ബിഹാര്‍ സർക്കാരിൻ്റെ ജാതി സെന്‍സസ് വിവരങ്ങൾ പുറത്തു വിടുന്നത് തടയണമെന്ന ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഒരു സംസ്ഥാന സര്‍ക്കാരിനെയോ ഏതെങ്കിലും സര്‍ക്കാരുകളെയോ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎന്‍ ഭാട്ടി എന്നിവര്‍ അടങ്ങുന്ന ബഞ്ച് വാക്കാലായിരുന്നു ഈ നിരീക്ഷണം നടത്തിയത്.
ഇതോടെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട രണ്ടാംഘട്ട സര്‍വെയുമായി മുന്നോട്ട് പോകാനും ബിഹാര്‍ സര്‍ക്കാരിന് സാധിക്കും. നേരത്തെ പട്ന ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു.
വാദം പ്രതിവാദം
ഈ ആഴ്ച ആദ്യമാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്. 21-ാം അനുച്ഛേദം പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിച്ച കെ.എസ്. പുട്ടസ്വാമിയുടെ വിധിക്ക് വിരുദ്ധമാണ് ജാതി വിവരങ്ങള്‍ തേടാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് അവകാശപ്പെട്ടു. ഇതിനെതിരെ, സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു കോടതിയുടെയും വിലക്കുണ്ടായിരുന്നില്ലെന്ന് ബിഹാര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.
മറ്റ് വാദങ്ങൾ ജനുവരിയിൽ കേൾക്കാം

വിഷയം ദീര്‍ഘമായി കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച്, ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് വാദം കേള്‍ക്കുന്നത് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി.
സെന്‍സസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനി കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത് കോടതി സ്വീകരിച്ചില്ല. പക്ഷേ, ഡാറ്റയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഗണിക്കും. പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ഇത് സ്വകാര്യതയുടെ പ്രശ്‌നമായി കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ജോലികളിൽ അനർഹമായ പ്രാതിനിധ്യം ആശങ്കയാവും
ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ 36 ശതമാനം പേര്‍ അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാര്‍, 19.7 ശതമാനം പേര്‍ പട്ടികജാതി, 1.7 ശതമാനം പേര്‍ പട്ടികവര്‍ഗക്കാരുമാണെന്ന് സര്‍വേയില്‍ പറയുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയാണ്. ബിസി വിഭാഗത്തില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സമുദായമായ യാദവ് സമുദായമാണ് ഏറ്റവും വലിയ ഉപസമുദായം. 14.27 ശതമാനമാണ് യാദവ് സമുദായം. കുര്‍മി സമുദായം 2.87 ശതമാനം, മുസാഹര്‍ സമുദായം മൂന്ന് ശതമാനം, ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം എന്നിങ്ങനെയാണ് കണക്ക്.