിൽ എത്തി എന്നതു പോൽ പരക്കെ ഇരുട്ടു വ്യാപിച്ചു തുടങ്ങി…
രാത്രിയ്ക്ക് കനം വെച്ചു തുടങ്ങി.
അമ്പിളികലയെ പാടേ മറച്ചു കൊണ്ടു ചുറ്റും തമസ്സു വ്യാപിച്ചു…
ആ രാവും അതീവ ഭീകരമായി നിലകൊണ്ടു…

പുലർച്ചെ നീട്ടിയുള്ള കോളിങ് ബെല്ലിന്റെ അലോസരനാദം അവളെ ഉണർത്തി. ആരാവും ഇത്ര നേരത്തെ ?
“സാവിത്രി ചേച്ചി…”
അവൾ നീട്ടി വിളിച്ചു. “ആരാന്നു നോക്കിയേ…”
കൂടെ സഹായത്തിനും വീട്ടുജോലിക്കും ഈ നാട്ടിൽ കിട്ടിയ ആളാണ്…
“കുഞ്ഞേ പത്രക്കാരാണ്, കുഞ്ഞ് അങ്ങോട്ടേക്ക് വായോ, ഞാൻ ചായ എടുക്കാം…” ചേച്ചി പറഞ്ഞു മെല്ലെ അവിടെ നിന്നു കടന്നു പോയി.. ആ കണ്ണുകളിൽ തെളിയുന്ന ഒരു തീഷ്ണത ഉണ്ട്… തനിക്കതു മുൻപും തോന്നിയിട്ടുണ്ട്..
മുറിയിലെ ചാരുകസേരയിൽ അവൾക്ക് ഇന്നലെ പൂർണമാക്കാൻ കഴിയാതെ പോയ ആ ബുക്ക്. അതിന്റെ പേജുകൾ ആരോ മറിച്ചിരിക്കുന്നു…
രണ്ട് പാലപ്പൂവുകൾ തന്റെ ജാലകത്തിനടുത്ത് സ്ഥാനം പിടിച്ചിരിക്കുന്നു. അത് വാടി കരിഞ്ഞിരിക്കുന്നു. ഇത്ര ദിവസമായിട്ടും താനതു കണ്ടതേ ഇല്ലല്ലോ…
കാലം കുറെ ആയി തന്റെ ജീവിതത്തിൽ സ്ഥിരം നടന്നു പോരുന്ന ചില പ്രതിഭാസങ്ങൾ…
അവൾ വേഗം താഴേയ്ക്ക് ചെന്നു.
“നമസ്കാരം മാഡം. ഞങ്ങൾ വന്നിട്ട് കുറച്ചു നേരം ആയി. ഇത്തവണയും ജൂറി പാനൽ അടക്കം ചർച്ച വരുന്നതും ദയാമാഡത്തെ കുറിച്ചു തന്നെ… ഈ തവണയും മികച്ച സാഹിത്യ പ്രതിഭപുരസ്‌കാരം മാഡത്തിനു തന്നെ…
ആഗോള തലത്തിൽ അടക്കം വലിയ ചർച്ചാവിഷയം ആയിട്ടുണ്ട് നമ്മുടെ പൈതൃകം, ആ സംസ്കാരം… അതിൻ നിഗൂഢത…”
അവൾ ഒന്ന് മെല്ലെ ചിരിച്ചു.
നിഗൂഢമായ ആയില്യം കാവും, നാഗതറയിൽ തലതല്ലി മരിച്ച എമ്പ്രനെല്ലൂർ കുടുംബത്തിലെ തമ്പുരാട്ടിയുമെല്ലാം ഇന്നിപ്പോ ആളുകളിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്…
അത്രയധികം ആളുകൾ നെഞ്ചിലേറ്റിയിരിക്കിന്നു ഈ എഴുത്തുകാരിയെ…
“ഞങ്ങൾ അടുത്ത ആഴ്ചത്തെ മീറ്റിംഗ് നെ കുറിച്ച് പറയാൻ എത്തിയതാണ്.”
“ഞാൻ ഉണ്ടാവും.”
അവർ പോയ ശേഷം നടുമുറ്റത്തെ തുളസിതറയെ നോക്കി അവൾ കുറച്ചു നേരം അങ്ങനെ ഇരുന്നു… എന്തോ ഒന്ന് അവളെ അങ്ങോട്ടേക്ക് ആനയിക്കും പോലെ.
ഒരു പിടി തുളസികതിർ അവിടെ ആരോ ഇറുത്ത് വെച്ചിരിക്കുന്നു.
ഒന്നെടുത്തു മുടിയിൽ ചൂടാൻ തുടങ്ങിയതും
“കുളിക്കാതെ ആണോ കുട്ട്യേ തുളസികതിർ മുടിയിൽ ചൂടുന്നത്..?”
സാവിത്രി ചേച്ചിയുടെ ചോദ്യം…
അവൾ അതിനെ കൈപിടിയിലാക്കി മുകളിലേക്ക് നടന്നു..
“കുട്ട്യേ കുളിച്ചു വന്നോളൂ കഴിക്കാൻ ഉള്ളത് പാകം ആയിട്ടുണ്ട്…”
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ മുകളിലേക്ക് നടന്നു..
മുറിയിലെത്തി ജനാലയ്ക്ക് അരികിൽ ഉള്ള ചാരുകസേരയിൽ അവൾ ഇരുന്നു. അഞ്ച് ഏക്കർ വിസ്തൃതിയിൽ ഉള്ള ഈ വീട് കണ്ടു പിടിക്കാൻ ഒരുപാട് പണിപ്പെട്ടു. ചുറ്റും നിബിഢമരങ്ങൾ ആണ്, ആലും, തേരകവും, പാലയും ചെമ്പകവും സമൃദ്ധമായി നിറഞ്ഞു നിൽക്കുന്നു.
തന്നെ വരിഞ്ഞു മുറുക്കുന്ന ഒരു നിഗൂഢത. അർക്കൻ തൻ കിരണങ്ങളെ പോലും തന്നിൽ നിന്നു മറയ്ക്കുന്നവോ….??
ഉഷസ്സിന്റെ മധ്യാഹ്‌നങ്ങളിൽ എപ്പോഴോ അരിച്ചെത്തുന്ന നേർത്ത വെളിച്ചം അവളുടെ മുറിയിലെ നിലകണ്ണാടിയിൽ ഇടയ്ക്ക് പ്രതിബിംബിച്ചു പോവാറുണ്ട്…
പ്രഭാത ഭക്ഷണത്തിന് ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ അവൾ പതുക്കെ തൊടിയിലേക്കിറങ്ങി… ശാന്തവും ശൂന്യവുമായ മനസ്സ്… രാവിലെ പത്രക്കാർ വന്ന് പറഞ്ഞുപോയ കാര്യങ്ങൾ പോലും തന്റെ മനസ്സിനെ അല്പം പോലും സ്പർശിച്ചിട്ടില്ല എന്നവൾ തിരിച്ചറിഞ്ഞു…
ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ചു കൊണ്ട് അടുത്ത രാവിനായി അവളുടെ മനസ്സ് വെമ്പൽ കൊണ്ടു…
* ****
നേരം സന്ധ്യയോട് അടുത്തിരുന്നു, മുഖപുസ്തകത്തിൽ പതിവ് പല്ലവികൾ തന്നെ… എന്നാൽ അവളെറേ പ്രതീക്ഷിച്ച ആ ഐഡിയിൽ നിന്ന് ഒരു സന്ദേശവും അവളെ തേടി എത്തിയിട്ടില്ല… ഗന്ധർവ്വയാമത്തെ പ്രണയിച്ചവൻ. അതേ അവനിൽ നിറഞ്ഞു നിന്നതും അതായിരുന്നു, നീതി തേടുന്ന ആത്മാവും, കാവും കുളങ്ങളും… അതൊരു തരം ഭ്രാന്തമായ ആരാധന മാത്രം ആയിരുന്നുവോ, അറിയില്ല…
രാത്രി അതിൻ കരിമ്പടക്കെട്ടുകളെ പുതച്ചു തുടങ്ങി. അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു, രാത്രിയുടെ അനന്തയാമത്തെ തൻ തൂലികയാൽ കീഴടക്കാൻ…
സൂര്യതേജസ്സാർന്നൊരു താരകം അവളെ നോക്കി കണ്ണുചിമ്മി…