പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ച് എഴുതാൻ ഇടയായ സംഭവത്തിൽ ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ. അധ്യാപകയുടെ അശ്രദ്ധ പരിഗണിച്ചാണ് നടപടി. വിദ്യാർഥിയുടെ പരീക്ഷാ ഫലം പ്രസിധീകരിക്കുന്നതിൽ ഇത് കാലതാമസത്തിന് ഇടയാക്കിയിരുന്നു.
ആലപ്പുഴയിലെ ഹയർ സെക്കൻഡറി അധ്യാപികയ്ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പിഴ വിധിച്ചത്. മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. വിദ്യാർഥികളുടെ റജിസ്റ്റർ നമ്പറും പേപ്പറുകളും ഒത്തു നോക്കിയാണ് അവരെ കൊണ്ട് ഹാജർ റജിസ്റ്ററിൽ ഒപ്പ് വെയ്പ്പിക്കുന്നത്. ഈ സമയത്ത് സംഭവിച്ച അശ്രദ്ധയാണ് എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞവർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്. വീഴ്ച വിദ്യാർഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.
എന്നാൽ ഇതിനെ നിസ്സാരവീഴ്ച എന്ന് വിശേഷിപ്പിച്ച് അധ്യാപക സംഘടന രംഗത്ത് എത്തി. അധ്യാപകരിൽനിന്നും ആയിരക്കണക്കിന് രൂപ പിഴയീടാക്കി സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാരിനെ സഹായിക്കാൻ ഉദ്യോഗസ്ഥർ രാജഭക്തി കാണിക്കുകയാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു.
വിദ്യാർഥികൾ റജിസ്റ്റർ നമ്പർ തെറ്റായി രേഖപ്പെടുത്തുന്നത് പതിവാണെന്ന് അധ്യാപകർ പറയുന്നു. പരീക്ഷയുടെ പരിഭ്രത്തിലും തിടുക്കത്തിലും ചിലർക്ക് അശ്രദ്ധ പിണയുന്നു. ചില വിദ്യാലയങ്ങൾ ഇത് പരിഗണിച്ച് പരിശീലനത്തിനായി മോക് ടെസ്റ്റുകൾ നൽകാറുണ്ട്.



