സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി.
നൂറ്റിപ്പതിനേഴരപ്പവൻ സ്വർണ്ണക്കപ്പ്
ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്.
2018-ലും 2019-ലും കൈവിട്ട സ്വർണക്കപ്പ് കഴിഞ്ഞവർഷമാണ് കോഴിക്കോട് തിരിച്ചുപിടിച്ചത്. 945 പോയിന്റ് നേടിയാണ് 61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവർ കിരീടം ചൂടിയത്. 925 പോയിന്റുനേടി കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞവർഷം കോഴിക്കോട് കപ്പിൽ മുത്തമിട്ടത്. അന്നും കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. 2019-ൽ കണ്ണൂരിനെ രണ്ടുപോയിന്റിനു മറികടന്നാണ് പാലക്കാട് ജേതാക്കളായത്. 2016-17 വർഷത്തിൽ കോഴിക്കോടുമായി അവർ കപ്പ് പങ്കുവെച്ചിരുന്നു.