ആഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ ബാധയുടെ നിരക്ക് 80% വർധിച്ചതായി പഠനം. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ബി.എം.ജെ. ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
29 ഓളം വിവിധ കാൻസറുകളെ ആധാരമാക്കി 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം സംഘടിപ്പിച്ചത്. Shifting tides: the rising tide of earlyonset cancers demands attention എന്ന പേരിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. 1990 മുതൽ 2019 വരെയുള്ള കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം.
സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാൻസറിൽ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ഗുദത്തിലെയും പാൻക്രിയാസിലെയും കാൻസറുകളും ഈ പ്രായപരിധിയിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു.

നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക ഘടകങ്ങൾ പ്രധാന കാരണമാണ്. മാംസവും പഴങ്ങളും പച്ചക്കറികളും എല്ലാം ഇതിന് കാരണമായി വരുന്നുണ്ട്.
ജീവിതശൈലിയും ഇതിന് ഭാഗമാകാറുണ്ട്. വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം ഇവയുടെ ആക്കം കൂട്ടുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്നും പഠനത്തിൽ പറയുന്നു.
വടക്കേ അമേരിക്ക, ഓസ്ട്രേലിയ, പശ്ചിമ യൂറോപ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും. ഇടത്തരം വരുമാനവും ജീവിതവും നിലനിൽക്കുന്ന രാജ്യങ്ങളിൽ പകർച്ചയുടെ ബാധ താരതമ്യേന കുറവാണ്.