ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ സുപ്രീം കോടതി. പുതിയ നയം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ “മോഷ്ടിക്കുന്നതിന് സമാനമാണെന്ന്” കോടതി നിരീക്ഷിച്ചു. ഉപയോക്താക്കൾക്ക് സ്വകാര്യതാ നയം നിരസിക്കാൻ (opt-out) വ്യക്തമായ വഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മെറ്റ അനുവദിച്ചിരിക്കുന്ന ടേക് ഇറ്റ്, ഓര്‍ ലീവ് ഇറ്റ് എന്ന ഓപ്ഷൻ പ്രകാരം ഒന്നുകിൽ വാട്സാപ്പിൽ പ്രവേശിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം എന്ന തെരഞ്ഞെടുപ്പ് മാത്രമാണ് ഉപയോക്താവിന് നൽകുന്നത്. “ഈ നയം ഡാറ്റ മോഷണം സാധ്യമാക്കുന്നതായി തോന്നുന്നു” എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വാട്‌സ്ആപ്പും മെറ്റയും നൽകിയ അപ്പീലുകൾ പരിഗണിച്ചത്. 2021ലെ സ്വകാര്യതാ നയം സംബന്ധിച്ച് മത്സരം കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വാട്‌സ്ആപ്പിന് മേൽ ചുമത്തിയ ₹213.14 കോടി പിഴ ശരിവെച്ച നാഷണൽ കമ്പനി ലോ അപ്പീലേറ്റ് ട്രൈബ്യൂണൽ (NCLAT) ഉത്തരവിനെതിരെയാണ് അപ്പീൽ.
“ഇവിടെ opt-out എന്ന ചോദ്യമേ ഇല്ല. ഉപയോക്താവിന് തിരഞ്ഞെടുപ്പില്ല. ഇത് സ്വകാര്യ വിവരങ്ങളുടെ മാന്യമായ മോഷണ രീതിയാണ്. എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പായി നിങ്ങൾ മാറിയിരിക്കുന്നു. അത്തരത്തിൽ സ്വകാര്യതയുമായി കളിക്കാൻ നിങ്ങൾക്ക് അവകാശമില്ല,” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാട്‌സ്ആപ്പിനോട് പറഞ്ഞു.
ഇന്ത്യൻ ഉപയോക്താക്കളുടെ സ്വകാര്യതാവകാശം ലംഘിച്ച് വാട്‌സ്ആപ്പിന് രക്ഷപ്പെടാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
“ഡാറ്റാ ഷെയറിങ്ങിന്റെ പേരിൽ ഈ രാജ്യത്തിന്റെ സ്വകാര്യതാവകാശവുമായി നിങ്ങൾക്ക് കളിക്കാനാവില്ല. ഭരണഘടനാ മൂല്യങ്ങളെ നിങ്ങൾ പരിഹസിക്കുകയാണ്. ഉപയോക്താക്കൾക്ക് യാതൊരു തിരഞ്ഞെടുപ്പുമില്ല; നിങ്ങൾ ഏകാധിപത്യം സൃഷ്ടിച്ചിട്ടുണ്ട്,” എന്നും CJI പറഞ്ഞു.
സ്വകാര്യതാ നയം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഡാറ്റാ ഷെയറിങ് എങ്ങനെ നടക്കുന്നതെന്നും വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ വാട്‌സ്ആപ്പിനോട് കോടതി നിർദേശിച്ചു.
“ഗ്രാമീണ തമിഴ്നാട്ടിൽ ഇരിക്കുന്ന, സ്വന്തം ഭാഷ മാത്രമറിയുന്ന ഒരാൾക്ക് നിങ്ങളുടെ നിബന്ധനകൾ എങ്ങനെ മനസ്സിലാകും?” എന്നും കോടതി ചോദിച്ചു.
വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വ്യക്തമായ സമ്മതമില്ലാതെ ലക്ഷ്യമിട്ട പരസ്യങ്ങൾ (targeted advertising) ലഭിക്കുന്നതും കോടതി ചർച്ച ചെയ്തു.
“ഇവരുടെ മുഴുവൻ വരുമാനവും പരസ്യങ്ങളിൽ നിന്നാണ്. നമ്മളാണ് ഉൽപ്പന്നം. അതിനാലാണ് ഇത് സൗജന്യമായത്,” എന്ന് CCIയുടെ അഭിഭാഷകൻ സമർ ബൻസാൽ കോടതിയിൽ പറഞ്ഞു.
വാട്‌സ്ആപ്പിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൽ റോഹത്ഗി, വിഷയത്തിൽ വിശദീകരിക്കുന്ന ഒരു പേജുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി തേടി.
കേന്ദ്ര സർക്കാരിനെ കൂടി കേസിൽ കക്ഷിയാക്കി, ഇടക്കാല നിർദേശങ്ങൾ പരിഗണിക്കുന്നതിനായി ഫെബ്രുവരി 9-ലേക്ക് വാദം മാറ്റി കോടതി.
2021 ജനുവരിയിൽ വാട്‌സ്ആപ്പ് പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അവതരിപ്പിച്ചിരുന്നു. പുതിയ നയം അംഗീകരിച്ചാൽ മാത്രമേ ആപ്പ് ഉപയോഗിക്കാൻ കഴിയൂ എന്നായിരുന്നു നിലപാട്. 2016ലെ പഴയ നയത്തിൽ ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്നത് ഉപയോക്താക്കൾക്ക് നിരസിക്കാമായിരുന്നുവെങ്കിലും, 2021ലെ നയത്തിൽ അത് നിർബന്ധമാക്കി.
CCI നടത്തിയ അന്വേഷണത്തിൽ, വാട്‌സ്ആപ്പിന്റെ ഈ നടപടി മത്സര നിയമത്തിന്റെ ലംഘനവും ആധിപത്യ ദുരുപയോഗവും ആണെന്ന് കണ്ടെത്തുകയും, അഞ്ച് വർഷത്തേക്ക് മെറ്റയുമായി ഡാറ്റ പങ്കിടുന്നത് വിലക്കുകയും ചെയ്തിരുന്നു. NCLAT ഭാഗികമായി വാട്‌സ്ആപ്പിന് അനുകൂലമായി വിധിച്ചെങ്കിലും, പിഴ ശരിവെച്ചു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ വാട്‌സ്ആപ്പും മെറ്റയും അപ്പീൽ നൽകിയിരിക്കുന്നത്.


