ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ. പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് വീണ്ടും വിളിച്ചത്. കുട്ടി സുരക്ഷിതയാണ്. രാവിലെ പത്ത് മണിക്ക് കുട്ടിയെ കെെമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞത് എന്നാണ് സ്ത്രീ ഫോൺകോളിൽ പറഞ്ഞത്.
ആദ്യത്തെ കാൾ ഒരു വ്യാപര സ്ഥാപനത്തിൽ നിന്നായിരുന്നു. ഇവിടെ ജീവനക്കാരായായ സ്ത്രീയുടെ ഫോൺ വാങ്ങിച്ചാണ് കാൾ ചെയ്തത്. 5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം കേരളം മുഴുവൻ അറിഞ്ഞിരിക്കെയാണ് രണ്ടാമത്തെ കാൾ വരുന്നത്. ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയാണ്.
ഇത്രയും നിസ്സാരമായ തുകയ്ക്ക് വേണ്ടി കേരളം പോലെ മികച്ച പൊലീസ് പൊതുജന സംവിധാനമുള്ള ഒരു സ്ഥലത്ത് നിന്ന് ഇങ്ങനെ ഒരു കാൾ വന്നത് പൊലീസ് അന്വേഷക സംഘത്തെ ആശയ കുഴപ്പത്തിലാക്കുന്നു. ആദ്യത്തെ കാൾ തന്നെ അന്വേഷക സംഘത്തെ സജീവമാക്കിയിരിക്കാം എന്നിരിക്കെ 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് കാൾ ചെയ്തവരുടെ ഉദ്ദേശം എന്താവാം എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നാണ്. കടയിലെത്തി സാധനം വാങ്ങിയ ശേഷം വ്യാപാരിയുടെ പക്കൽ നിന്ന് ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാറും കറുപ്പ് ഷാളുമാണ് തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള സ്ത്രീ ധരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോ റിക്ഷയിലാണ് മൂന്ന് പേരെത്തിയത്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി വെളിപ്പെടുത്തി.
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറഞ്ഞത്. കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന്‍ പറയുന്നു. കാറിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്നും കുട്ടി പറഞ്ഞു.
സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വ്യാപാര സ്ഥാപനത്തിൽ എത്തിയ സംഘം ഫോൺ ചെയ്യുമ്പോൾ ഒരു സ്ത്രീയാണ് എത്തിയത്. അതും ഓട്ടോ റിക്ഷയിൽ ആയിരുന്നു. കുട്ടിയുടെ സഹോദരൻ തട്ടിപ്പ് സംഘത്തിൽ മൂന്ന് പുരുഷൻമാരണ് ഉണ്ടായിരുന്നത് എന്നാണ് പറഞ്ഞത്. കുട്ടിയുടെ കയ്യിൽ നിന്നാണ് അമ്മയുടെ നമ്പർ കിട്ടയത് എന്നാണ് ആദ്യ കാളിൽ സംസാരിച്ച സ്ത്രീ പറഞ്ഞത്. ആറു വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്.