സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന പരാമർശവുമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അധികാര ലോബിയിങ്ങിനെതിരെ സുപ്രീംകോടതി. മുനിസിപ്പല്‍, ടൗണ്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാന്‍ഡ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനമുണ്ടായത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പോലും വനിതാ സംവരണം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നോർത്ത് ഈസ്റ്റിൽ. പലതവണ ഇതിനായി ശ്രമം നടത്തി എങ്കിലും കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കയായിരുന്നു. സ്ത്രീകൾ ഏറ്റവും അധികം സാമൂഹിക അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. എന്നാൽ ഇറക്കുമതി ചെയ്യപ്പെട്ട രാഷ്ട്രീയ അധികാരത്തിൽ സ്ത്രീകൾ പുറത്താക്കപ്പെട്ടു. അപൂർവ്വമായി അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളും ഉന്നതരും ആയ വനിതകൾക്ക് മാത്രമാണ് നോർത്ത് ഈസ്റ്റിൽ രാഷ്ട്രീയ അധികാരത്തിൽ എത്താനായത്. ഇതാണ് സുപ്രീം കോടതി പുതു രൂപത്തിൽ ചോദ്യം ചെയ്യുന്നത്.
ഭരണഘടനാ ലംഘനം എന്ന പ്രശ്നത്തെ കേന്ദ്രം എങ്ങിനെ കാണുന്നു

കേന്ദ്രസർക്കാരുകൾ കാലങ്ങളായി നോർത്ത് ഈസ്റ്റിൽ നേരിടുന്ന പ്രതിസന്ധിയെയും നിസ്സഹായതയേയും ചോദ്യം ചെയ്യകയാണ് സുപ്രീം കോടതി.
മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമ്പോള്‍ സ്വന്തം സര്‍ക്കാരുകള്‍ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് സുധന്‍ഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘കേന്ദ്ര സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നുവെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. ഒരു ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ എന്തുപങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് കൈ കഴുകി പോകാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. മറ്റു സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന അതേ പാര്‍ട്ടി (ബിജെപി) അധികാരത്തിലുള്ള സംസ്ഥാനങ്ങളിലോ, കേന്ദ്രം ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്. ഏതായിരുന്നാലും കൈ കഴുകാന്‍ നിങ്ങളെ അനുവദിക്കില്ല’ കോടതി പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ് കോടതിയില്‍ വ്യക്തമാക്കി.
ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം നാഗാലാന്‍ഡില്‍ ബാധകമാണോ എന്നും അല്ലെങ്കില്‍ എന്തെങ്കിലും ഇളവുണ്ടോ എന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
യഥാർത്ഥത്തിൽ നോർത്ത് ഈസ്റ്റിൽ ഇതുവരെയായുള്ള ഭരണ കൂടങ്ങൾ അനുഭവിച്ചു വന്ന പ്രതിസന്ധിയെ പുതിയ സാഹചര്യത്തിൽ ചോദ്യം ചെയ്യുകയാണ് കോടതി. മിക്ക സംസ്ഥാനങ്ങളിലും വനിതാ സംവരണം മരീചികയാണ്. പണവും പവറും നിശ്ചയിക്കുന്ന നോർത്ത് ഈസ്റ്റ് രാഷ്ട്രീയത്തിലേക്ക് സുപ്രീം കോടതി എങ്കിലും വൈകിയാണെങ്കിലും എത്തുകയാണ്.


